ന്യൂദല്‍ഹി: യുവതിക്കു പോലീസ് സംരക്ഷണമേര്‍പ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. നരേന്ദ്രമോദിക്കും മുന്‍ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും എന്തെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്രമന്ത്രിസഭാ നിര്‍ദ്ദേശം. പൊതു തെരഞ്ഞെടുപ്പിനു മുമ്പായി അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. ഇത് നരേന്ദ്രമോദിയെ ലക്ഷ്യംവെച്ച് കോണ്‍ഗ്രസ് നടത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നു പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഹിമാചല്‍പ്രദേശിലെ പ്രേംകുമാര്‍ ധുമല്‍ സര്‍ക്കാര്‍ അനധികൃതമായി ഫോണ്‍ രേഖകള്‍ ചോര്‍ത്തിയെന്ന ആരോപണത്തേപ്പറ്റിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജെയ്റ്റ്ലിയുടെ ഫോണ്‍ രേഖകള്‍ ചോര്‍ത്തിയ സംഭവത്തേപ്പറ്റിയും അന്വേഷണ കമ്മീഷനുകളെ നിയോഗിച്ചിട്ടുണ്ട്. 1952ലെ കമ്മീഷന് ഓഫ് എന്‍ക്വയറി നിയമത്തിലെ സെക്ഷന്‍ മൂന്ന് അനുസരിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദ ഉത്തരവ്. സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിക്കാകും അന്വേഷണ ചുമതലയെന്നാണ് സൂചന.
നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം ആര്‍കിടെക്റ്റായ യുവതിയെ നിരീക്ഷിക്കാന്‍ മോദിയുടെ അടുത്ത അനുയായിയും മുന്‍ ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ നിര്‍ദ്ദേശം നല്‍കിയെന്നതാണ് കേസ്. അമിത് ഷായും പോലീസ് ഉദ്യോഗസ്ഥനുമായുള്ള ശബ്ദരേഖകള്‍ പുറത്തുവന്നതോടെ നരേന്ദ്രമോദിയുമായി രഹസ്യബന്ധമുള്ള സ്ത്രീയാണിതെന്നു വരെ മോദിവിരുദ്ധ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു. എന്നാല്‍ തന്റെ അപേക്ഷ പ്രകാരം ഗുജറാത്ത് സര്‍ക്കാര്‍ മകള്‍ക്ക് സംരക്ഷണമേര്പ്പെടുത്തുകയാണെന്നും മകള്‍ക്കും ഇക്കാര്യങ്ങള്‍ അറിയാമെന്നും വ്യക്തമാക്കി യുവതിയുടെ പിതാവ് പ്രാണ്‍ലാല്‍ സോണി തന്നെ രംഗത്തെത്തിയിട്ടും മോദിയെ ലക്ഷ്യമിട്ടുള്ള കുപ്രചാരണങ്ങള്‍ തുടര്‍ന്നു.
യുവതിയെ അനുമതിയില്ലാതെ പോലീസ് നിരീക്ഷിച്ചെന്നാരോപിച്ച് വിവിധ വനിതാസംഘടനകള്‍ രാഷ്ട്രപതിക്കു പരാതി നല്കിയതു കണക്കിലെടുത്താണ് കമ്മീഷനെ നിയോഗിച്ചതെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ ലക്ഷ്യമിട്ടു നടത്തുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കമാണ് അന്വേഷണകമ്മീഷനു പിന്നിലെന്ന ആരോപണം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാര്‍ പ്രശ്നത്തിലിടപെട്ടത് സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയിന്മേലുള്ള കടന്നുകയറ്റമാണെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
നരേന്ദ്രമോദിയെ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ പകപോക്കലാണ് കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും നടത്തുന്നതെന്ന് ബിജെപി ദേശീയ നേതൃത്വം പ്രതികരിച്ചു. മോദിയെ ഏതുവിധേനയും കുടുക്കുന്നതിനായി വിവിധ അന്വേഷണ സംഘങ്ങളെ കേന്ദ്രസര്‍ക്കാര്‍ നിയോഗിക്കുന്നതിന്റെ പുതിയ ഉദാഹരണമാണ് യുവതിക്കു സംരക്ഷണമേര്‍പ്പെടുത്തിയ സംഭവത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണ കമ്മീഷനെന്നും ബിജെപി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: