ഡര്ബന്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ പ്രതിരോധത്തില്‍. ആതിഥേയരുടെ 166 റണ്‍സിന്റെ ഒന്നാം ഇന്നിങ്ങ്സ് ലീഡ് മറികടക്കാന്‍ ഇറങ്ങിയ ടീം ഇന്ത്യ നാലാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ 68/2 എന്ന നിലയില്‍. ചേതേശ്വര്‍ പൂജാര (32) വിരാട് കോഹ്ലി (11) എന്നിവര്‍ ക്രീസില്‍. ഓപ്പണര്‍മാരായ മുരളി വിജയ്യുടെയും (2) ശിഖര്‍ ധവാന്റെയും (19) വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വെര്‍ണന്‍ ഫിലാന്‍ഡറും റോബിന് പീറ്റേഴ്സനും വിക്കറ്റുകള്‍ പങ്കിട്ടു. ഇപ്പോഴും ധോണിപ്പട 98 റണ്‍സുകള്‍ക്ക് പിന്നിലാണ്. നേരത്തെ ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്ങ്സില്‍ 500 എന്ന മാന്ത്രിക സംഖ്യ കുറിച്ചു. വിരമിക്കല്‍ പ്രഖ്യാപിച്ച ജാക്വസ് കാലിസിന്റെ (115) സെഞ്ച്വറി അതിലെ സവിശേഷത. റോബിന് പീറ്റേഴ്സന് (52 പന്തില്‍ 61), ഡെയ്ല്‍ സ്റ്റെയ്ന് (44), ഫാഫ് ഡുപ്ലെസിസ് (43) തുടങ്ങിയവരുടെ ബാറ്റിങ്ങും ദക്ഷിണാഫ്രിക്കയെ തുണച്ചു. ഇന്ത്യന്‍ ബൗളര്‍മാരില്‍ രവീന്ദ്ര ജഡേജ ആറു വിക്കറ്റുകള്‍ വീഴ്ത്തി. സ്കോര്‍: ഇന്ത്യ- 334, 68/2. ദക്ഷിണാഫ്രിക്ക-500.
കാലിസ് തന്നെയായിരുന്നു ഇന്നലെ ഡര്‍ബനിലെ സ്പെഷ്യല്‍ മാന്‍. ഗ്യാലറി മുഴുവന്‍ ആ പ്രതിഭയെ ഉറ്റുനോക്കി. ആരാധകരെ നിരാശപ്പെടുത്താതെ കാലിസ് സെഞ്ച്വറി തികയ്ക്കുകയും ചെയ്തു, 13 ബൗണ്ടറികളുടെ അകമ്പടിയോടെ. കാലിസിന്റെ കരിയറിലെ 45-ാം ടെസ്റ്റ് ശതകമായിരുന്നത്;ഇന്ത്യയ്ക്കെതിരായ ഏഴാമത്തെയും. വിരമിക്കല്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമെന്ന ഖ്യാതിയും കാലിസിനു വന്നു ചേര്‍ന്നു. ബാരി റിച്ചാര്‍ഡ്സ്, പീറ്റര്‍ വാന്‍ഡര്‍ ബിജി, ബ്രയിന്‍ ലി ഇര്വിന് എന്നിവരാണ് ഇക്കാര്യത്തില്‍ കാലിസിന്റെ മുന്‍ഗാമികള്‍.
എന്നാല്‍ അവയിലും വലിയൊരു നേട്ടവും കാലിസ് അവസാന ടെസ്റ്റില്‍ കൈപ്പിടിയിലാക്കി. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാന് എന്ന റെക്കോര്‍ഡ്. 166 മത്സരങ്ങളില്‍ നിന്നായി 13,289 റണ്‍സുകള്‍ വാരിയ കാലിസ് ഇന്ത്യന്‍ പ്രതിഭ രാഹുല്‍ ദ്രാവിഡിനെ(13,288) പിന്തള്ളി. ഒടുവില്‍ കാലിസിനെ ജഡേജ ധോണിയുടെ ഗ്ലൗസില്‍ എത്തിച്ചു. ഏവരും കരഘോഷത്തോടെ പ്രിയതാരത്തിനു വിട നല്കി.
പിന്നെ പീറ്റേഴ്സന്റെ നേതൃത്വത്തില്‍ ദക്ഷിണാഫ്രിക്ക കടന്നാക്രമണം തുടരുന്നതാണ് കണ്ടത്. ഇന്ത്യന്‍ ബൗളര്‍മാരുടെ നിലതെറ്റിയ രണ്ടാം സെഷനില്‍ 7.20 എന്ന നിരക്കില്‍ 102 റണ്‍സ് പിറന്നു. പീറ്റേഴ്സന് ഒമ്പതു ഫോറുകളും ഒരു സിക്സറും പറത്തി. ഡുപ്ലെസിസും തന്ത്രപരമായി ബാറ്റ് വീശിയപ്പോള്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്കോറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: