ന്യൂദല്‍ഹി: ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി ഖോബ്രഗഡ അമേരിക്കയില്‍ അപമാനിക്കപ്പെട്ട സംഭവത്തേ തുടര്‍ന്ന് ഇന്ത്യ സ്വീകരിക്കുന്ന കടുത്ത നടപടികളുടെ തുടര്‍ച്ചയായി രാജ്യത്തെ അമേരിക്കന്‍ സ്കൂളുകളിലെ നികുതിവെട്ടിപ്പിനേപ്പറ്റി അന്വേഷണം തുടങ്ങി. അമേരിക്കന്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ജോലിക്കാരുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട ഇന്ത്യ, ജീവനക്കാര്‍ ഇന്ത്യയില്‍ നികുതി അടയ്ക്കാത്തതിന്റെ വിവരങ്ങളും അന്വേഷിക്കുന്നുണ്ട്. ഇന്ത്യന്‍ നിയമപ്രകാരം നിയമവിരുദ്ധമായ പ്രവൃത്തിയായിരുന്നിട്ടും ഇതുവരെ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുകയായിരുന്നു. അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ പങ്കാളികള്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ അത് ആതിഥേയ രാജ്യത്തെ അറിയിക്കണമെന്ന നിബന്ധനയും അമേരിക്ക പാലിച്ചിട്ടില്ല.
തിരിച്ചറിയല്‍ കാര്‍ഡുകള്‍ റദ്ദാക്കിയതോടെ പ്രതിസന്ധിയിലായ ഇന്ത്യയിലെ അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് യഥേഷ്ടം സാധനങ്ങള്‍ അമേരിക്കയില്‍ നിന്നും ഇറക്കുമതി ചെയ്യാനും ഇത്തവണ സാധിച്ചില്ല. കൂടാതെ എംബസിയില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ പോലും ജീവനക്കാര്‍ താല്‍പ്പര്യപ്പെടുന്നില്ല. വിമാനത്താവളത്തില്‍ കര്‍ശന ദേഹപരിശോധന ഉണ്ടാകുമെന്ന് ഭയന്ന് അമേരിക്കന്‍ അംബാസിഡര്‍ നാന്‍സി പവല്‍ നേപ്പാള്‍ യാത്ര ഉപേക്ഷിച്ചതും അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പ്രതിസന്ധി എത്ര വലുതെന്ന് വ്യക്തമാക്കുന്നു. ജനുവരി 19ന് നേപ്പാളിലേക്കുള്ള യാത്രയാണ് നാന്‍സി പവല്‍ റദ്ദാക്കിയിരിക്കുന്നത്. ദല്‍ഹി വിമാനത്താവളത്തില്‍ നാന്‍സി പവലിനു നല്കിയ പ്രത്യേക പരിഗണനകള്‍ ഇന്ത്യ റദ്ദാക്കിയിട്ടുണ്ട്.
അമേരിക്കന്‍ എംബസി ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുടെ നയതന്ത്ര പരിരക്ഷ റദ്ദായതോടെ ചെറിയ ട്രാഫിക് ലംഘനമുണ്ടായാല്‍ പോലും ഇന്ത്യയില്‍ കോടതി നടപടികള്‍ നേരിടേണ്ടി വരുമെന്ന നില സംജാതമായിട്ടുണ്ട്. അമേരിക്കന്‍ എംബസി വാഹനങ്ങള്‍ പൊതുനിരത്തിലും പാര്‍ക്കിംഗ് നിരോധിത മേഖലകളിലും ഇട്ടിട്ടു സ്വകാര്യ ആവശ്യത്തിനു പോകുന്ന അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ പതിവു പരിപാടികള്‍ ഭീതികാരണം അവസാനിച്ചിട്ടുണ്ട്.
വിയന്ന കണ്വന്ഷന് പ്രകാരമുള്ള നയതന്ത്ര പരിരക്ഷ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യ ഉറപ്പുവരുത്തണമെന്ന് അമേരിക്ക ആവശ്യപ്പെടുമ്പോള്‍ തന്നെ കഴിഞ്ഞ ആഗസ്ത് മുതല്‍ യുഎന്‍ അക്രഡിറ്റേഷന് ലഭിച്ച ദേവയാനിക്കുണ്ടായിരുന്ന പൂര്‍ണ്ണ നയതന്ത്ര പരിരക്ഷയ്ക്ക് അറസ്റ്റ് ചെയ്യുമ്പോള്‍ അമേരിക്ക വിലകല്പ്പിച്ചില്ലെന്ന യാഥാര്‍ത്ഥ്യം പുറത്തു വന്നത് അമേരിക്കയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആഗസ്ത് 26 മുതല്‍ ഡിസംബര്‍ 31 വരെ ദേവയാനി യുഎന്‍ ദൗത്യ ചുമതലയിലാണെന്ന രേഖകളാണ് പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: