പെരുമ്പാവൂര്‍: ഇരിങ്ങോള്‍ കാവിനോട് ചേര്‍ന്നുള്ള വനവും പരിസരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കിക്കൊണ്ട് പെരുമ്പാവൂര്‍ തത്വമസി ചാരിറ്റബിള്‍ സൊസൈറ്റി അതിന്റെ ജനോപകാര പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഏക്കറ് കണക്കിന് വരുന്ന വനപ്രദേശത്ത് സന്ദര്‍ശകരായി വരുന്നവര്‍ മുഖേനയും മറ്റ് രീതിയിലും കുമിഞ്ഞ് കൂടിയ പ്ലാസ്റ്റിക് കൂടുകള്‍, കുപ്പികള്‍, ഉപയോഗ ശൂന്യമായ ടൂബ്ലൈറ്റുകള് തുടങ്ങിയവ ശേഖരിച്ച് ഇവിടെ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
ചാക്കുകണക്കിന് മാലിന്യങ്ങളാണ് തത്വമസി പ്രവര്‍ത്തകര്‍ ഇവിടെ നിന്ന് ശേഖരിച്ചത്. മാലിന്യമെല്ലാം പ്ലാസ്റ്റിക് സംസ്ക്കരണശാലകളിലേയ്ക്ക് മാറ്റിയതായും ഭാരവാഹികള്‍ പറഞ്ഞു. ഞായറാഴ്ച രാവിലെ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പ്രമുഖ പരിസ്ഥിതി പ്രവത്തകന് വേണു വാര്യര്‍ ഉദ്ഘാടനം ചെയ്തു. തത്വമസി പ്രസിഡന്റ് എന്‍.പി. ബാബു അദ്ധ്യക്ഷത വഹിച്ചു.
ക്ഷേത്ര സമിതി ഭാരവാഹി സദാനന്ദന്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഓമന സുബ്രമഹ്മണ്യന്, ഷീല സതീശന്, തത്വമസി ഭാരവാഹികളായ അഡ്വ. സതീഷ് എം. കുമാര്‍, എം.ബി. സുരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു. അമ്മമാരും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപേര്‍ പങ്കെടുത്ത ഇരിങ്ങോള്‍ വനപ്രദേശത്തെ ശുചീകരണ പ്രവര്‍ത്തികള്‍ക്ക് ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് വിക്രമന്, വിനോദ്, ശ്രീനി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: