കോട്ടയം: മംഗളം അസി. ന്യൂസ് എഡിറ്ററായിരുന്ന അന്തരിച്ച എം.ജെ. ഡാരീസിന്റെ പേരിലുള്ള അഞ്ചാമത് മാധ്യമപുരസ്കാരത്തിന് കാര്‍ട്ടൂണിസ്റ്റ് ടോംസ് അര്‍ഹനായി. 5001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. എം.ജെ. ഡാരീസ് സുഹൃദ്വേദിയും കേരള പത്രപ്രവര്‍ത്തക യൂണിയന് മംഗളം സെല്ലും സംയുക്തമായാണ് പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഹക്കീം നട്ടാശ്ശേരി, മംഗളം എക്സിക്യൂട്ടീവ് എഡിറ്റര്‍ എ. സജീവന്, പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കെ. പ്രേംനാഥ് എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണു ഡാരീസ് മാധ്യമപുരസ്കാരത്തിന് ടോംസിനെ തെരഞ്ഞെടുത്തത്.
മാധ്യമരംഗത്ത് അരനൂറ്റാണ്ടിലേറെ സജീവസാന്നിധ്യമായ ടോംസ് എന്ന വി.ടി. തോമസ് കുട്ടനാട് സ്വദേശിയാണ്. ബോബനും മോളിയും എന്ന ബ്രാന്‍ഡഡ് കാര്‍ട്ടൂണിലൂടെ ആസ്വാദക മനസില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ള ടോംസ് മലയാള മനോരമ, കലാകൗമുദി എന്നീ പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു.
28ന് രാവിലെ 11.30ന് കോട്ടയം പ്രസ്ക്ലബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പുരസ്കാര സമര്‍പ്പണം നടത്തും. കോട്ടയം മുനിസിപ്പല്‍ ചെയര്മാന് എം.പി. സന്തോഷ്കുമാര്‍ അധ്യക്ഷത വഹിക്കും. ഡാരീസ് അനുസ്മരണപ്രഭാഷണം ഹക്കിം നട്ടാശ്ശേരി നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: