തിരുവനന്തപുരം: ബിജെപിക്കും നരേന്ദ്രമോദിക്കുമെതിരായ നുണപ്രചാരണങ്ങള്‍ അവസാനിപ്പിച്ച് പ്രാപ്തിയുള്ള ഒരു നേതാവിനെ കണ്ടെത്തുകയാണ് കോണ്‍ഗ്രസ്സും സോണിയാഗാന്ധിയും ചെയ്യേണ്ടതെന്ന് കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ബന്ദാരു ദത്താത്രേയ. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോണിയാഗാന്ധിയും പ്രധാനമന്ത്രിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞ വാക്കുകളില്‍ നിന്നു തന്നെ ബിജെപിയെയും നരേന്ദ്രമോദിയെയും കോണ്‍ഗ്രസ് എത്രമാത്രം ഭയക്കുന്നുവെന്ന് വ്യക്തമാണ്. ബിജെപിക്കും മോദിക്കുമെതിരെ അസത്യ പ്രചരണങ്ങള്‍ നടത്താന്‍ ശ്രമിക്കുകയാണ് കോണ്‍ഗ്രസ്. പൊതു തെരഞ്ഞെടുപ്പ് നേരിടാന്‍ നേതൃത്വമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് ഇന്ന്. മോദിയോളം ജനസമ്മതിയുള്ള ഒരു നേതാവിനെ കണ്ടെത്താനാണ് സോണിയാഗാന്ധി ശ്രമിക്കേണ്ടത്.
2014ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങും. ആന്ധ്രാപ്രദേശ്, കര്‍ണാടകം, തമിഴ്നാട്, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തുടച്ചു നീക്കപ്പെടും. ആന്ധ്രയില്‍ 33 സീറ്റുള്ളിടത്ത് മൂന്നു സീറ്റുപോലും കോണ്‍ഗ്രസിന് കിട്ടില്ല. കോണ്‍ഗ്രസ്സിനെതിരെ അതിരൂക്ഷമായ ജനവികാരമാണ്. വിലക്കയറ്റം, അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം, അഴിമതി, ആഭ്യന്തര സുരക്ഷ, രാജ്യസുരക്ഷ തുടങ്ങിയ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ മാനദണ്ഡമാകും. 12 കോടി വരുന്ന രാജ്യത്തെ യുവവോട്ടര്‍മാര്‍ തെരഞ്ഞെടുപ്പിന്റെ ഭാവി നിര്‍ണയിക്കും. സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത് ഇതില്‍ 80 ശതമാനവും മോദിയെ പിന്തുണയ്ക്കുന്നവരാണ് എന്നാണ്. രാഷ്ട്രീയ നിലപാടുകളില്ലാത്ത ഇവര്‍ വികസനവും മികവുറ്റ ഭരണവും ആഗ്രഹിക്കുന്നവരാണ്. 2014ലെ തെരഞ്ഞെടുപ്പ് ചരിത്രപരമായ തെരഞ്ഞെടുപ്പായി മാറും. 1977ലെ സാഹചര്യത്തിന് സമാനമായ സ്ഥിതി വിശേഷമാണ് ഇന്നുള്ളത്.
കേരളത്തില്‍ പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി ഒഴിവാക്കാനാവാത്ത ശക്തിയായി മാറും. പലയിടത്തും ത്രികോണ മത്സരങ്ങള്‍ നടക്കും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വളരെയേറെ മാറിയിട്ടുണ്ട്. ബിജെപിക്കും മോദിക്കും വളരെയേറെ സ്വീകാര്യത ഇന്ന് കേരളത്തിലുണ്ട്.
ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനിയോടുള്ള അവഹേളനം ഭാരതത്തിന്റെ നയതന്ത്ര രംഗത്തെ പരാജയമാണ് കാണിക്കുന്നത്. മുതിര്‍ന്ന് നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് പരിരക്ഷ നല്‍കുന്നതില്‍പോലും യുപിഎ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. ദേവയാനിക്കെതിരായ നടപടിയില്‍ അമേരിക്ക മാപ്പുപറയുകയും അവരെ മോചിപ്പിക്കുകയും വേണം.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മ്മാണത്തോട് അനുബന്ധിച്ച് കാര്യങ്ങളില്‍ ആന്ധ്ര സര്‍ക്കാര്‍ സ്വാഗതാര്‍ഹമായ നിലപാടാണ് കൈകൊണ്ടിട്ടുള്ളത്. ഒരു എതിര്‍പ്പും ഉണ്ടായിട്ടില്ല. മുന്‍ കേന്ദ്രമന്ത്രി ശിവശങ്കറിന്റെ ഭാര്യയടക്കം നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പദ്ധതിയുമായി സഹകരിക്കുണ്ടെന്നും മൂന്നു തവണ ആന്ധ്രയില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട എംപി കൂടിയായ ബന്ദാരുദത്താത്രേയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: