വാഷിങ്ടണ്‍: കനത്ത മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് അമേരിക്കയിലും കാനഡയിലും ജനജീവിതം ദുസഹമായി. പതിനൊന്ന് പേര് മരിച്ചു. അയ്യായിരത്തോളം വിമാനസര്‍വീസുകള്‍ റദ്ദാക്കി. ന്യൂയോര്‍ക്കിലും ന്യൂജഴ്സിയിലും ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് പല സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയിരിക്കുകയാണ്. റണ്‍വേയില്‍ നിന്ന് മഞ്ഞ് നീക്കംചെയ്യുന്നുണ്ടെങ്കിലും സര്‍വീസുകള്‍ പുനഃസ്ഥാപിച്ചിട്ടില്ല. 1,569 ഓളം അമേരിക്കന്‍ ഫ്ളൈറ്റുകള്‍ റദ്ദാക്കി. 2,924 എണ്ണം വൈകിയുമാണ് സര്‍വീസ് നടത്തുന്നത്.
കനത്ത മഞ്ഞുവീഴ്ച കാരണം റോഡ് ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. 35 സെന്റീമീറ്റര്‍ കനത്തില്‍ മഞ്ഞ് വീഴാന്‍ സാധ്യതയുള്ളതിനാല്‍ വടക്ക് കിഴക്കന്‍ അമേരിക്കയിലെ താമസക്കാരോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മഞ്ഞ് വീഴ്ച കനക്കുമെന്നും ജോലിക്കാര്‍ വാഹനങ്ങള്‍ വീടുകളില്‍ തന്നെ ഇടണമെന്നും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ മുന്നറിയിപ്പ് നല്കി. താപനില അപകടകരമാണെന്നും പുറംജോലികള്‍ കഴിവതും ഒഴിവാക്കണമെന്നും അത്യാവശ്യ ജോലികളിലല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നേരത്തെ വീടുകളിലേക്ക് പോകണമെന്നും മസാക്കിറ്റസ് ഗവര്‍ണര്‍ ദേവല്‍ പാട്രിക് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: