ന്യൂദല്‍ഹി: അമേരിക്കയില്‍ അപമാനിതയായ ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖോബ്രഗഡെയ്ക്ക് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷ നല്‍കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെട്ടു. ദേവയാനിയെ യുഎന്നിലെ ഇന്ത്യന്‍ ദൗത്യത്തിന്റെ കൗണ്‍സിലറായി മാറ്റി നിയമിച്ച സാഹചര്യത്തിലാണ് ദേവയാനിയുടെ പരിരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ യുഎന്നിനോട് ആവശ്യപ്പെട്ടത്. ഇക്കാര്യം യുഎന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ അശോക് മുഖര്‍ജി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കത്തു ലഭിച്ചതായി ഐക്യരാഷ്ട്രസഭയും സ്ഥിരീകരിച്ചു. ദേവയാനിയുടെ പാസ്പോര്‍ട്ട് അടക്കമുള്ള ഔദ്യോഗിക രേഖകളുടെ വിശദാംശങ്ങളും ഇന്ത്യ യുഎന്നിനു കൈമാറി.
പുതിയ നയതന്ത്ര ഉദ്യോഗസ്ഥയെ ഇന്ത്യ നിയമിച്ചെന്നും പ്രതിനിധികളുടെ പട്ടികയില്‍ പേര് എഴുതിച്ചേര്‍ക്കണമെന്നും ഇന്ത്യ യുഎന്നിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിലേക്ക് യുഎന്നില്‍ നിന്നും അയച്ച ദേവയാനിയുടെ രേഖകളില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഇന്ത്യ രേഖകളെല്ലാം കൈമാറിയെന്നും ഇനി തീരുമാനമെടുക്കേണ്ടത് യുഎന്നും അമേരിക്കയുമാണെന്ന് ഇന്ത്യന്‍ അംബാസിഡര്‍ അശോക് മുഖര്‍ജി പറഞ്ഞു. കൗണ്‍സിലര്‍ റാങ്കിലുള്ള നയതന്ത്ര പ്രതിനിധിയായ ദേവയാനിക്ക് നയതന്ത്ര തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടത് അമേരിക്കയുടെ കടമയാണെന്നും അശോക് മുഖര്‍ജി പറഞ്ഞു. കൂടാതെ ദേവയാനിയുടെ പുതിയ ജി-വണ്‍ വിസയ്ക്കുള്ള അപേക്ഷയും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റില്‍ പരിഗണനയ്ക്ക് എത്തിയിട്ടുണ്ട്.
അതിനിടെ വീട്ടുജോലിക്കാരിക്കു കുറഞ്ഞ കൂലി നല്കിയ കേസില്‍ വിചാരണയ്ക്കു മുമ്പുള്ള നടപടിക്രമങ്ങളില്‍ നിന്നും ദേവയാനിയെ താല്‍ക്കാലികമായി ഒഴിവാക്കി അമേരിക്ക തീരുമാനം സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യന്‍ സമ്മര്‍ദ്ദങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നതിന്റെ സൂചനകളാണിത്. മെഡിക്കല്‍ പരിശോധന അടക്കമുള്ള നടപടിക്രമങ്ങളില്‍ നിന്നാണ് ദേവയാനിയെ ഒഴിവാക്കിയിരിക്കുന്നത്. അതിനിടെ അമേരിക്കയിലുള്ള മറ്റു 14 ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളോടൊപ്പമുള്ള വീട്ടുജോലിക്കാരെയും ഇന്ത്യന്‍ സര്‍ക്കാര്‍ ജീവനക്കാരായി നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അമേരിക്കന്‍ അധികൃതരും മറ്റു സാമൂഹ്യസംഘടനകളും കൂടുതല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ലക്ഷ്യമിടുന്നത് തടയുന്നതിനാണ് നടപടി. എന്നാല്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് മൂലമാണ് നിയമനം വൈകുന്നത്.
എന്നാല്‍, ഇന്ത്യയിലെ അമേരിക്കന്‍ നയതന്ത്ര പ്രതിനിധികള്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ തിരികെ നല്‍കണമെന്ന് ഇന്ത്യ അവശ്യപ്പെട്ടിരിക്കുന്ന അവസാന തീയതി ഇന്നാണ്. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇറക്കുമതി നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതും ഇന്നു മുതലാണ്. ഇക്കാര്യങ്ങളും അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: