തിരുവനന്തപുരം: 14-ാം ധനകാര്യ കമ്മീഷന് അംഗങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി നടത്തിയ അത്താഴവിരുന്നില്‍ മദ്യം വിളമ്പിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ.സി ജോസഫ്. ഇത്തരമൊരു സംഭവം അത്താഴ വിരുന്ന് നടന്ന ഹോട്ടലില്‍ ഉണ്ടായിട്ടില്ല. കമ്മീഷനെ സ്വാധീനിക്കാനാണ് ഇത് ചെയ്തതെന്ന് ദു:സൂചനയുണ്ടാക്കുന്ന തരത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനെപ്പോലെ ഒരു ഉന്നത നേതാവ് ആരോപണം ഉന്നയിച്ചത് ശരിയായില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനസര്‍ക്കാര്‍ നല്കിയ നിവേദനത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ കമ്മീഷനെ ബോധ്യപ്പെടുത്താനായില്ലെന്നും കമ്മീഷന് സംസ്ഥാനത്തോട് അതൃപ്തിയുണ്ടായെന്നുമുള്ള ആരോപണങ്ങളും അടിസ്ഥാന രഹിതമാണ്. ചില മാധ്യമങ്ങളും ഇത്തരത്തില്‍ വാര്‍ത്ത നല്കി. പ്രസ്താവന ഉന്നയിക്കുന്നതിന് മുമ്പ് കോടിയേരി ഇതിന്റെ വാസ്തവം അന്വേഷിച്ച് അറിയേണ്ടിരുന്നു.
ഇത്തരത്തിലുള്ള പ്രസ്താവന ധനകാര്യകമ്മീഷനെയാണ് അപമാനിച്ചത്. കമ്മീഷന് സന്ദര്‍ശനം പൂര്‍ത്തിയാക്കി കേരളം വിടുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ ഉപനേതാവ് ഇത്തരമൊരു പ്രസ്താവന ഇറക്കിയത് നിര്‍ഭാഗ്യകരമാണ്. സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാതെ ഇത്തരത്തിലുളള വിമര്‍ശനം ഉന്നയിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമില്ല.
സര്‍ക്കാരിന്റെ നിവേദനത്തിലും രാഷ്ട്രീയപാര്‍ട്ടികള്‍ നല്കിയ നിവേദനത്തിലും പറഞ്ഞിട്ടുള്ള ആവശ്യങ്ങള്‍ സമാനമായതിനാല്‍ സംസ്ഥാനത്തിന്റെ പൊതുവായ ആവശ്യം ഒന്നാണെന്ന് കമ്മീഷന് ബോധ്യമായി. കമ്മീഷന് ഇതില്‍ സംതൃപ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ കമ്മീഷന് അനുഭാവപൂര്‍വം പരിഗണിക്കുമെന്നാണ് കരുതുന്നത്. മറ്റു സംസ്ഥാനങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഒക്ടോബറോടെ കമ്മീഷന് തങ്ങളുടെ അഭിപ്രായം അറിയിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: