കെയ്റോ: ഈജിപ്തിലെ കെയ്റോയിലും മറ്റ് പ്രധാന നഗരങ്ങളിലും മുസ്ലീം ബ്രദര്‍ഹുഡ് ഭീകരരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 11 പേര് കൊല്ലപ്പെട്ടു. കെയ്റോയില്‍ നാലും അലക്സാഡ്രിയ, ഇസ്മാലിയ, ഫെയും എന്നിവിടങ്ങളില്‍ രണ്ട് പേര് വീതവും മിന്യയില് ഒരാളുമാണ് കൊല്ലപ്പെട്ടത്.
മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധ സമരങ്ങള്‍ അക്രമത്തില്‍ കലാശിക്കുകയായിരുന്നു. കൂടുതല്‍ പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ബ്രദര്‍ഹുഡ് നേതാക്കള്‍ ആരോപിച്ചു. കൊല്ലപ്പെട്ടവര്‍ പ്രക്ഷോഭകരോ പോലീസോ അതോ സമീപത്തുണ്ടായിരുന്നവരോ എന്ന കാര്യം ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടില്ല.
122 ഓളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയര്‍ന്നേക്കും. സമരക്കാര്‍ക്കു നേരെ പോലീസ് കണ്ണീര് വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു. പെട്രോള്‍ ബോംബുകളും കല്ലുകളുമായാണ് പ്രതിഷേധക്കാര്‍ ഇതിനെ പ്രതിരോധിച്ചത്. അക്രമത്തില്‍ സുരക്ഷാ സൈനികരടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നൂറിലേറെപ്പേരെ സൈന്യം അറസ്റ്റ് ചെയ്തു.
മതസംഘടനകളുമായി ബന്ധമുള്ള പാര്‍ട്ടികളെ നിരോധിക്കാനും സൈന്യത്തിന് കൂടുതല്‍ അധികാരം നല്‍കാനും ലക്ഷ്യമിട്ടുള്ള ഹിതപരിശോധന രാജ്യത്ത് നടക്കാനിരിക്കെയാണ് പ്രതിഷേധം വ്യാപിക്കുന്നത്. ഇതിനു മുന്നോടിയായാണ് കഴിഞ്ഞ മാസം മുസ്ലിം ബ്രദര്‍ഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചതെന്നാണ് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: