ന്യൂദല്‍ഹി: ലൈംഗിക പീഡനക്കേസില്‍ സുപ്രീംകോടതി മുന്‍ ജസ്റ്റിസ് എ.കെ. ഗാംഗുലിക്കെതിരെ പ്രസിഡന്‍ഷ്യല്‍ റഫറന്‍സിന് അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്കി. പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് സ്ഥാനത്തുനിന്നും ജസ്റ്റിസ് ഗാംഗുലി രാജി വയ്ക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഗാംഗുലിയെ തല്‍സ്ഥാനത്തുനിന്നും മാറ്റുന്നതിനായി കേന്ദ്രസര്‍ക്കാരിന് അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കിയത്. ഇതോടെ ഗാംഗുലിക്കെതിരായ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ശ്രമം ആംരംഭിച്ചിട്ടുണ്ട്.
നിയമപരിശീലനത്തിനായി എത്തിയ യുവതിയായ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ ന്യായാധിപ സമിതിയുടെ റിപ്പോര്‍ട്ടും മറ്റു വസ്തുതകളും പരിശോധിച്ച ശേഷമാണ് പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനായി നിര്‍ദ്ദേശം നല്കാന് നിയമമന്ത്രാലയത്തിന് അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കിയത്. ഗാംഗുലിയെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്മേല് അഭിപ്രായം ആരാഞ്ഞ് രാഷ്ട്രപതി ഭവന് ആഭ്യന്തരമന്ത്രാലയത്തോട് നിര്‍ദ്ദേശം ചോദിച്ചതിനേ തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. ഗാംഗുലിക്കെതിരെ നടപടി സ്വീകരിക്കാമെന്ന നിയമോപദേശം ആഭ്യന്തരമന്ത്രാലയത്തിന് നിയമമന്ത്രാലയം കൈമാറിയെന്നാണ് സൂചന. ആഭ്യന്തരമന്ത്രാലയത്തിന്റെ അഭിപ്രായം രാഷ്ട്രപതിഭവനു കൈമാറുന്നതോടെ ജസ്റ്റിസ് ഗാംഗുലിയെ മാറ്റുന്ന കാര്യത്തില്‍ രാഷ്ട്രപതി തീരുമാനമെടുക്കും. എന്നാല്‍ ഇത്തരം സാഹചര്യം സൃഷ്ടിക്കപ്പെടുന്നതിനുമുമ്പായി ജസ്റ്റിസ് ഗാംഗുലി രാജിവയ്ക്കാനാണ് സാധ്യത.
കേന്ദ്രനിയമമന്ത്രി കപില്‍ സിബല്‍ ജസ്റ്റിസ് ഗാംഗുലിക്കെതിരെ ആദ്യം മുതല്‍ തന്നെ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ മുന്‍ ജസ്റ്റിസുമാര്‍ക്കെതിരായ പരാതികളില്‍ സുപ്രീംകോടതി സ്വീകരിക്കുന്ന നിലപാട് വ്യക്തമാകുന്നതിനായാണ് കേന്ദ്രസര്‍ക്കാര്‍ കാത്തിരുന്നത്. വിരമിച്ച ജഡ്ജിമാര്‍ക്കെതിരായ പരാതികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ വരില്ലെന്നും പോലീസിനു നടപടികള്‍ സ്വീകരിക്കാമെന്നുമായിരുന്നു സുപ്രീംകോടതി ഫുള്‍കോര്‍ട്ട് തീരുമാനം. ഇതനുസരിച്ച് ദല്‍ഹി പോലീസും ജസ്റ്റിസ് എ.കെ.ഗാംഗുലിക്കെതിരെ നിയമനടപടികള്‍ക്ക് നീക്കം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: