സൂര്യനെ വാറ്റി
സന്ധ്യയിലൊഴിച്ചടയ്ച്ച് വച്ചു
ജ്വരം പൂത്ത രാവിന്
നെറ്റിയില്‍ പൂശാന്‍ ചൂട്
നക്ഷത്രങ്ങളെ നീറ്റിയത്
പ്രഭാതത്തിന്റെ അളുക്കില്‍
മുന്‍ നിഴലിന്റെ സഞ്ചാരവഴിയില്‍
മിന്നിയ്ക്കാന്‍ പകല്‍ച്ചൂട്
സമുദ്രദാഹം മുങ്ങാംകുഴിയിട്ട്
തിരയിളക്കാതെ പാരായണപ്പൊത്തില്
ഇളപ്പിരുന്ന് തൊണ്ട വരളുമ്പോള്‍
ഇറ്റിയ്ക്കാം ഇത്തിരി
മരച്ചക്കിലാട്ടിയ കിളിമൊഴി
കഴുകിയിട്ടും പോയില്ല കയ്യില്‍നിന്ന്
വിരല്‍ തുഞ്ചത്തിപ്പോഴും
തെന്നുന്നു മിനുമിനാ
പിച്ചള കെട്ടിയ തലമുറപ്പെട്ടി
പൂപ്പല്‍ ചിരിച്ച് നിലവറയില്‍
കവിതയിട്ട് തുറന്ന്,
കഥയില്ലായ്മകള്‍ പൂട്ടിവയ്ക്കാന്‍
ചെളി പുതഞ്ഞ വഴിയില്‍
കാലൊച്ച കാത്ത് ഒരു തുണ്ട് സ്നേഹം
കടിച്ചിട്ട് മുറിയാതെ
കാട്ടാളന് വലിച്ചെറിഞ്ഞത്
തുപ്പലം തൂത്ത്,
കുണ്ടിനിക്കറില് ഉരച്ചപ്പോള്‍
കോവയ്ക്കാ പഴുത്ത ചന്തം
കാട്ടമ്പഴത്തിന്റെ ഗന്ധം
സ്വപ്നത്താളില് പൊതിഞ്ഞ്
ഓര്‍മച്ചെപ്പില്‍ വച്ചിട്ടുണ്ട്,
ഇടയ്ക്കൊക്കെ എടുത്ത് അമ്പഴങ്ങാ മണക്കാന്‍.
– മൂസണ്‍ തമ്പ്രാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: