കാസര്‍കോട്: നട്ടുച്ചനേരത്തെ പൊള്ളുന്ന വെയിലില്‍ ചുട്ടുപഴുത്ത ഇരുമ്പിനെ അടിച്ചുപരത്തുകയായിരുന്നു ബെച്ചു. ഇരുമ്പുകൂടം പിടിച്ചിരിക്കുന്ന കൈകള്‍ക്ക് ഏറിയാല്‍ എട്ടോ പത്തോ വയസുകാണും. ഉച്ചവെയിലിനെ തോല്‍പ്പിക്കുന്ന ഉലയിലെ കനലില്‍ ഇരുമ്പ് പഴുപ്പിക്കുകയായിരുന്നു അവന്റെ അമ്മ. നിരത്തിവച്ചിരിക്കുന്ന കത്തിയും കോടാലിയും മഴുവും വിലപേശി വില്‍പ്പന നടത്തുന്ന അച്ഛന്. മുഖത്തടിക്കുന്ന ചൂടിനെ കൈകൊണ്ട് മറച്ച് കൂട്ടംകൂടി നിന്ന് അദ്ധ്വാനം നോക്കിക്കാണുന്ന മലയാളികളും. പരമ്പരാഗത തൊഴിലിടങ്ങളിലേക്കുള്ള അന്യസംസ്ഥാനക്കാരുടെ കുടിയേറ്റത്തിന്റെ തത്സമയ ദൃശ്യമാണ് മുകളിലത്തേത്. നിര്‍മ്മാണ മേഖലയ്ക്ക് പുറമെ, അദ്ധ്വാനിക്കാന്‍ മറക്കുന്ന മലയാളിയുടെ കുലത്തൊഴിലും സ്വന്തമാക്കുകയാണ് അന്യസംസ്ഥാനക്കാര്‍.
കാര്‍ഷിക – വീട്ടാവശ്യങ്ങള്‍ക്കുള്ള ഇരുമ്പുപകരണങ്ങള്‍ നിര്‍മ്മിച്ചു നല്കുന്ന ഉത്തരേന്ത്യന്‍ സംഘം ഒരാഴ്ചയിലധികമായി കാസര്കോട്ടെത്തിയിട്ട്. ആറോളം സംഘങ്ങളിലായി എഴുപതിലധികം പേരാണുള്ളത്. സ്ത്രീകളും കുട്ടികളുമടക്കം കുടുംബ സമേതമാണ് ഇവരുടെ വരവ്. റോഡരികില്‍ താത്ക്കാലിക ‘ആല’കള്‍ നിര്‍മ്മിച്ചാണ് പ്രവര്‍ത്തനം. ഇരുമ്പും കരിയും ഇവരുടെ കൈവശമുണ്ടാകും. കനലില്‍ കാച്ചിയെടുക്കുന്ന ഇരുമ്പ് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഉപകരണങ്ങളായി മാറും. ശാരീരികാദ്ധ്വാനം ഏറെവേണ്ട ജോലിക്ക് പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും പങ്കുചേരുന്നു. തത്സമയ നിര്‍മ്മാണവും വില്‍പ്പനയും. ഇതിന് ആവശ്യക്കാരും ഏറെയാണ്. നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ മെച്ചമെന്നാണ് വാങ്ങുന്നവരുടെ അഭിപ്രായം. വില കിലോയ്ക്ക് 200 രൂപ വരും. ഉപകരണങ്ങള്‍ക്ക് നൂറ് മുതല്‍ 150 രൂപവരെ ലാഭമെന്ന് ആവശ്യക്കാരുടെ ന്യായം. ഒരു സ്ഥലത്ത് മൂന്നോ നാലോ ദിവസമെന്നതാണ് ഇവരുടെ ശീലം. പിന്നീട് പുതിയ സ്ഥലങ്ങളും ആവശ്യക്കാരെയും തേടിയുള്ള സഞ്ചാരം.
എന്തുകൊണ്ടാണ് നാടുവിട്ട് കേരളത്തിലെത്തിയതെന്ന ചോദ്യത്തിന് ജീവിക്കാനെന്നായിരുന്നു സംഘത്തിലെ മുതിര്‍ന്നയാളായ ബാബുലാലിന്റെ മറുപടി. നാട്ടില്‍ പണി കുറഞ്ഞു. കേരളത്തില്‍ നിന്നും നല്ല വരുമാനം ലഭിക്കുന്നുവെന്നും ബാബുലാല്‍ പറഞ്ഞു.
കേരളത്തില്‍ വിശ്വകര്‍മ്മ വിഭാഗത്തില്‍പ്പെട്ട കൊല്ലന്മാരുടെ കുലത്തൊഴിലാണിത്. പൊതുവെ പ്രതിസന്ധിയിലായ കൊല്ലപ്പണിക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്നതാണ് അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ കടന്നുവരവെന്ന് വിശ്വകര്‍മ്മ സര്‍വ്വീസ് സൊസൈറ്റി ജില്ലാ പ്രസിഡണ്ട് ഗംഗാധരന് ചുള്ളിക്കര പറഞ്ഞു. ഇതിനെതിരെ നിരവധി പരാതികള്‍ സംഘടനയ്ക്ക് ലഭിച്ചിട്ടുണ്ട്. കാര്‍ഷിക മേഖല തകര്‍ന്നടിഞ്ഞതോടെ കൊല്ലന്മാര്‍ക്ക് പണിയില്ലാതായി. കരിയായി ഉപയോഗിക്കുന്ന ചിരട്ടയ്ക്ക് വിലവര്‍ദ്ധിച്ചു. ഇതിനു പുറമെ ഇപ്പോള്‍ കടകളില്‍ നിന്നും റെഡിമെയ്ഡ് ഉപകരണങ്ങള്‍ ലഭിക്കുന്നു. വരുമാനമില്ലെന്നതാണ് പുതിയതലമുറ തൊഴില്‍ ഉപേക്ഷിക്കുന്നതിന് കാരണം. ജില്ലയില്‍ മാത്രം പതിനായിരത്തിലേറെ കൊല്ലപ്പണിക്കാരുണ്ടെന്നും ഇവരുടെ ജീവിതം പ്രതിസന്ധിയിലാക്കിയാല്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: