ലണ്ടന്‍: കൊലപാതകം നടത്തി പിടിക്കപ്പെട്ടവരായാലും ജീവപര്യന്തം ശിക്ഷയരുതെന്ന യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധി മറികടക്കാന്‍ നൂറുകണക്കിന് കൊല്ലം ശിക്ഷയെന്ന പുതിയ നിയമ ഭേദഗതിക്കൊരുങ്ങി ബ്രിട്ടന്. ജീവപര്യന്തം ശിക്ഷിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്ട്രാറ്റ്സ്ബര്‍ഗ് ആസ്ഥാനമായുള്ള കോടതി കഴിഞ്ഞ ജൂലൈയില്‍ വിധി പ്രസ്താവിച്ചത്. ഇതുമൂലം മാസങ്ങളായി ഇംഗ്ലണ്ടില്‍ ഒരാള്‍ക്ക് പോലും ജീവപര്യന്തം ശിക്ഷ വിധിച്ചിട്ടില്ല.
അത്യന്തം അപകടകരമായ വ്യക്തികള്‍ പോലും വിധിയുടെ ആനുകൂല്യത്തില്‍ ചെറിയ ശിക്ഷയുടെ ‘സുഖ’വുമായി രക്ഷപ്പെടുന്ന സാഹചര്യത്തിലാണ് ഒരിക്കലും ജയിലില്‍ നിന്ന് പുറത്തുവരുന്നില്ലെന്ന് ഉറപ്പുവരുത്തി പതിറ്റാണ്ടുകളോ നൂറുകണക്കിന് വര്‍ഷങ്ങളോ ശിക്ഷിക്കാവുന്ന ഭേദഗതി ഇംഗ്ലണ്ടില്‍ നടപ്പാക്കുന്നത്.
യു.എസില്‍ നിലവിലുള്ള ഈ ശിക്ഷാ രീതി പ്രയോഗത്തില്‍ വരുത്താനാവശ്യമായ ചട്ടങ്ങള്‍ ഇംഗ്ലീഷ് ശിക്ഷാ നിയമങ്ങളില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രിമാരെ ഉദ്ധരിച്ച് ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തു. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയുമായി മുംബും ഏറ്റുമുട്ടിയ ചരിത്രമുള്ള ബ്രിട്ടന് രാജ്യത്തെപരമോന്നത കോടതിയായി യൂറോപ്യന്‍ കോടതിക്കു പകരം ബ്രിട്ടീഷ് സുപ്രീംകോടതിയെ തീരുമാനിക്കുന്നതും പരിഗണനയിലാണ്. ഇതോടെ, യൂറോപ്യന്‍ കോടതി വിധികളെ സുപ്രീംകോടതിയില്‍ അസാധുവാക്കാനാകും. ഇംഗ്ലണ്ടിലും വേല്സിലുമായി 49 പേരാണ് നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. നൂറുകണക്കിന് വര്‍ഷം ശിക്ഷ നിയമമാക്കിയ യു.എസിലെ ഓഹിയോവില്‍ അടുത്തിടെ ഒരാള്‍ക്ക് 1000 വര്‍ഷം ശിക്ഷ വിധിച്ചിരുന്നു. മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട പ്രതി കോടതിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: