ന്യൂദല്‍ഹി: നിര്‍ഭയ നിധി വിനിയോഗിച്ചു രാജ്യത്ത് ആദ്യത്തെ സ്ത്രീസുരക്ഷാ പദ്ധതി 32 നഗരങ്ങളില്‍ നടപ്പാക്കും. ബസുകളില്‍ ജിപിഎസ് സംവിധാനവും ക്യാമറകളും ഏര്‍പ്പെടുത്തുന്നതിന് 1405 കോടി രൂപയുടെ പദ്ധതിക്കാണു കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്.
കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ പ്രത്യേക ട്രാക്കിങ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനാണു തീരുമാനമെന്നു ധനമന്ത്രി പി. ചിദംബരം വെളിപ്പെടുത്തി. ബസുകളില്‍ അടിയന്തര മുന്നറിയിപ്പു ബട്ടണുകള്‍ സ്ഥാപിക്കും. വിഡിയോ റെക്കോര്‍ഡിങ്ങിനും സംവിധാനമുണ്ടാകും. ബസുകള്‍ റൂട്ട്വിട്ടു സഞ്ചരിച്ചാല്‍ കണ്ട്രോള് റൂമില്‍ വിവരം ലഭിക്കും. ബസിനുള്ളിലെ ദൃശ്യങ്ങളും അവിടെ ലഭ്യമാകും. ആദ്യഘട്ടത്തില്‍ 32 നഗരങ്ങളിലും രണ്ടാം ഘട്ടത്തില്‍ 21 നഗരങ്ങളിലുമാണു സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുക.
2011 സെന്‍സസില്‍ പത്തു ലക്ഷത്തിലേറെ ജനസംഖ്യയുള്ള 53 നഗരങ്ങളിലായിരിക്കും രണ്ടു ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കുക. കേരളത്തിലെ നഗരങ്ങള്‍ ഇതില്‍ ഉള്‍പ്പെടില്ല. എന്നാല്‍ പദ്ധതി വ്യാപിക്കുന്നതോടെ കേരളവും ഇതിന്റെ ഭാഗമാകും. ഡല്‍ഹിയില്‍ ബസിനുള്ളില്‍ മാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ടസംഭവമാണു നിര്‍ഭയ നിധിക്കു പ്രേരണയായത്. എന്നാല്‍ നിധി ഇതുവരെ വിനിയോഗിക്കാത്തതു വിമര്‍ശനത്തിനു കാരണമായിരുന്നു. നിധിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനുള്ള മൂന്നു പദ്ധതി നിര്‍ദേശങ്ങളാണു താന്‍ അധ്യക്ഷനായ സമിതിയുടെ പരിഗണനയ്ക്കെത്തിയിരിക്കുന്നതെന്നു ചിദംബരം പറഞ്ഞു.
അവയില്‍ ആദ്യത്തേതാണ് അംഗീകരിച്ചത്. മൊബെയില്‍ ഫോണുകളില്‍ അടിയന്തര മുന്നറിയിപ്പു ബട്ടണുകള്‍ ഏര്പ്പെടുത്തുന്നതിനുള്ളതാണു പരിഗണനയിലുള്ള മറ്റൊരു പദ്ധതി. 1000 കോടി രൂപയാണു നിര്‍ഭയ നിധിയായി മാറ്റിവച്ചിരുന്നത്. എന്നാല്‍ മികച്ച പദ്ധതികള്‍ നടപ്പാക്കുന്നതിനു പണം തടസ്സമാവില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: