വാഷിംഗ്ടണ്‍: വടക്കു കിഴക്കന്‍ അമേരിക്കയില്‍ ശക്തമായ മഞ്ഞുവീഴ്ചയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥ മുന്നറിയിപ്പ്. എല്ലാവരും വീടിനുള്ളില്‍ കഴിയാനും നിര്‍ദേശം നല്കി. 14 ഇഞ്ച് കനത്തില്‍ മഞ്ഞു വീഴാന്‍ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
അതിനിടെ മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ജനജീവിതം ദുസഹമായ ന്യൂയോര്‍ക്കില്‍ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശൈത്യകാലം തുടങ്ങിയെങ്കിലും ശക്തമായ മഞ്ഞ് വീഴ്ചയും ശീതക്കാറ്റും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കാരണമായി ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യുമോ പറഞ്ഞത്.
ശക്തമായ മഞ്ഞുവീഴ്ചയെത്തുടര്‍ന്നു ഇല്ലിനോയിസില്‍ നിന്നു മിഷിഗണിലേക്കുള്ള 2000 വിമാനങ്ങള്‍ റദ്ദാക്കി. ന്യൂയോര്‍ക്ക്, ന്യൂ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയില്‍ ശീതക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതിനിടെ ക്യാനഡയില് താപനില മൈനസ് 26 ഡിഗ്രി സെല്‍ഷ്യസായി.
മൊണ്‍ട്രയല്‍, വിന്നിപെഗ് എന്നിവിടങ്ങളിലാണു താപനില ഇത്രയും താഴ്ന്നത്. അതേസമയം സെന്‍ട്രല്‍ ക്യൂബെക്കില്‍ താപനില മൈനസ് 46 ഡിഗ്രി സെല്‍ഷ്യസായി.
ന്യൂയോര്‍ക്കിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ദേശീയപാതകളില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥയായി. നിയന്ത്രണം വിട്ട ലോറി ബസില്‍ ഇടിച്ചു അമ്പതു പേര്‍ക്കു പരുക്കേറ്റു. പല സ്ഥലങ്ങളിലും ഗതാഗത തടസം ഉണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: