ന്യൂദല്‍ഹി: യുപിഎയുടെ ഭരണശേഷി നഷ്ടമായെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. അഴിമതിഭരണം പ്രതിച്ഛായ തകര്‍ത്തിരിക്കുന്നു. തീരുമാനം എടുക്കാനുള്ള കഴിവില്ലാതായിരിക്കുന്നു.മന്ത്രിമാര്‍ക്കിടയില്‍ ഐക്യമില്ലാതായി. രാജ്യത്തെ തകര്‍ന്നടിഞ്ഞ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാനാവാത്ത സ്ഥിതി വന്നിരിക്കുന്നു. ഇതിനു പുറമേ നിരവധി പ്രതികൂല സാഹചര്യങ്ങള്‍ യുപിഎ നേരിടുന്നുണ്ടെന്നും ജെയ്റ്റ്ലി പറഞ്ഞു.
ജനകീയ നേതാവായി മാറാന്‍ പ്രധാനമന്ത്രി മന്മോഹന്സിംഗിന് ഇതുവരെ സാധിച്ചിട്ടില്ല. പുതിയ തലമുറയിലെ നേതാവെന്ന് യുപിഎ ഉയര്‍ത്തിക്കാണിക്കുന്ന രാഹുല്‍ഗാന്ധി അവര്‍ ആഗ്രഹക്കുന്നവിധത്തില് ഉയരുന്നില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. ഭരിക്കാനുള്ള കഴിവ് യുപിഎക്ക് നഷ്ടപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള കഴിവു പോലും നേതാക്കള്‍ക്കില്ലെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
ധാര്‍ഷ്ട്യത്തോടെയുള്ള യുപിഎ സര്‍ക്കാരിന്റെ ഭരണം മന്ത്രിമാരുടേയും നേതാക്കളുടെയും പ്രസ്താവനകളില്‍ നിഴലിച്ചു. അധികാരം ശാശ്വതമാണെന്ന് ചിന്തിച്ച ഇവര്‍ മറ്റ് രാഷ്ട്രീയ ഇടപെടലുകള്‍ ഭരണത്തില്‍ ഉണ്ടാകില്ലെന്നും വിശ്വസിച്ചു.
അമിതമായ പ്രചാരണങ്ങള്‍ യുപിഎയ്ക്ക് തന്നെ അപകടമായി. രാജ്യത്തെ ജനങ്ങള്‍ക്ക് ഇത്തരം പ്രചാരണങ്ങള്‍ ദഹിക്കില്ലെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി. യുപിഎ നേതാക്കള്‍ മാത്രമേ അവരുടെ പ്രചാരണങ്ങള്‍ വിലമതിക്കുന്നുള്ളൂവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ സര്‍ക്കാരിന്റെ ഭരണശേഷിയില്ലായ്മക്ക് തെളിവാണ്. സമ്മേളനം തടസമില്ലാതെ നടത്താന്‍ പോലും ശ്രമം ഉണ്ടായില്ല. പാതിവഴിയില്‍ സമ്മേളനം അവസാനിക്കാന്‍ യുപിഎ അംഗങ്ങളും സഖ്യ കക്ഷികളുമാണ് കാരണമായതെന്നും ജെയ്റ്റ്ലി പറഞ്ഞു.
വര്‍ഷങ്ങളായി കെട്ടിക്കിടന്ന ലോക്പാല്‍ ബില്‍ പാസാകാതിരുന്നത് നിയമങ്ങള്‍ അംഗീകരിക്കാന്‍ യുപിഎ തയ്യാറാകാതിരുന്നതിനാലാണ്. അണ്ണാഹസാരെയുമായി ചര്‍ച്ച നടത്തില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന യുപിഎ പാര്‍ലമെന്റ് സമ്മേളനത്തില്‍ ഞാന്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ പോലും അംഗീകരിച്ചില്ല. സെലക്ട് കമ്മറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റുവാങ്ങേണ്ടി വന്നതും യുപിഎ സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം കാരണമാണെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി.
ആംആദ്മിയെ കൈകാര്യം ചെയ്യാന്‍ യുപിഎയുടെ പദ്ധതി എന്ത് പദ്ധതിയാണ് തയ്യാറാക്കുന്നതെന്നും ജെയ്റ്റ്ലി ചോദിച്ചു. കോണ്‍ഗ്രസിന്റെ ബി ടീമാണ് ആംആദ്മിയെന്ന് പറയുന്നത് മുഴുവന്‍ ശരിയല്ല. ആംആദ്മി യുടെ ബി ടീമാണ് തങ്ങളെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നത്- തിരിച്ചടിക്കാനുള്ള കഴിവില്ലായ്മക്ക് മറ്റൊരുദാഹരണമാണിതെന്നും ജെയ്റ്റ്ലി പറഞ്ഞു.
തെലങ്കാന വിഷയത്തില്‍ പാര്‍ട്ടി ഒഴിഞ്ഞുമാറുകയാണ്. തീര്‍ച്ചയായും പുതിയ ഒരു സംസ്ഥാനം ആവശ്യമാണ്. എന്നാല്‍ തെലങ്കാന വിഷയത്തില്‍ ആന്ധ്രാപ്രദേശിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്താനോ നീതി നടപ്പാക്കാനോ യുപിഎക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അഴിമതി ഭരണത്തില്‍ നിന്നും സര്‍ക്കാരിനെ കരകയറ്റാനോ, സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനോ ശരിയായ നടപടികള്‍ യുപിഎ കൈക്കൊണ്ടില്ലെന്നും ജെയ്റ്റ്ലി കുറ്റപ്പെടുത്തി. തെറ്റുകളില്‍ നിന്നും യുപിഎ ഇതുവരെ പാഠംപഠിച്ചിട്ടില്ല. ടു ജി സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട ജെപിസി റിപ്പോര്‍ട്ട് അംഗീകരിച്ചത് യാതൊരു ചര്‍ച്ചയും കൂടാതെയാണ്. യുപിഎയുടെ പ്രതിച്ഛായക്ക് മങ്ങലേറ്റതിന് ഇത് കാരണമായെന്നും ജെയ്റ്റ്ലി പറഞ്ഞു.
കമ്മ്യൂണല്‍ വയലന്‍സ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്ഷിന്ഡെ നന്നെ പരിശ്രമിച്ചു. എന്നാല്‍ അതിന് സാധിച്ചില്ല. ജനങ്ങളെ ധ്രുവീകരിക്കുന്നതാണ് ഈ ബില്‍. അതു ഭരണഘടനാ വ്യവസ്ഥകളെ ഹനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുപിഎ സര്‍ക്കാര്‍ ഒരു മുടന്തന്‍ താറാവല്ല, അതു ചത്ത താറാവുതന്നെയാണെന്ന് പറയാതിരിക്കാനാവില്ലെന്നും ജെയ്റ്റ്ലി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: