കോഴിക്കോട്: അനൂപിന്റെ ബലിദാനം വിഫലമായില്ല. കൊലപാതകത്തിലുള്ള ദുഖവും കൊലപാതകികള്ക്കെതിരെയുള്ള രോഷവും ശക്തമാവുന്നതിനിടെ പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് എടോനി ഗ്രാമസഭ ക്വാറിക്കെതിരെ ഒറ്റക്കെട്ടായി രംഗത്തുവന്നു. ഹിന്ദുഐക്യവേദി സംഘടിപ്പിച്ച പശ്ചിമഘട്ട സംരക്ഷണ ധര്‍ണ്ണയില്‍ പങ്കെടുത്ത നിട്ടൂര്‍ സ്വദേശി അനൂപ് കൊല്ലപ്പെട്ടതിന് രണ്ട് ദിവസം കഴിഞ്ഞാണ് നരിപ്പറ്റ പഞ്ചായത്തിലെ ആറാംവാര്‍ഡില്‍ ഗ്രാമസഭ നടന്നത്. എമറാള്‍ഡ് റോക്ക്പ്രൊഡക്റ്റ്സ് എന്ന കമ്പനിയാണ് ഇവിടെ ക്വാറി നടത്തുന്നത്.
ക്വാറി നടത്താന്‍ പഞ്ചായത്ത് എന്‍ഒസി നല്കിയ നടപടിക്കെതിരെ ഗ്രാമസഭ ഒന്നടങ്കം പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ടിപി പവിത്രനെതിരെ തിരിഞ്ഞു. അറയ്ക്കല്‍ പൊയില്‍ സാംസ്കാരിക നിലയത്തിലായിരുന്നു ഗ്രാമസഭ നടന്നത്. രാവിലെ ആരംഭിച്ച ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഉദ്ഘാടനം ചെയ്തത്. ഉച്ചക്ക് ശേഷം നടന്ന യോഗത്തിലാണ് ക്വാറി പ്രശ്നം ഉയര്‍ന്നു വന്നത്. കസ്തൂരി രംഗന് റിപ്പോര്‍ട്ട് നടപ്പാക്കരുതെന്നാവശ്യപ്പെട്ട പ്രമേയം അംഗീകരിക്കണം എന്നായിരുന്നു സിപിഎമ്മിന്റെ ഉദ്ദേശം. എന്നാല്‍ പ്രമേയം അംഗീകരിച്ച ഗ്രാമസഭ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നതോടെ പഞ്ചായത്ത് പ്രസിഡന്റുള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വെട്ടിലായി. പാരിസ്ഥിതിക സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കണമെന്നും പരിസ്ഥിതി ലോലപ്രദേശമായി ഗ്രാമത്തെ നിര്‍ണ്ണയിക്കണമെന്നും ആവശ്യമുയര്‍ന്നു ഇതോടെ ക്വാറിക്ക് എന്‍ഒസി അനുവദിച്ച പ്രസിഡന്റിനെതിരെ 150 ഓളം വരുന്ന ഗ്രാമസഭാംഗങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തുവന്നു. എന്നാല്‍ ഭീഷണിയുടെ സ്വരത്തിലാണ് പ്രസിഡന്റ് യോഗത്തില്‍ സംസാരിച്ചത്. ഇപ്പോള്‍ നടക്കുന്ന സമരം പുരോഗമനപരമല്ലെന്നും നല്കിയ എന്‍ഒസി തിരിച്ചെടുക്കാന്‍ കഴിയില്ലന്നുമായിരുന്നു പ്രസിഡന്റിന്റെ വിശദീകരണം. എന്നാല്‍ ക്വാറി ഗ്രാമീണജനതയുടെ ആരോഗ്യത്തിനും, കുടിവെള്ള സ്രോതസുകള്‍ക്കും, കൃഷിക്കും വിനാശകരമാണന്നായിരുന്നു ഗ്രാമസഭയുടെ ഒറ്റക്കെട്ടായ അഭിപ്രായം.
ഗ്രാമസഭയുടെ ഐക്യകണ്ഠേനയുള്ള തീരുമാനത്തോടെ ഈ മേഖലകളില്‍ സിപിഎം പൂര്‍ണ്ണമായും ഒറ്റപ്പെടുന്ന അവസ്ഥയാണുള്ളത്. പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടാന്‍ നിരപരാധികളെ അറസ്റ്റുചെയ്യിച്ചുകൊണ്ട് ജനവികാരം ഹിന്ദുഐക്യവേദിക്കെതിരെ തിരിക്കാന്‍ ശ്രമം നടത്തുകയാണ്. ഇതിനിടെ എടോടിയിലെ ഒരു വിഭാഗം സിപിഎമ്മുകാര്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് നടത്തിപ്പുകാരനോട് ആവശ്യപ്പെട്ടു. അതോടെ ഈ മേഖലയിലെ മൂന്നുക്വാറികളും പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. അനൂപിന്റെ ബലിദാനം ഉണ്ടാക്കിയ ജനകീയ രോഷം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ തിരിഞ്ഞതാണ് എടോനി ഗ്രാമസഭയില്‍ ഉണ്ടായ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: