മട്ടാഞ്ചേരി: കടപ്പുറത്തെ പൂഴിമണ്ണില് വീറും വാശിയുമായി നടക്കുന്ന ബീച്ച് ഫുട്ബോള്‍ മത്സരം കൊച്ചിയില്‍ അരങ്ങേറും. 26 മുതല്‍ 30 വരെയാണ് കൊച്ചി കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ കളത്തില്‍ ബീച്ച് ഫുട്ബോള്‍ അരങ്ങേറുക. പ്രൊഫഷണല്‍ ക്ലബ്ബുകള്‍ക്കൊപ്പം പ്രദര്‍ശനമത്സരം, സെലിബ്രിറ്റി മാച്ച് എന്നീ വിഭാഗങ്ങളിലുമായി കായികപ്രേമികള്‍ക്ക് ഫുട്ബോളിന്റെ ആവേശവും ആനന്ദവും പകര്ത്തു നല്‍കിയാണ് കൊച്ചിയില്‍ ബീച്ച് ഫുട്ബോള്‍ മത്സരം നടക്കുക.
കൊച്ചിയിലെ 90ഓളം യുവജനങ്ങള്‍ ചേര്‍ന്നുള്ള കൊച്ചിന് ബീച്ച് ഫുട്ബോളേഴ്സാണ് കൊച്ചി കടപ്പുറത്ത് ബീച്ച് ഫുട്ബോള്‍ മത്സരത്തിന് കൊളമൊരുക്കുന്നത്. 30 മീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലുമായി തയ്യാറാക്കിയ കളിക്കളത്തില്‍ എട്ടംഗ ടീമിലെ അഞ്ചുപേരാണ് കളത്തിലിറങ്ങുക. 20 മിനിറ്റ് ദൈര്‍ഘ്യവും അഞ്ച് മിനിറ്റ് വിശ്രമവുമായി 45 മിനിറ്റാണ് ഒരു മത്സരത്തിന്റെ ആകെ സമയം. അന്താരാഷ്ട്ര നിയമമനുസരിച്ച് അംഗീകൃത റഫറിമാരാണ് കൊച്ചിയിലെ മത്സരങ്ങള്‍ നിയന്ത്രിക്കുകയെന്ന് കൊച്ചിന് ഫുട്ബോളേഴ്സ് പ്രസിഡന്റ് എ.സേവ്യര്‍, സെക്രട്ടറി ടി.ആര്.വിനോദ് എന്നിവര്‍ പറഞ്ഞു.
28ന് വൈകിട്ട് പഴയകാല ഫുട്ബോള്‍ പടക്കുതിരകളുടെ പ്രദര്‍ശനമത്സരവും 29ന് രാഷ്ട്രീയ-സാമൂഹ്യ-സംഘടനാ നേതാക്കളും മന്ത്രിമാരും നഗരസഭാംഗങ്ങളുമടക്കമുള്ളവരുടെ സെലിബ്രിറ്റി മാച്ചും അരങ്ങേറുമെന്ന് സംഘാടകരായ അബ്ദുള്‍ ലത്തീഫ്, എന്‍.കെ.നാസര്‍ എന്നിവര്‍ പറഞ്ഞു.
1992 ല്‍ ബീച്ച് ഫുട്ബോള്‍ മത്സരത്തിന് പ്രത്യേകം നിയമം ഉണ്ടാക്കി. ഫിഫയുടെ പ്രൊഫഷണല്‍ രീതിയിലുള്ള നിയമമനുസരിച്ച് മിയാമി ബീച്ചില്‍ നടന്ന ആദ്യ ബീച്ച് ഫുട്ബോളില്‍ ബ്രസീല്‍ ലോകചാമ്പ്യന്മാരായി. 2005ല്‍ ഫിഫ ബീച്ച് ഫുട്ബോളിന് ഔദ്യോഗികമാക്കിയതോടെ മത്സരങ്ങള്‍ വ്യാപകമായി നടത്തപ്പെട്ടു. 2013 ഫെബ്രുവരിയില്‍ ഗോവയിലാണ് പ്രൊഫഷണല്‍ ക്ലബ്ബുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ ഇന്ത്യന്‍ ബീച്ച് ഫുട്ബോള്‍ മത്സരം നടന്നത്. ഇതോടെ തീരദേശങ്ങളില്‍ ബീച്ച് ഫുട്ബോള്‍ ആവശ്യമായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: