ന്യൂദല്‍ഹി: കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള ബന്ധത്തിന്റെ യഥാര്‍ത്ഥ സ്വഭാവം എന്താണ്? തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പലരും പറഞ്ഞിരുന്നു എഎപി കോണ്‍ഗ്രസിന്റെ ബി ടീം ആണെന്ന്. അതിനടിവരയിടുന്ന ഒട്ടേറെ സംഭവങ്ങളും വെളിപ്പെട്ടു. പക്ഷേ ഇപ്പോള്‍ സത്യം മറിച്ചാണ്. കോണ്‍ഗ്രസ് നാണക്കേടു സഹിച്ചും എഎപിയുടെ ബിടീമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായിരിക്കുന്നു. ഈ ബന്ധം മറ്റു ചില വസ്തുതകളാണ് നമുക്കു മുന്നില്‍ ഉയര്‍ത്തിക്കാട്ടുന്നത്.
ദല്‍ഹി നിയമസഭയില്‍ 32 അംഗങ്ങളോടെ ബിജെപിയാണ് വലിയ കക്ഷി. 36 അംഗങ്ങളുടെയെങ്കിലും പിന്തുണയില്ലാതെ സര്‍ക്കാരുണ്ടാക്കാനില്ലെന്നു പാര്‍ട്ടി പറഞ്ഞു. കണക്കിലെ ഈ യാഥാര്‍ത്ഥ്യം ബിജെപി ലഫ്റ്റനന്റ് ഗവര്‍ണറെ അറിയിച്ചു. പാര്‍ട്ടി പ്രതിപക്ഷത്തിരിക്കാനോ തെരഞ്ഞെടുപ്പിനെ നേരിടാനോ തയാറെന്നറിയിച്ചു. അതോടെ അടുത്ത ഊഴം എഎപിക്ക് ആയി.
എഎപിക്ക് 28 സീറ്റേ കിട്ടിയുള്ളു. അവര്‍ക്കും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എണ്ണം പോരായിരുന്നു. അതുകൊണ്ടുതന്നെ ദല്‍ഹി രാഷ്ട്രീയം ഏറെ സങ്കീര്‍ണ്ണമായി. എന്നാല്‍ അതിനകം എഎപിയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായി. ദല്‍ഹിയില്‍ സര്‍ക്കാര്‍ ഉണ്ടാക്കി ദേശീയ ശ്രദ്ധ നേടണമെന്ന മോഹത്തിലായിരുന്നു അവരില്‍ ഭൂരിപക്ഷവും. കോണ്‍ഗ്രസിന്റെ പിന്തുണസ്വീകരിക്കില്ലെന്ന നിലപാടില്‍നിന്ന് അവര്‍ അങ്ങനെ പിന്നാക്കം പോയി.
കോണ്‍ഗ്രസാണ് ഈ തെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ നഷ്ടക്കാര്‍ എന്നതാണു വാസ്തവം. അവര്‍ക്കു കിട്ടിയത് എട്ടു സീറ്റു മാത്രം. മിക്ക നേതാക്കളും തോറ്റു. അവര്‍ക്ക് രണ്ടാമതൊരു തെരഞ്ഞെടുപ്പു നേരിടാനാവില്ലായിരുന്നു. അവര്‍ക്ക് പഴയ നിലയില്‍ വരാന്‍ ശ്വാസവായു വേണമായിരുന്നു. ദല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നില്ലെങ്കില്‍ പൊതു തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പു വന്നേനെ. അവിടെ ‘മോദി ഘടകം’ തെരഞ്ഞെടുപ്പു ഫലത്തെ ബാധിച്ചേനെ. എങ്കില്‍ രാഷ്ട്രീയം ബിജെപിയിലും എഎപിയിലുമായി ധ്രുവീകരിച്ചേനെ. കോണ്‍ഗ്രസ് ഇതിനേക്കാള്‍ കൂടുതല്‍ ചുരുങ്ങിപ്പോയേനെ. ആ അപകടം തെരഞ്ഞെടുപ്പുഫലം വന്നിട്ടാണെങ്കിലും തിരിച്ചറിഞ്ഞു കോണ്‍ഗ്രസ്. ഇനിയും അങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്തുപായമെന്നു കോണ്‍ഗ്രസിന്റെ ബുദ്ധി രാക്ഷസന്മാര് ആലോചിക്കുകയും ചെയ്തു.
അങ്ങനെ, ഇവിടെ രണ്ടു വിരുദ്ധ താല്പര്യങ്ങള് ഒന്നിച്ചു. എഎപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ എട്ടു കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ വേണാമായിരുന്നു. സര്‍ക്കാര്‍ രൂപീകരണം അവരുടെ എംഎല്‍എമാര്‍ വഴിപിരിഞ്ഞു പോകാതിരിക്കാന്‍ അവര്‍ക്ക് ആവശ്യമായിരുന്നു. ദല്‍ഹിയിലെ സര്‍ക്കാര്‍ രൂപീകരണം അവരുടെ സാന്നിദ്ധ്യം ദേശീയ തലത്തില്‍ അറിയിക്കാന്‍ സഹായകമാകുമെന്നും അവര്‍ കണക്കുകൂട്ടി. എഎപിക്ക് അറിയാം സര്‍ക്കാര്‍ ഏറെക്കാലം നില്‍ക്കില്ലെന്ന്. അതുകൊണ്ട് അവര്‍ ആസൂത്രിതമായി ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു. അവര്‍ കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്തുകയും അതേ സമയം പിന്തുണ സ്വകീരിക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസാകട്ടെ ദല്‍ഹിയില്‍ മറ്റൊരു തെരഞ്ഞെടുപ്പിന് അവര്‍ കരുത്തു നേടുംവരെ മാത്രം എഎപി സര്‍ക്കാരിനെ പിന്തുണക്കാനാണ് ആലോചിക്കുന്നത്. രണ്ടുകൂട്ടരും അവരുടെ മാത്രം കാര്യം നോക്കുന്ന ഒരു താല്കാലിക ധാരണയിലാണ് അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
രണ്ടുകൂട്ടരും തന്ത്രപൂര്‍വം അന്യോന്യം നേട്ടമുണ്ടാക്കുകയാണ്. കോണ്‍ഗ്രസിന്റെ ഉദ്ദേശ്യം എഎപിയെ കുഴിയില്‍ ചാടിച്ച് അതിലൂടെ അവര്‍ക്കനുകൂലമായ രാഷ്ട്രീയം ഉണ്ടാക്കുകയും തെരഞ്ഞെടുപ്പിനു പോവുകയുമാണ്. എഎപിക്ക് അറിയാം അവര്‍ അല്പ്പായുസ്സുള്ള ഒരു ദുര്‍ബലമായ സര്ക്കാരാണുണ്ടാക്കിയിരിക്കുന്നതെന്ന്. കോണ്‍ഗ്രസിന്റെ പിന്തുണ വാങ്ങില്ലയെന്ന ആദര്‍ശ നിലപാട് തലസ്ഥാനത്തു സര്‍ക്കാരുണ്ടാക്കി ദേശീയ ശ്രദ്ധ നേടുകയെന്ന ലക്ഷ്യത്തിനായി അവര്‍ ബലികഴിച്ചിരിക്കുന്നു. ഇനി ഒന്നേ കാണാനുള്ളു, ഈ താല്‍ക്കാലിക ‘അറബിക്കല്യാണം’ ദല്‍ഹി ജനങ്ങളെ എത്രത്തോളം ദുരിതത്തിലാക്കുമെന്ന്, അതു വളരെ കുറച്ചുകാലത്തേക്കാണെങ്കില്കൂടിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: