കണ്ണൂര്‍: ഭാരതീയ സ്ത്രീ സമൂഹം സമാജ പരിവര്‍ത്തനത്തിന്റെ ചാലക ശക്തിയായി മാറണമെന്ന് ബിഎംഎസ്സ് സംസ്ഥാന സംഘടനാ സെക്രട്ടറി പി.എന്‍.ഹരികൃഷ്ണ കുമാര്‍ പറഞ്ഞു. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിയോടനുബന്ധിച്ച് ബിഎംഎസ് കണ്ണൂരില്‍ സംഘടിപ്പിച്ച മഹിളാ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക ചരിത്രത്തില്‍ മാറ്റത്തിന്റെ നാന്ദി കുറിച്ചത് സ്ത്രീ സമൂഹമാണ്. ലോകത്താകമാനം ഭാരതത്തിന്റെ യശസ്സുയര്‍ത്തിയ സ്വാമി വിവേകാനന്ദന്റെ വിജയത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ അമ്മയായിരുന്നു. തനിക്ക് ഭാവിയില്‍ കുതിര വണ്ടിക്കാരനാകണമെന്ന് പറഞ്ഞ വിവേകാനന്ദസ്വാമികളോട് അമ്മ പറഞ്ഞത് ധര്‍മ്മത്തിന്റെ തേര് തെളിക്കുന്ന കുതിരവണ്ടിക്കാരനാകണമെന്നായിരുന്നു. വിവേകാനന്ദ സ്വാമികളുടെ വ്യക്തിത്വ രൂപീകരണത്തില്‍ അദ്ദേഹത്തിന്റെ അമ്മ വഹിച്ച പങ്ക് നിസ്തൂലമായിരുന്നു. ഭാവി തലമുറയുടെ സ്വഭാവ രൂപീകരണത്തില്‍ അമ്മമാരുടെ പങ്ക് വിളിച്ചോതുന്ന ഉദാത്ത മാതൃകയാണ് വിവേകാനന്ദന്റെ അമ്മയെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി മേഖലയില്‍ 50 ശതമാനത്തോളം സ്ത്രീകളാണ്. എന്നാല്‍ തൊഴിലാളി സംഘടനകളുടെ നേതൃസ്ഥാനത്ത് സ്ത്രീകളുടെ കടന്ന് വരവ് തുലോം തുച്ഛമാണ്. ബിഎംഎസ് ലക്ഷ്യമിടുന്നത് എല്ലാ മേഖലകളിലും പുരുഷന്മാരോടൊപ്പം സ്ത്രീകളും കടന്ന് വരണമെന്നാണ്. സംഘടിത ശക്തിയില്‍ കൂടി മാത്രമേ സ്ത്രീകള്‍ക്ക് സ്വന്തം അവകാശങ്ങള്‍ നേടിയെടുക്കാനും സംരക്ഷിക്കാനും സാധിക്കയുള്ളു. ആത്മ വിശ്വാസമുള്ള ഒരു സ്ത്രീ സമൂഹമായിരുന്നു വിവേകാന്ദന്റെ ലക്ഷ്യം.
ഹിന്ദു ഐക്യവേദി മഹിളാ വിഭാഗം സംസ്ഥാന അധ്യക്ഷ നിഷാ സോമന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി വനജാ രാഘവന് അധ്യക്ഷത വഹിച്ചു. വി.കെ.ജയശ്രീ ടീച്ചര്‍ സ്വാഗതവും വി.പുഷ്പജ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: