മലയാളം ശ്രേഷ്ഠഭാഷാ പദവി നേടിയ വര്‍ഷമാണ് കടന്നുപോകുന്നത്. സമ്പന്നമായ വായനക്കാലം സമ്മാനിച്ചാണ് ഒരു വര്‍ഷം അവസാനിക്കുന്നതും പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതും. 2013 ല്‍ മികച്ച എഴുത്തുകാരുടെയും പുതിയ എഴുത്തുകാരുടെയും നിരവധി പുസ്തകങ്ങള്‍ പുറത്തുവന്നു. 2012നെ അപേക്ഷിച്ച് എണ്ണത്തില്‍ കൂടുതല്‍ പുസ്തകങ്ങളാണ് 2013ല്‍ പ്രസിദ്ധീകരിച്ചത്.
പോയവര്‍ഷത്തെ മികച്ച നോവലായി തെരഞ്ഞെടുക്കാവുന്നത് യു.കെ.കുമാരന്റെ ‘തക്ഷന്‍കുന്ന് സ്വരൂപ’മാണ്. വിവിധ പ്രസാധകരില്‍ നിന്നായി നൂറുകണക്കിനു നോവലുകളും കഥകളും പുറത്തു വന്നെങ്കിലും ഗൗരവമായ വായനയും ചിന്തയും സമ്മാനിച്ച മികച്ച കൃതി യു.കീയുടെ നോവലാണ്.
അന്യമായിക്കൊണ്ടിരിക്കുന്ന ഒരുപാട് നാടന്‍ കാഴ്ചകളെയും ചിന്തകളെയും മനോഹരമായി അവതരിപ്പിക്കുന്നു ‘തക്ഷന്‍കുന്ന് സ്വരൂപ’ത്തില്‍. ഒട്ടും സങ്കീര്‍ണ്ണതയില്ലാതെ തെളിഞ്ഞ ഭാഷയില്‍ ഒരു നാടിന്റെ ജീവിതം നോവലിലൂടെ പറയുന്നു. ദുര്ഗ്രാഹ്യമല്ലാത്ത രചനാരീതി യു.കെ.കുമാരന്റെ എഴുത്തിന്റെ എക്കാലത്തെയും സവിശേഷതയാണ്. ഈ നോവലിലും അതുതന്നെ അദ്ദേഹം പിന്തുടരുന്നു. കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്തുള്ള പ്രദേശമായ ‘തച്ചന്‍കുന്ന്’ എന്ന സ്ഥലമാണ് തക്ഷന്കുന്നായി നോവലില്‍ അവതരിപ്പിക്കുന്നത്. ‘ഇനി ഒരിക്കലും തിരിച്ചുവരാത്ത ദൃശ്യഭംഗികളും നാദ വിസ്മയങ്ങളും മനുഷ്യബന്ധങ്ങളും നഷ്ടസ്മൃതിയായി മനസ്സില്‍ സൂക്ഷിക്കുന്ന ഒരു ദേശത്തിന്’ എഴുത്തുകാരന് സമര്‍പ്പിച്ചിരിക്കുന്ന ഈ നോവല്‍ യു.കീയുടെ മാസ്റ്റര്‍പീസ് എന്നു പറയാവുന്ന രചനയാണ്. പൊറ്റക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും ശേഷം പൂര്‍ണ്ണമായും കേരളീയ പരിസരത്തുനിന്നുകൊണ്ട് എഴുതപ്പെട്ട മലയാളത്തിലെ ഒരു നോവലായി യു.കെ.കുമാരന്റെ ‘തക്ഷന്‍കുന്ന് സ്വരൂപം’ നമ്മുടെ മുന്നിലെത്തിയിരിക്കുന്നു എന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടത് സത്യസന്ധമായ വിശകലനമാണ്.
ഒരു നോവലിസ്റ്റ് മുന്‍വിധികളൊന്നുമില്ലാതെ ചരിത്രത്തെ വീക്ഷിക്കുമ്പോഴാണ് നോവല്‍ സത്യസന്ധമായ ചരിത്രമാകുന്നത്. യു.കെ അങ്ങനെമാത്രമാണ് നോവലിനെ സമീപിച്ചിരിക്കുന്നത്. എഴുത്തുകാരന്റെ ധര്‍മബോധത്തിലൂടെയും സ്വതന്ത്രമായ മനസാക്ഷിയിലൂടെയുമാണ് ഒരു നോവല്‍ അതിന്റെ പൂര്‍ണതയിലെത്തുന്നത് എന്നതും അദ്ദേഹം ‘തക്ഷന്‍കുന്ന് സ്വരൂപ’ത്തിലൂടെ കാട്ടിത്തരുന്നു. കടന്നു പോകുന്ന വര്‍ഷത്തില്‍ വായനക്കാരനുമുന്നിലെത്തിയ ഈ കൃതി വരും കാലത്തിന്റെയും ചര്‍ച്ചകളിലും കീറിമുറിക്കലുകള്ക്കും വിധേയമാകുമെന്ന് ഉറപ്പിച്ചു പറയാം.
പോയവര്‍ഷത്തെ വായനയിലും വില്പനയിലും മുന്നില്‍ നില്ക്കുന്ന മറ്റൊരു കൃതിയാണ് മരുഭൂമിയുടെ വിഭ്രാമകമായ സൗന്ദര്യവും മരുലോകത്തിന്റെ സവിശേഷതകളും വരച്ചുവച്ച ബന്യാമിന്റെ അനുഭവ തീവ്രവായ നോവല്‍ ‘ആടുജീവിതം’. ആറ് പതിപ്പുകളിലായി ലക്ഷക്കണക്കിനു വായനക്കാരെ ആകര്‍ഷിച്ച ‘ആടുജീവിതം’ ഭാഷയിലെ ലാളിത്യവും അവതരണത്തിലെ പ്രത്യേകതകളാലുമാണ് വേറിട്ടു നില്‍ക്കുന്നത്. 2008 ആഗസ്റ്റില്‍ പ്രസിദ്ധീകരിച്ച ആടുജീവിതത്തിന് 2013ലും വായനക്കാരെ നേടാനായത് എടുത്തു പറയേണ്ടതാണ്. പിറന്ന നാട്ടില്‍ നിന്ന് മെച്ചപ്പെട്ട ജീവിതം തേടി ഗള്‍ഫിലെ മണലാരണ്യത്തിലെത്തുന്ന നജീബെന്ന സാധാരണക്കാരന്റെ കഥയാണ് ബന്യാമിന് പറയുന്നത്. നജീബിനെക്കുറിച്ച് ബന്യാമിന് എഴുതുന്നത് നോവലായിട്ടാണെങ്കിലും ഒരു ജീവിതത്തിന്റെ സത്യസന്ധമായ വിവരണമാണ് നടത്തുന്നത്. നാല്‍പ്പത്തിമൂന്ന് അദ്ധ്യായങ്ങളിലായി, 212 പേജുള്ള ഈ പുസ്തകത്തിന്റെ പിന്‍കുറിപ്പില്‍ നോവലിസ്റ്റ് നജീബിനെ കണ്ടുമുട്ടുന്നതും കഥ കേള്‍ക്കുന്നതും നോവല്‍ എഴുതാനുണ്ടായ കാരണവും വിവരിക്കുന്നു. എഴുത്തിന്റെ നിയോഗവും വഴിയും എന്ന അനുബന്ധത്തില്‍ സത്യമായും വിധി എന്നൊന്നുണ്ടോ, നിയോഗം മനുഷ്യന്റെ ജീവിതത്തെ അതെങ്ങോട്ടെങ്കിലും ആട്ടിപ്പായിച്ചുകൊണ്ടു പോകുന്നുണ്ടോ, എന്നീ ചോദ്യങ്ങളും ഉന്നയിക്കുന്നുണ്ട്.?ഈ ചോദ്യത്തിനുത്തരമാണ് ‘ആടുജീവിതം’ എന്ന നോവല്‍.
‘ആടുജീവിതം’ ചര്‍ച്ചയ്ക്കു സമര്‍പ്പിച്ച അതേവിഷയമാണ് നിസാമുദ്ദീന്‍ റാവുത്തര്‍ എന്ന പ്രവാസി എഴുത്തുകാരനും ‘അറേബ്യയിലെ അടിമ’ എന്ന നോവലില്‍ പ്രമേയമാക്കിയിരിക്കുന്നത്. മെച്ചപ്പെട്ട ജീവിതം തേടി മണലാരണ്യത്തിലെത്തപ്പെടുകയും അവിടെ ജീവിതം അത്ര മെച്ചമല്ലാതാകുകയും ചെയ്യുന്നു. രക്ഷപ്പെടാനാകാത്ത വലിയ കയമായി മണലാരണ്യം മാറുന്നു. അത്തരം ജീവിതങ്ങളുടെ കഥയാണ് ‘അറേബ്യയിലെ അടിമ’യും വായനക്കാരനു മുന്നില്‍ അവതരിപ്പിക്കുന്നത്. ആയിരത്തൊന്ന് രാവുകളുടെ കഥ പറഞ്ഞ മരുഭൂമിയില്‍ തന്നെയാണ് സഹനജീവിതത്തിന്റെ അതിതീഷ്ണമായ പുതിയ കഥകളും ഊര്‍ന്നു വീഴുന്നത് എന്നതാണ് നോവലിസ്റ്റ് ഉന്നയിക്കുന്ന സങ്കടം. കടന്നു പോകുന്ന വര്‍ഷം മെച്ചപ്പെട്ട വായനാനുഭവം സമ്മാനിച്ച പുതിയ എഴുത്തുകാരനാണ് നിസാമുദ്ദീന്‍ റാവുത്തര്‍.
സേതുവിന്റെ നോവല്‍ ‘ആലിയ’ പോയവര്‍ഷം മികച്ച വായനക്ക് വിധേയമായ കൃതിയാണ്. നൂറ്റാണ്ടുകളായി കേരളസംസ്കാരത്തിന്റെ ഭാഗമായ, കൊച്ചിയിലെ ജൂതജനതയുടെ ജീവിതമാണ് നോവലിന്റെ ഇതിവൃത്തം. ജൂതരുടെ കേരള മണ്ണിലെ സംസ്കാരവും ജീവിതവും സേതു തന്റെ രചനാശൈലിയിലൂടെ അവതരിപ്പിക്കുമ്പോള്‍ വയനക്കാരന് ജൂതസംസ്കാരത്തെ തിരിച്ചറിയുന്നു. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും അടരുകളില്‍ ജൂതജനത ചെലുത്തിയ സ്വാധീനം അടയാളപ്പെടുത്തുന്നുണ്ട് ‘ആലിയ’. ഒരു സമൂഹം അതിന്റെ മുദ്രകള്‍ ബാക്കിയാക്കി അപ്രത്യക്ഷമായതിന്റെ കഥയാണിതില്‍ പറയുന്നത്.
മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം എത്രത്തോളം തീഷ്ണമാണെന്ന് കാട്ടിത്തരുകയാണ് റഷീദ് പാറയ്ക്കലിന്റെ നോവല്‍ ‘മുറ്റത്തെമൂവാണ്ടന്’. പ്രകൃതിയും മനുഷ്യനും ചേര്‍ന്ന് സുഗമമായി ഒഴുകുന്ന പുഴപോലെ വായനക്കാരനിലേക്ക് പ്രവഹിക്കുകയാണ് റഷീദിന്റെ സാഹിത്യം. ഒരു ‘തക്കാളിക്കച്ചവടക്കാരന്റെ സ്വപ്നങ്ങള്‍’ എന്ന നല്ല കൃതി വായനക്കാരനു നല്കിയ റഷീദ് ‘മുറ്റത്തെമൂവാണ്ടനി’ലൂടെ കടന്നു പോകുന്ന വര്‍ഷത്തിലും വായനയുടെ സുഖം അനുഭവിപ്പിക്കുന്നു.
എസ്.രമേശന്‍നായരുടെ ‘ഗുരുപൗര്‍ണമി’യും പ്രഭാവര്‍മ്മയുടെ ‘ശ്യാമമാധവ’വും കടന്നുപോകുന്ന വര്‍ഷം കാവ്യാസ്വാദകര്‍ക്ക് മികച്ച വായന സമ്മാനിച്ച കാവ്യകൃതികളാണ്. ‘ഗുരു പൗര്‍ണമി’ എന്ന കാവ്യത്തിലൂടെ എസ്.രമേശന് നായര്‍, ശ്രീനാരായണ ഗൂരുദേവന്റെ മഹത്വം മുഴുവന്‍ അറിയുകയും അറിയിക്കുകയും ചെയ്യുന്നു. ഒരു കവി ഋഷിയെ അറിഞ്ഞതിന്റെ ചൈതന്യ ധന്യമായ അക്ഷരസാക്ഷ്യമാണ് ഗുരുപൗര്‍ണമി എന്ന നിരൂപക പക്ഷം അത്രയും ശരിയാണ്. ഗുരുവിന്റെ ആത്മചൈതന്യം ആവാഹിച്ച് വര്‍ത്തമാനകാലത്തിനും വരുംതലമുറയ്ക്കുമായി സമ്മാനിച്ചിരിക്കുകയാണ് എസ്.രമേശന്‍നായര്‍. പ്രഭാവര്‍മ്മയുടെ ശ്യാമമാധവം വിവാദങ്ങളില്‍ ഇടംപിടിച്ച കാവ്യമാണ്.
ടി.പദ്മനാഭന്റെ ‘യാത്രാമധ്യേ’ എന്ന കൃതി വായനക്കാര്‍ ഇഷ്ടപ്പെട്ട പുസ്തകമാണ്. ചെറുകഥകള്‍ മാത്രമെഴുതുന്ന പദ്മനാഭന്റെ യാത്രക്കുറിപ്പുകളുടെ സമാഹാരമാണിത്. ഓരോ യാത്രയും ഓരോ ചെറുകഥകള്‍ പോലെ വായനക്കാരനെ അനുഭവിപ്പിക്കുന്നു എന്നതാണ് പ്രത്യേകത. ഷാനവാസ് പോങ്ങനാടിന്റെ ‘മഷിചെരിഞ്ഞ ആകാശം’ എന്ന കൃതി ഓര്‍മ്മക്കുറിപ്പുകളും ആത്മകഥാംശമുള്ള അനുഭവങ്ങളും എല്ലാം ചേര്‍ന്ന് ലളിതവും സമൃദ്ധവുമായ വായനയ്ക്കു സമ്മാനിക്കപ്പെട്ടതാണ്. ഗ്രാമീണവിശുദ്ധിയും സംസ്കാരവും പ്രതിഫലിപ്പിക്കുന്ന കൃതി, വരും തലമുറയ്ക്ക് ഗ്രാമത്തിന്റെ ഭംഗിയും ഗ്രാമീണമായ ശേഷിപ്പുകളും എനസ്സിലാക്കാന് ഉതകുമെന്ന് തീര്‍ച്ച.
പ്രശസ്ത ക്യാന്‍സര്‍ രോഗചികിത്സകന്‍ ഡോ. എം.കൃഷ്ണന്‍നായരുടെ ‘ഞാനും ആര്‍സിസിയും’ മാധ്യമപ്രവര്ത്തകന് ടിജെഎസ് ജോര്‍ജ്ജിന്റെ കുറിപ്പുകള്‍ ‘ഒറ്റയാന്’, അനശ്വര സംഗീത സംവിധായകന് ബാബുരാജിന്റെ പത്നി ബിച്ചാ ബാബുരാജിന്റെ ‘ബാബുക്ക’, ഇന്നസെന്റിന്റെ നര്‍മ്മത്തില്‍ ചാലിച്ച ഓര്‍മ്മകളുടെ സമാഹാരം ‘ഇന്നസെന്റിന്റെ ഓര്‍മ്മകളും ആലീസിന്റെ പാചകവും’, ജറീനയുടെ ‘ഒരു മലയാളി ഹിജഡയുടെ ആത്മകഥ’ തുടങ്ങിയ പുസ്തകങ്ങള്‍ കടന്നു പോകുന്ന വര്‍ഷത്തില്‍ മികച്ച വായന സമ്മാനിച്ച കൃതികളാണ്. തിരക്കഥകളുടെ വര്‍ഷം കൂടിയായിരുന്നു 2013 എന്നു പറയാം. മികച്ച സിനിമകളുടെയെല്ലാം തിരക്കഥകള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുകയും അവയ്ക്കെല്ലാം നല്ല വില്പനയുണ്ടാകുകയും ചെയ്തു.
മലയാളിയ്ക്ക് വായനാശീലം കുറയുന്നു എന്ന ആശങ്ക ഉയരുന്ന കാലമാണിത്. എന്നാല്‍ മലയാളത്തിലുള്ള പുസ്തകപ്രസാധകരെല്ലാം നല്ല നിലയില്‍ പ്രവര്‍ത്തിക്കുകയും ഓരോ മാസവും നൂറുകണക്കിന് പുതിയ പുസ്തകങ്ങള്‍ വിപണിയിലെത്തുകയും ചെയ്യുന്നു. പുസ്തകങ്ങള്‍ക്കെല്ലാം നല്ല വില്പനയുമുണ്ട്. നല്ല പുസ്തകങ്ങളുടെ നിരവധി പതിപ്പുകള്‍ ഒരു വര്‍ഷം തന്നെ പുറത്തുവരുന്നു. മലയാളി വായനയില്‍ നിന്നകലുകയല്ല, വായനയിലേക്ക് കൂടുതല്‍ അടുക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുകയാണിത്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: