മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലെ ശക്തിസംതുലനം മാറിമറിയുന്നു. ഓസ്‌ട്രേലിയയെ 204 ന് പുറത്താക്കി 51 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുറപ്പിച്ച ഇംഗ്ലണ്ട് രണ്ടാം വട്ടത്തില്‍ വെറും 179നു ചിറകറ്റുവീണ് കളി കൈവിട്ടു. മൂന്നാം ദിനം ഓസ്‌ട്രേലിയ വിക്കറ്റ് നഷ്ടപ്പെടാതെ 30 റണ്‍സെടുത്തിട്ടുണ്ട്. ക്രിസ് റോജേഴ്‌സ് (18) ഡേവിഡ് വാര്‍ണര്‍ (12) എന്നിവര്‍ ക്രീസില്‍. ജയിക്കാന്‍ 201 റണ്‍സ് കൂടി കങ്കാരുക്കള്‍ ഇനി നേടേണ്ടതുണ്ട്. സ്‌കോര്‍: ഇംഗ്ലണ്ട്- 255, 179. ഓസീസ്- 204, 30/0.
ആഷസ് മുഖാമുഖത്തിലെ ഏറിയ പങ്കും ഇംഗ്ലണ്ട് ഭയന്നത് മിച്ചല്‍ ജോണ്‍സന്റെ തീപാറുന്ന ഏറുകളെയായിരുന്നു. എന്നാല്‍ ഇന്നലെ അവരെ തകര്‍ത്ത് കരിയിലകള്‍പോലെ പൊഴിഞ്ഞുവീണ നതാന്‍ ലയോണിന്റെ പന്തുകളും. അഞ്ച് വിക്കറ്റ് കൊയ്ത ഓസീസ് സ്പിന്നര്‍ കരിയറിലെ 100-ാം ഇരയെയും കണ്ടെത്തി മെല്‍ബണ്‍ വാണ വേളകളില്‍ ഇംഗ്ലീഷ് സ്വപ്‌നങ്ങളില്‍ കരിനിഴല്‍വീണു. കെവിന്‍ പീറ്റേഴ്‌സന്‍ (49), ഇയാന്‍ ബെല്‍ (0), ബെന്‍ സ്റ്റോക്ക് (19), ടിം ബ്രസ്‌നന്‍ (0), സ്റ്റ്യുവര്‍ട്ട് ബ്രോഡ് (0) എന്നിവരാണ് ലയോണിന്റെ കുത്തിത്തിരുവകളെ വണങ്ങിയത്. മൂന്നു വിക്കറ്റുകള്‍ പിഴുത ജോണ്‍സനും ഇംഗ്ലീഷ് പടയെ വേട്ടയാടുന്നതില്‍ മുന്നിട്ടു നിന്നു.
ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് (51) താളംകണ്ടെത്തിയപ്പോള്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം തന്നെ ലഭിച്ചു. ലഞ്ചിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 65 എന്ന സ്‌കോറില്‍ സന്ദര്‍ശകര്‍ നിലകൊണ്ടു. എന്നാല്‍ ഏഴു ഫോറുകള്‍ തൊടുത്ത കുക്കിനെ ജോണ്‍സന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ കഥമാറിമറിഞ്ഞു. മൈക്കല്‍ കാര്‍ബറിയെ (12) കൂടാരം കയറ്റി പീറ്റര്‍ സിഡിലും ജോണ്‍സനൊപ്പം ചേര്‍ന്നു. ജോ റൂട്ടിനെ (15) റണ്ണൗട്ടാക്കിയ ജോണ്‍സന്‍ എതിരാളിയെ സമ്മര്‍ദ്ദത്തിന്റെ പടുകുഴിയില്‍ തള്ളിയിട്ടു. പീറ്റേഴ്‌സന്‍ ചെറുത്തുനില്‍പ്പിന്റെ ലക്ഷണംകാട്ടി. എങ്കിലും ലയോണ്‍ കസറിയപ്പോള്‍ ഇംഗ്ലണ്ടിന്റെ മധ്യനിരയും വാലറ്റവും പച്ചതൊട്ടില്ല. നേരത്തെ, ഓസീസ് തലേ ദിവസത്തെ സ്‌കോറിനോട് 40 റണ്‍സ് കൂടി ചേര്‍ത്തു. ബ്രാഡ് ഹാഡിനെ (65) വീഴ്‌ത്തി ജയിംസ് ആന്‍ഡേഴ്‌സനാണ് ആതിഥേയരുടെ ഇന്നിങ്‌സിന് തിരശീലയിട്ടത്.
















