കൊല്ലം: മാധവ ഗാഡ്ഗിലിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 1700 അനധികൃത ക്വാറികളും അടിയന്തിരമായി അടച്ചുപൂട്ടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്. ഇവയുള്‍പ്പെടെ 2700 ക്വാറികളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പശ്ചിമഘട്ട സംരക്ഷണത്തിനായി പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച മാധവ ഗാഡ്ഗില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അനധികൃത ക്വാറികളേയും അതുനിയന്ത്രിക്കുന്ന മാഫിയകളേയും സംരക്ഷിക്കുന്ന നിലപാടുകളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ഖാനനമാഫിയകളെ സംരക്ഷിക്കാനുള്ള ആയുധമായി സമരം പോലും മാറിയതായും അദ്ദേഹം കൊല്ലത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിന് ഭാവി തലമുറയെ മുന്നില്‍ കണ്ടെങ്കിലും ക്വാറികളെ സഹായിക്കാതിരിക്കാനും സമരങ്ങളില്‍ നിന്നും പിന്തിരിയാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം. അനധികൃത ക്വാറികള്‍ക്ക് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടും അഴിമതിയും ഉണ്ട്. ഇവയെപ്പറ്റി സമഗ്രമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും വി. മുരളീധരന് ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റ് സമരം ഒതുക്കിത്തീര്‍ത്തതിന്റെ ജാള്യത മറയ്ക്കാന്‍ ക്ലിഫ് ഹൗസ് സമരം തട്ടിക്കൂട്ടുകയും 140 ദിവസത്തെ സമരം 20 ദിവസം കൊണ്ട് അവസാനിപ്പിക്കുകയും ചെയ്ത ഇടതുമുന്നണി സംസ്ഥാനത്തെ ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം പറഞ്ഞു. ജനവികാരത്തെ മാനിക്കാത്ത പ്രസ്ഥാനമായി ഇടതുമുന്നണി മാറിയിരിക്കുന്നു. തട്ടിപ്പുസമരങ്ങളാണ് സിപിഎമ്മും കൂട്ടരും കേരളത്തില്‍ കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടാണ് സോളാര്‍ പ്രക്ഷോഭം കോണ്‍ഗ്രസുമായി ധാരണയില്‍ എത്തി ഒത്തുതീര്‍പ്പാക്കിയത്.
ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ അനുമതികളും റദ്ദ് ചെയ്യണമെന്നാണ് ബിജെപി നിലപാട്. അനുവാദം കൊടുത്തത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് തൊടുന്യായം പറഞ്ഞാണ് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ഇതിനെ ശക്തമായി ചെറുത്തുതോല്പിക്കാന് പ്രക്ഷോഭ രംഗത്ത് ബിജെപി സജീവമായിരിക്കുമെന്നും മുരളീധരന് പറഞ്ഞു.
രാജ്യമൊട്ടാകെ ബിജെപിക്ക് അനുകൂലമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരളത്തില്‍ രണ്ടു മുന്നണികളെയും മടുത്ത ജനങ്ങള്‍ ബിജെപിക്ക് വോട്ടു ചെയ്യണമെന്നാണ് അഭ്യര്‍ത്ഥന. ഇതിനായി ജനുവരി 25, 26 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ ഭവനങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ഫെബ്രുവരി 2ന് നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി തിരുവനന്തപുരത്ത് സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി ജനുവരിയില്‍ നാലിടങ്ങളില്‍ നിന്നും മേഖലാ ജാഥകള്‍ നടത്തും. കേരളത്തിലെ 20 മണ്ഡലങ്ങളിലും ബിജെപിക്ക് നല്ല സാധ്യതയുണ്ട്. മതഭീകരവാദത്തിനെതിരായ നിലപാട് കേരള സമൂഹത്തില്‍ ശക്തിപ്പെട്ടിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി പ്രതിഫലിക്കും. സംസ്ഥാനത്ത് ഭരണം നിയന്ത്രിക്കുന്നത് മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ മത തീവ്രവാദ ഭീകരവാദ ശക്തികളാണ്. കോണ്‍ഗ്രസ് ഇരിക്കുന്നു ഞങ്ങള്‍ ഭരിക്കുന്നുവെന്നാണ് ലീഗ് നേതൃത്വം തന്നെ അവകാശപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് എം. സുനിലും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: