പ്രഭാഷണച്ചിറകിലേറി വേദോപനിഷത്തുകളുടെ ജ്ഞാന വിഹായസ്സിലേക്ക് പറക്കുകയാണ് വാഗ്മിയും, ആദ്ധ്യാത്മിക പ്രഭാഷകനും, സാംസ്കാരിക പ്രവര്‍ത്തകനുമായ ഇരിട്ടി പ്രഗതി വിദ്യാനികേതനിലെ മുതിര്‍ന്ന മലയാളം അദ്ധ്യാപകന് പയ്യാവൂര്‍ മാധവന് മാസ്റ്റര്‍. മൂന്ന് വ്യാഴവട്ടം പിന്നിട്ട യാത്ര മാസ്റ്റര്‍ ഇപ്പോഴും തുടരുകയാണ്. സ്വാമി വിവേകാനന്ദന്റെ സാഹിത്യ സര്‍വസ്വത്തില്‍ തുടങ്ങി വേദോപനിഷത്തുക്കളില്‍ അഗാധമായ പഠനം നടത്തുകയും അത് തന്റെ പ്രഭാഷണ കലയിലൂടെ അനുവാചകരിലെത്തിക്കുകയും ചെയ്യുന്ന മാധവന് മാസ്റ്റര്‍ മഞ്ചേശ്വരം മുതല്‍ തിരുവനന്തപുരം വരേയുള്ള വിവിധ ക്ഷേത്രങ്ങളിലും സാംസ്കാരിക സദസ്സുകളിലുമായി രണ്ടായിരത്തിലേറെ പ്രഭാഷണങ്ങള്‍ ഇതുവരെ നടത്തിക്കഴിഞ്ഞു. കൂടാതെ ബാംഗ്ലൂര്‍, ഹൈദരാബാദ് തുടങ്ങിയ മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും അദ്ദേഹം തന്റെ അറിവിന്റെ അക്ഷരങ്ങള്‍ വിളമ്പി പ്രഭാഷണ കലയിലെ പ്രാവീണ്യം തെളിയിച്ചു. 2013 മെയ് മാസം ഷാര്‍ജയിലെ ഹിന്ദു ധര്‍മ്മത്തിന്റെ പ്രവര്ത്തകക്കൂട്ടായ്മയായ ‘ഏകത’യുടെ ക്ഷണ പ്രകാരം ഷാര്‍ജയിലും ഹിന്ദു ധര്‍മ്മത്തെ കുറിച്ച് പ്രഭാഷണം നടത്തി. പ്രശസ്ത എഴുത്തുകാരന് സി. രാധാകൃഷ്ണന് ആയിരുന്നു ഇതിന്റെ ഉദ്ഘാടകന്‍. 2003 ല്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം മഠാധിപതി ശ്രീ ശ്രീ രാമാനന്ദജിയില് നിന്നും പ്രഭാഷക രത്നം അവാര്‍ഡും സ്വര്‍ണ്ണപ്പതക്കവും മാസ്റ്റര്‍ക്ക് ലഭിച്ചിട്ടുണ്ട്.
ഭക്തിയല്ല, ആദ്ധ്യാത്മികതയുടെ ഉദ്ബോധനങ്ങളാണ് താന്‍ പ്രഭാഷണങ്ങളിലൂടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മാസ്റ്റര്‍ പറയുന്നു. ക്ഷേത്രം, ആരാധന, ആചാരങ്ങള്‍, അവയുടെ ആചരണങ്ങള്‍ തുടങ്ങിയവ ആദ്ധ്യാത്മികതയുടെ പുറംകാഴ്ചകള്‍ മാത്രമാണ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അയ്യപ്പ ശാസ്താ സങ്കല്‍പ്പത്തിന്റെ വേദാന്തസാരം തേടിയുള്ള ഒരു പഠന യാത്രയിലാണ് മാസ്റ്റര്‍ ഇപ്പോള്‍. പല മിത്തുകളും, കഥകളും, ഉപകഥകളും കെട്ടുപിണഞ്ഞു കിടക്കുന്ന അയ്യപ്പ ചരിതത്തിന്റെ യഥാര്‍ത്ഥ അയ്യപ്പതത്വം തേടിയുള്ള ഈ പഠന യാത്രക്കൊടുവില്‍ ഇന്ന് പ്രചാരത്തിലുള്ള പല കള്ളക്കഥകളെയും പൊളിച്ച് എന്താണ് യാഥാര്‍ത്ഥ്യം എന്ന് അയ്യപ്പന്റെ ആരാധകരായ കോടിക്കണക്കിന്നു ജനതയ്ക്ക് മുമ്പില്‍ ഒരു ഗ്രന്ഥമായി സമര്‍പ്പിക്കണം. അതിനായി ശാസ്താവിനെയും അയ്യപ്പനെയും കുറിച്ച് പ്രതിപാദിക്കുന്ന നിരവധി ഗ്രന്ഥങ്ങള്‍ വായിച്ചും ഗ്രഹിച്ചും ക്രോഡീകരിക്കാനുള്ള ഒരു ശ്രമം അദ്ദേഹം നടത്തിവരികയാണ്.
മാസ്റ്റര്‍ പറയുന്നു, ജലത്തിന്റെ ആകാരമാണ് സമുദ്രം. വേദാന്ത ഭാഷയില്‍ സമഷ്ടി എന്ന് പറയും. അതിന്റെ സൂക്ഷ്മ രൂപമാണ് ഒരു തുള്ളി ജലം. അതിനെ വ്യഷ്ടി എന്ന് പറയും. അതുപോലെ അനന്ത കോടി ചരാചരങ്ങള്‍ക്കും ആധാരമായ പ്രപഞ്ച ചൈതന്യത്തിന്റെ സമഷ്ടി ഭാവമാണ് പരമാത്മാവ്. അതിന്റെ വ്യഷ്ടി സ്വരൂപമാണ് കോടാനുകോടി ജീവശരീരങ്ങളില്‍ വര്‍ത്തിക്കുന്നത്. ആ അര്‍ത്ഥത്തിലാണ് സാമവേദത്തിലെ തത്വമസി എന്ന മഹാവാക്യം ശബരിമല യുടെ തിരുനെറ്റിയില്‍ കൊത്തി വെച്ചിരിക്കുന്നത്. മാലയിടുന്ന ഓരോ അയ്യപ്പഭക്തനും ജീവാത്മാവിന്റെ പ്രതീകമാണ്. ശ്രീ ധര്‍മ്മ ശാസ്താവ് പരമാത്മാവാണ്.
മഴ മേഘങ്ങള്‍ പൊഴിഞ്ഞ് ഉറവകളായി, തോടുകളായി, നദികളായി, സമുദ്രത്തിലേക്ക് തന്നെ ചെന്ന് ചേരണം. അതുപോലെ വിവിധ ശരീരങ്ങളിലുള്ള ജീവാത്മാക്കള്‍ സദാചാരപരമായി ജീവിതം നയിച്ച് കര്‍മ്മ കാണ്ഡം പൂര്‍ത്തിയാക്കി പരമാത്മാവിലേക്ക് തിരിച്ചെത്തും. ഹൈന്ദവ ആധ്യാത്മിക ചിന്തയുടെ രത്നച്ചുരുക്കം ഇതാണ് എന്ന് പറയാം. ഈ ഒരു വീക്ഷണമാണ് തന്റെ ഗ്രന്ഥത്തില്‍ സന്നി വേശിപ്പിക്കുവാന് മാസ്റ്റര്‍ ശ്രമിക്കുന്നത്. കാരണം, ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രമായ ശബരി മലയെപ്പറ്റി ഇനിയുള്ള കാലത്ത് തെറ്റിദ്ധാരണകള്‍ ഒന്നും നിലനിന്നു കൂട. വരാനിരിക്കുന്ന തലമുറയെ യുക്തിഭദ്രമായി ഉറച്ച ആധ്യാത്മികതയോടെ വാര്‍ത്തെടുക്കേണ്ടതുണ്ട്. ‘അന്ധവിശ്വാസികളെക്കാള്‍ യുക്തിവാദികളെ പ്രസവിച്ച രാഷ്ട്രമാണ് ഭാരതം’എന്ന് സ്വാമി വിവേകാനന്ദന് പണ്ടേ പറഞ്ഞു വെച്ചിട്ടുണ്ട്. ആ നിലക്ക് എല്ലാ അര്‍ത്ഥത്തിലും ഒരു പുനര്‍വായന അത് വിശ്വാസങ്ങളിലായാലും, ആചാരങ്ങളിലായാലും കൂടിയേ തീരൂ എന്നാണു മാധവന് മാസ്റ്റര്‍ പറയുന്നത്.
തന്റെ ഏറ്റവും വലിയ സദസ്സായി അദ്ദേഹം എന്നും കാണുന്നത് തന്റെ മുന്നിലുള്ള വിദ്യാര്‍ഥികളെയാണ്. മിക്ക കോളേജുകളിലെയും വിദ്യാര്‍ഥികളുമായി സംവദിക്കാറുണ്ട്. ഷാര്‍ജയിലെ ഇരുന്നൂറോളം വരുന്ന വിദ്യാര്‍ഥികളുമായി സനാതനധര്‍മ്മത്തെക്കുറിച്ച് നടത്തിയ ക്ലാസ് ഒരിക്കലും മറക്കാനാവില്ലെന്നും അദ്ദേഹം അത് മനസ്സില്‍ സൂക്ഷിക്കുന്നതായും മാസ്റ്റര്‍ പറഞ്ഞു. ‘പ്രഭാഷക പഞ്ചകം’ എന്ന പേരില്‍ ഇരിട്ടി കൈരാതി കിരാത ക്ഷേത്രത്തില്‍ തുടര്‍ച്ചയായി അഞ്ച് ദിവസത്തെ പ്രഭാഷണ പരമ്പരയും നടത്തിയിരുന്നു. കൂടാതെ കടകങ്ങളും, കാവുകളും കേന്ദ്രീകരിച്ച് തെയ്യ സ്വരൂപങ്ങളെപ്പറ്റി ചരിത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും വെളിച്ചത്തില്‍ പഠനവും പ്രഭാഷണങ്ങളും നടത്തി വരുന്നു. ജന്മഭൂമിയിലും തന്റെ പ്രതിഭയുടെ വെളിച്ചം മാസ്റ്റര്‍ ഇടക്ക് തൂവാറുണ്ട്.
താന്‍ നടത്തിയ മറ്റ് സാംസ്കാരിക പ്രവര്‍ത്തനങ്ങളെ ക്കുറിച്ചും മാസ്റ്റര്‍ക്ക് പറയാനുണ്ട്. 28 വയസ്സ് ആവുമ്പോഴേക്കും അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം, ചീര്‍ക്കയം സുബ്രഹ്മണ്യന് കോവില്‍, ചിറ്റാരിക്കാല്‍ അയ്യപ്പക്ഷേത്രം എന്നിവയുടെ സ്ഥാപക സെക്രട്ടറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധവന് മാസ്റ്റര്‍ പ്രസിഡന്റ് ആയ വര്‍ഷമാണ് പയ്യാവൂര്‍ പട്ടണ നടുവില്‍ കൂറ്റന്‍ ശിവ പ്രതിമ സ്ഥാപിക്കപ്പെട്ടത്. ഇപ്പോഴും ക്ഷേത്രകാര്യങ്ങളില്‍ സജീവമായി പങ്കെടുത്ത് വരുന്നു.
കാസര്‍കോട് ജില്ലയിലെ പ്രശസ്തമായ ജന്മി കുടുബത്തില്‍ പെട്ട മുളവന്നൂര്‍ കൂലോത്തെ കുമാരന് വൈദ്യരുടെയും, മാധവി അമ്മയുടെയും മൂത്ത മകനാണ് മാസ്റ്റര്‍. കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹൈസ്കൂള്‍, കരിമ്പില്‍ ഹൈസ്കൂള്‍, പയ്യന്നൂര്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഭാര്യ കമലം. മക്കളായ മനീഷ്, മഹേഷ് എന്നിവര്‍ ഗള്‍ഫില്‍ ജോലി നോക്കുന്നു. മകളായ മഞ്ജുള എറണാകുളത്താണ് താമസം.
പ്രഭാഷണ കലയിലൂടെ ആദ്ധ്യാത്മികതയുടെ നേര്‍വെളിച്ചം വിതറി യാത്ര തുടരുന്ന മാസ്റ്റര്‍ ഈ യാത്രയെക്കുറിച്ച് ഒടുവില്‍ പറയുന്നതിങ്ങനെ. തന്നെ മറ്റുള്ളവരറിയുന്നതിലും തനിക്കറിയുന്നത് മറ്റുള്ളവരെ അറിയിക്കുന്നതിലും ഉപരിയായി തന്നെത്തന്നെ അറിയാനാണീ യാത്ര. തന്നെ അറിയുന്നവര്‍ കാലത്തെയും ലോകത്തെയും അറിയുന്നു. സ്വയം അറിയാത്തവര്‍ മേറ്റ്ന്തൊക്കെ അറിഞ്ഞിട്ടും വലിയ പ്രയോജനമില്ല. ഞാന്‍ ആര് എന്ന ചോദ്യത്തിന്ന് ഉത്തരം കിട്ടുമ്പോഴാണ് മനുഷ്യജന്മം സാര്‍ത്ഥകമാവുന്നത്. ആ ചോദ്യത്തിന്റെ ഉത്തരം തിരയുന്ന ഏതൊരാള്‍ക്കും ആത്യന്തികമായി ചെന്ന് നില്ക്കാനുള്ളത് ഭാരതത്തിന്റെ വേദാന്തോപനിഷത്തുക്കളുടെ മുന്നിലാണ്. അവക്ക് മുന്‍പോ പിന്‍പോ സമാനമായ ചിന്തകള്‍ വിശ്വ സാഹിത്യത്തില്‍ എവിടെയും പ്രത്യക്ഷപ്പെട്ടിട്ടില്ല. സ്വാമി വിവേകാനന്ദന് പറഞ്ഞിട്ടുണ്ട് ‘മൂപ്പെത്തുന്നതിന്നു മുന്‍പ് തല്ലിക്കൊഴിച്ച ഒരു ആപ്പിള്‍ അല്ല ഹിന്ദു മതം ‘എന്ന്. ഇന്നും ആ ഒരവസ്ഥ നിലനില്‍ക്കുന്നത് വേദാന്തോപനിഷത്തുകള് ചൈതന്യത്തോടെ ഇവിടെ നില നില്‍ക്കുന്നത് കൊണ്ടാണ്. കാലം കഴിയുന്തോറും മനുഷ്യ പക്ഷത്ത് നിലയുറപ്പിക്കുന്നവര്‍ അവയോട് കൂടുതല്‍ അടുത്ത് കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. അതില്‍ വേദാന്തോപനിഷത്തുക്കളും അവയില്‍ അഭിരമിക്കുന്ന ദേശീയ മനസ്സും ഉള്ളിടത്തോളം കാലം ഭാരതം ഒരിക്കലും മരിക്കില്ല.
കാലം ആസുരികമാവുകയും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ‘നൂതന സിദ്ധാന്തങ്ങള്‍ ‘ ഒരു രാഷ്ട്രത്തിന്റെ ആത്മാവിനെ മുന്‍പെങ്ങുമില്ലാത്ത വിധം കരണ്ട് തിന്നാന്‍ തുടങ്ങുമ്പോള്‍ അതിനെതിരെ വീണ്ടും നമ്മുടെ അസ്മിതയെ ഉയര്‍ത്തിപ്പിടിക്കേണ്ട തുണ്ട്. ആനിലയ്ക്ക് വിദ്യാസമ്പന്നരായ ആളുകളെ ഉപനിഷത്തുക്ക ളുടെ മഹാസാഗരത്തില്‍ കുളിപ്പിച്ച് ശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. അതിനായുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന മഹാത്മാക്കളുടെ എളിയ ദാസനായി ഈ ജന്മം നീന്തിക്കടക്കണം എന്നത് മാത്രമേ മാധവന് മാസ്റ്റര്‍ ആഗ്രഹിക്കുന്നുള്ളൂ .
വാല്‍ക്കഷണം: വാക്കിന്റെ ഊക്ക് തിരിച്ചറിഞ്ഞ് വിശ്വവിജയം വരിച്ച വേദാന്ത കേസരി സ്വാമി വിവേകാനന്ദന്. രാമകൃഷ്ണാ ശ്രമത്തിലെ സ്വാമി വിവിക്താനന്ദ സരസ്വതി, സ്വാമി ചിദാനന്ദ പുരി എന്നിവരുടെ ആരാധകന്. പക്ഷേ ഹൃദയം കൊണ്ട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് സ്വാമി ചിദാനന്ദ പുരിയാണ്.
സതീശന് ഇരിട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: