ആര് ആരെ രക്ഷിക്കാന്‍ തുനിഞ്ഞാലും ഒരു വില്ലന്‍ അണിയറയില്‍ ഒരുങ്ങി നില്ക്കും. വില്ലന്‍ കാത്ത്നില്‍പ് പഥ്യം. നായകന് രക്ഷിക്കല്‍ പഥ്യം. ഈ വ്യത്യാസങ്ങള്‍ക്കിടക്ക് ആര് വീണുപിടഞ്ഞാലും അതൊരു വാര്‍ത്തയില്‍ കൂടുതല്‍ ഒന്നുമാവുന്നില്ല. അപ്പോഴും പക്ഷേ, ചോദ്യങ്ങള്‍ എമ്പാടുനിന്നും ഉയരും. ആര് രക്ഷിക്കും, ആര് രക്ഷിക്കും? രക്ഷകരെ കാത്ത് ഇരിക്കുന്നവരെന്തേ രക്ഷകന്റെ ജീവന് എത്ര വിലയുണ്ടെന്ന് മനസ്സിലാക്കുന്നില്ല. ഇപ്പോള്‍ നമുക്കു മുമ്പില്‍ ഭീമാകാരംപൂണ്ട് നില്‍ക്കുന്നത് ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളാണ്. ഈ ഭൂമി, ഈ പ്രകൃതി, അതുമായി ബന്ധപ്പെട്ട എല്ലാമെല്ലാം മനുഷ്യന് യഥേഷ്ടം വിറ്റഴിക്കാനും വഴിതിരിച്ചുവിടാനും ഉള്ളതാണെന്ന് കരുതുന്ന പരശ്ശതം പേരുടെ കൈക്കരുത്തും മെയ്ക്കരുത്തുമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അതിന് മാറ്റം ഉണ്ടാവുമോ?
ഈ പശ്ചാത്തലത്തിലാണ് മലയാളം വാരിക (ഡിസം.27) ചോദിക്കുന്നത്, പശ്ചിമഘട്ടത്തെ ആരുസംരക്ഷിക്കും? എന്ന്. ഒളിവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ചോദ്യമാണത്. ജനങ്ങളെ കാത്തുരക്ഷിക്കാന്‍ കരുതലോടെ നില്ക്കുന്ന പശ്ചിമഘട്ടത്തെ തുണ്ടംതുണ്ടമാക്കാന്‍ കാത്തുനില്ക്കുന്നവരുടെ മനസ്സില്‍ ഇടിത്തീയായി ചിതറി വീഴുകയാണ് ഈ ചോദ്യം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം മനുഷ്യന്റെ സംരക്ഷണമായി കണ്ട്, അതിന് വേണ്ടി നിലകൊള്ളുകയും പ്രതിഷേധമുണര്‍ത്തുകയും ചെയ്ത ഒരു ചെറുപ്പക്കാരന് കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ രക്തസാക്ഷിയായി. ക്വാറി മാഫിയയും സിപിഎമ്മും കൈകോര്‍ത്ത് അനൂപ് എന്ന തെയ്യം കലാകാരനെ എറിഞ്ഞു കൊല്ലുകയായിരുന്നു. പ്രകൃതിയുടെ കനിവിന് കൈത്താങ്ങായി നിന്ന ഈ ചെറുപ്പക്കാരന് കോര്‍പ്പറേറ്റ് തമ്പുരാക്കന്മാരുടെ വിടുപണി സ്വയം ഏറ്റെടുത്ത സിപിഎമ്മിന് എങ്ങനെ ശത്രുവായി? ഈ ചോദ്യത്തിന് ഉത്തരം തരാന്‍ ഏകെജി സെന്ററിലെ ഗവേഷണ പടുക്കള്‍ക്കോ അവരുടെ പോറ്റുപടയ്ക്കോ കഴിയില്ല. കാരണം അവിശുദ്ധബന്ധത്തിന്റെ വൈറസുകള്‍ സജീവമായി വിഹരിക്കുന്ന നേതൃത്വത്തിന്റെ കണ്ണില്‍ അനൂപ് ശത്രുവാണ്.
ആ നേതൃത്വത്തിന്റെ കന്നംതിരിവുകള്‍ക്കെതിരെയാണ് രൂപേഷിന്റെ ചോദ്യം: പശ്ചിമഘട്ടത്തെ ആര് സംരക്ഷിക്കും? നോക്കുക: ഒരു ഉത്തരവാദിത്വമുള്ള പ്രസ്ഥാനമെന്ന നിലയില്‍ ജനങ്ങളെ രാഷ്ട്രീയവത്കരിക്കേണ്ടതിനുപകരം വോട്ടുബാങ്കിനു വേണ്ടി ജനപ്രിയതയുടെ പിറകില്‍ പോകുന്നതിന്റെ പ്രശ്നത്തെ എങ്ങനെ കാണണം? എങ്ങനെ കണ്ടാലും വോട്ടും നോട്ടുമാണ് പാര്‍ട്ടിയുടെ നട്ടെല്ലെന്ന് കരുതുന്ന നേതൃത്വത്തിന് പ്രശ്നമില്ല. പണ്ടത്തെ പാലോറ മാതയുടെ ആടില്‍ നിന്ന് പോബ്സണ്‍ഗ്രൂപ്പിന്റെ പഞ്ചനക്ഷത്ര നിലവാരത്തിലേക്ക് പാര്‍ട്ടി ഉയര്‍ന്നു കഴിഞ്ഞു. ആ പാര്‍ട്ടിയുടെ പൊള്ളത്തരം തിരിച്ചറിയുവതെങ്ങനെയെന്നും രൂപേഷ് ചൂണ്ടിക്കാട്ടുന്നു: അധ്വാനവും മൂലധനവും തമ്മിലുള്ള ബന്ധവും ഇതുമായി പ്രകൃതിയെ സംബന്ധിച്ച കാഴ്ചപ്പാടും ആഴത്തില്‍ വിശകലനം ചെയ്യുന്നതിലൂടെയേ വികസനവാദികളുടേയും സിപിഎം അടക്കമുള്ള കപട മാര്‍ക്സിസ്റ്റുകളുടെയും പൊള്ളത്തരങ്ങള്‍ തിരിച്ചറിയപ്പെടുകയുള്ളൂ. അപ്പോഴേക്കും പശ്ചിമഘട്ടം അവിടെയുണ്ടെങ്കില്‍ ദൈവത്തിന് സ്തുതി!
പ്രകൃതിക്കുവേണ്ടിയാണ് രൂപേഷ് വാദിക്കുന്നതെങ്കില്‍ മനുഷ്യനുവേണ്ടിയെന്നു തോന്നുമാറാണ് പി. കൃഷ്ണപ്രസാദിന്റെ വാദം. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകള്‍ എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു? എന്ന എട്ടു പേജ് ലേഖനം സിപിഎമ്മിന്റെ ഔദ്യോഗിക വാദഗതി തന്നെ. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഉടന്‍ നിര്‍ത്തിവെക്കുകയും അതിലെ ജനവിരുദ്ധമായ നിര്‍ദ്ദേശങ്ങള്‍ തിരുത്തിയശേഷം മാത്രം പരിഗണിക്കുകയും ചെയ്യണമെന്ന നിരുപദ്രവമെന്ന് തോന്നുന്ന നിരീക്ഷണമാണ് ടിയാന്റേത്. കാച്ചിക്കുറിക്കിയാല്‍ ഏതൊരാള്‍ക്കും കിട്ടുന്ന മറുപടി: രണ്ടു വോട്ടാണിഷ്ടാ പ്രശ്നം, പശ്ചിമഘട്ടമല്ല. പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ദുര്‍നിമിത്തങ്ങളും മറ്റും ചൂണ്ടിക്കാണിച്ച് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശരികേടുകളും അസംബന്ധങ്ങളും വിലയിരുത്തുന്ന ഒരു ലേഖനം കൂടിയുണ്ട് മലയാളം വാരികയില്‍. എസ്.പി. രവി എഴുതിയ പ്രായശ്ചിത്തത്തിനുള്ള മാന്ത്രികച്ചാര്‍ത്ത്.
മോദിക്കെതിരെ കിട്ടാവുന്ന ഏതു വടികൊണ്ടും പ്രഹരം എന്നൊരു നടപ്പുരീതി വ്യാപകമായിരിക്കുന്നു. തികച്ചും നിഷ്പക്ഷം എന്നു തോന്നുമെങ്കിലും ആയതു നല്കിയ പത്രക്കാരന്റെ കാലുഷ്യത്തിലേക്ക് അല്പമൊന്നു നോക്കൂ. ആം ആദ്മിയുടെ താരശോഭയും മങ്ങുന്ന മോഡി രാഷ്ട്രീയവും എന്നൊരു സാധനമുണ്ട് മലയാളത്തില്‍. കെ. ഹരിദാസാണ് ലേഖകന്‍. അതില്‍ ആം ആദ്മി പ്രവര്ത്തകന്, മോദി, കേജ്രിവാള്, സോണിയ, രാഹുല്‍ഗാന്ധി എന്നിവരുടെ ചിത്രങ്ങള്‍ കൊടുത്തിരിക്കുന്നു. എല്ലാ ചിത്രത്തിനും അവരുടെ പേര് മാത്രം അടിക്കുറിപ്പായി നല്കിയപ്പോള് മോദിയുടെ ചിത്രത്തിന് മുകളില്‍ ഇങ്ങനെയാണ് കുറിപ്പ്: നരേന്ദ്രമോഡി: കണക്കുകള്‍ പിഴയ്ക്കുന്നു. നേരും നെറിയും നഷ്ടപ്പെട്ടവര്‍ക്ക് പത്രാധിപസ്ഥാനം കിട്ടിയാല്‍ ഇതിലപ്പുറം സംഭവിക്കുമെന്ന് പ്ലംബറായ സുഹൃത്ത് കാലികവട്ടത്തോട് പ്രതികരിക്കുന്നു; ശംഭോ മഹാദേവ.
മലയാള ഭാഷയുടെ ശ്രേഷ്ഠത ഭാഗ്യവശാല്‍ തിരിച്ചറിഞ്ഞതില്‍ നമുക്ക് ആഹ്ലാദിക്കാന്‍ വകയേറെയുണ്ട്. എന്നാല്‍ ആ ശ്രേഷ്ഠതക്കും മുമ്പ് യഥാര്‍ത്ഥ ശ്രേഷ്ഠത തിരിച്ചറിഞ്ഞ ഒരാളുണ്ട്. അങ്ങ് വടക്കു വടക്കുനിന്നുള്ള ഒരു ചെറുപ്പക്കാരന്; പേര് ബിപുല്‍ റേഗന്. അസമിന്റെ തേയില രുചിയേയും ബ്രഹ്മപുത്രയിലെ തണുത്തുറയുന്ന അനുഭവത്തെയും മുറുകെപ്പിടിച്ച് ദൈവത്തിന്റെ നാട്ടിലെ ഭാഷയുടെ ഊഷ്മളത അറിഞ്ഞാസ്വദിക്കുന്ന ബിപുല്‍. അയാളെക്കുറിച്ചാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് (ഡിസം. 29) ഇത്തവണ നമ്മോട് പറയുന്നത്. കവര്‍ ചിത്രവും ബിപുല്‍ തന്നെ. അസമില്‍ നിന്ന് ഭാഷയുടെ ഹിമാലയം കടന്ന് എന്ന അഭിമുഖം തയ്യാറാക്കിയത് വി. അബ്ദുള്‍ ലത്തീഫാണ്. അസമിലെ രണ്ടാമത്തെ വലിയ ഗോത്രവര്‍ഗ വിഭാഗമായ മിസിങ് ഗോത്രാംഗം ബിപുല്‍ സാംസ്കാരിക പ്രവര്‍ത്തകനും പ്രസാധനശാല ഉടമയും ജോര്‍ഹട്ടിലെ ഇഗ്നൊ കാമ്പസില്‍ താത്കാലിക അധ്യാപകനുമാണ്. അദ്ദേഹത്തെക്കുറിച്ച് ഇനി ലത്തീഫ് പറയുന്നു: ഒരേ സമയം തകരുകയും തളരുകയും ചെയ്യുന്ന പ്രാദേശിക ഭാഷാ സംസ്കൃതികളുടെ വര്‍ത്തമാനത്തില്‍ മലയാളത്തിലെഴുതാന്‍ പരിശ്രമിക്കുകയും മലയാളത്തെ അസമിസ് ഭാഷയിലേക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്ന സാംസ്കാരിക ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയാണ് ബിപുല്‍. കുട്ടി ഇംഗ്ലീഷ് സംസാരിക്കാന്‍ ഭാര്യയുടെ പേര് തന്നെ ഇംഗ്ലണ്ടിലാക്കാന്‍ തത്രപ്പെടുന്ന നാട്ടില്‍ ബിപുല്‍ ഒരു പുറമേക്കാരനാവാം. എങ്കിലും നമുക്കഭിമാനിക്കാം. അമ്മ മലയാളത്തെ വാരിപ്പുണരാന്‍ അന്യനാട്ടിലും ഒരു മകനുണ്ടല്ലോ. ആ മകന് പറയുന്നതില്‍ നിന്ന് നാലുവരി വായിച്ചാലും: ഈ മനോഹരമായ പ്രദേശം എനിക്കു വളരെ ഇഷ്ടമായി. മലയാളവുമായി അടുക്കാനിടയായ സാഹചര്യം കൃത്യമായി ഓര്‍ക്കാനാവുന്നില്ല. ശരിക്കും എനിക്ക് അത്ഭുതം തോന്നുന്നു. ഒരു ഇന്ദ്രജാലമോ സ്വപ്നമോ ആയി തോന്നുന്നു. മലയാളത്തെക്കുറിച്ച് നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്ന് ഇപ്പോള്‍ ഉറപ്പിച്ച് പറയാനാവും. മലയാളത്തോടുള്ള ഇഷ്ടവും താല്‍പ്പര്യങ്ങളും എങ്ങനെ പ്രകടിപ്പിക്കണം എന്നെനിക്കറിയില്ല. മലയാളത്തോടുള്ള പ്രണയത്തിന്റെ കാരണമെന്തായിരിക്കുമെന്ന് ശരിക്കും ഞാന്‍ അതിശയപ്പെടുന്നു. നമ്മളും. മലയാളം, മലയാളി, മലയാളിത്തം. ഇക്കാര്യം നമ്മെ അറിയിച്ച മാതൃഭൂമി ആഴ്ചപ്പതിപ്പും അഭിമാനം പങ്കുവെക്കട്ടെ. വായനക്കാര്‍ക്ക് സമൃദ്ധസുന്ദരമായ പുതുവത്സരാശംസകള്‍!
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: