കോഴിക്കോട്: ഉദ്യോഗസ്ഥ ഭരണത്തില്‍ വനം വകുപ്പിന്റെ കര്‍മ്മ പദ്ധതികളും അവതാളത്തിലായി. വകുപ്പിന് സ്വന്തം മന്ത്രി ഇല്ലാതായതോടെയാണ് ഈ സ്ഥിതി.
ബോധവല്‍ക്കരണം, കരുതല്‍ നടപടികള്‍ ,വികസന പദ്ധതികള്‍ തുടങ്ങിയവയാണ് താളം തെറ്റിയത്. കാട്ടുതീ തടയുന്നതിനും മുന്‍കരുതലിനുമുള്ള നടപടികള്‍ സാധാരണ ഡിസംബര്‍ ആദ്യവാരത്തോടെ പ്രാവര്‍ത്തികമായിരുന്നു. എന്നാല്‍ ഇത്തവണ ഇതിനുള്ള നീക്കങ്ങളൊന്നുമായിട്ടില്ല. ചൂടുകൂടുന്നതോടെയാണ് വനത്തില്‍ കാട്ടുതീ ഉണ്ടാകുന്നത്. വന്‍ നാശനഷ്ടങ്ങളാണ് പലപ്പോഴും ഇതുമൂലം ഉണ്ടാകുന്നത്. വനത്തിലെ പുല്ലുകള്‍ വെട്ടിത്തെളിച്ച് ‘ഫയര്‍ ലൈന്‍’ രൂപപ്പെടുത്തല്‍, സേനയെ സജ്ജമാക്കല്‍, ബോധവല്‍ക്കരണം എന്നിവയാണ് വനം വകുപ്പ് പതിവായി ചെയ്യാറുള്ളത്.
വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുള്ള സാമൂഹ്യ വനവല്‍ക്കരണ-ബോധവല്‍ക്കരണ പരിപാടികളും ഇത്തവണ നടപ്പായിട്ടില്ല. വനഭൂമിയുമായി അടുത്തുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലവുമായി ബന്ധപ്പെട്ട് എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് (എന്‍.ഒ.സി) നല്‍കുന്നതും നിശ്ചലമായിരിക്കുകയാണ്. സാധാരണക്കാരന്റെ ഭൂമിയിന്മേലുള്ള ഈ നടപടികള്‍ക്ക് സുതാര്യത നഷ്ടമായതായും പരാതിയുണ്ട്.
വകുപ്പുമായി ബന്ധപ്പെട്ട് പെട്ടെന്നുണ്ടാകുന്ന വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിനും ആലസ്യം നന്നേ ബാധിച്ചു. മാവോവാദി സാന്നിദ്ധ്യം കേരള വനത്തില്‍ ഉണ്ടെന്ന് പറയുമ്പോഴും അതിന്റെ വസ്തുത കണ്ടെത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇനിയുമായിട്ടില്ല. ഇതര സംസ്ഥാനങ്ങളിലെ വനത്തെ അപേക്ഷിച്ച് കേരളത്തില്‍ തെരച്ചില്‍ അത്ര ദുസ്സഹമല്ല. കാരണം ഇവിടെ അത്രമാത്രം ഉള്‍ക്കാടുകളില്ല. താമരശ്ശേരി,വയനാട് എന്നിവിടങ്ങളില്‍ വനപാലകര്‍ക്കും, ആപ്പീസുകള്‍ക്കും നേരെയുണ്ടായ അതിക്രമകേസുകളിലെ നടപടികള്‍ക്കും തീരെ വേഗതയില്ല. കാടുകളിലെ സെന്‍സസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കുനേരെയുണ്ടായ അക്രമത്തിലും ഇതേ അവസ്ഥയായിരിക്കുമെന്നും സൂചനയുണ്ട്. പാട്ടക്കരാര്‍ ലംഘിച്ച നെല്ലിയാമ്പതി എസ്റ്റേറ്റ് കേസും നിലച്ച മട്ടാണ്.
കെ.ബി ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് വനം വകുപ്പില്‍ ആലസ്യം തുടങ്ങിയത്. ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഫയല്‍ നീക്കങ്ങളിലുമാണ് ഇത് ആദ്യം അനുഭവപ്പെട്ടത്. ഇപ്പോള്‍ ഒമ്പത് മാസമായി വകുപ്പിന് സ്വന്തം മന്ത്രി ഇല്ലാതായിട്ട്. മുഖ്യമന്ത്രി വകുപ്പിന്റെ ചുമതല വഹിക്കുന്നുണ്ടെങ്കിലും ഒരു കാര്യത്തിലും ഇടപെടലുണ്ടാകുന്നില്ല. ഉദ്യോഗസ്ഥര്‍ ചട്ടപ്പടികാര്യങ്ങള് ‘യാന്ത്രികമായി’ നിര്‍വ്വഹിക്കുന്നുവെന്നുമാത്രം. വകുപ്പു പ്രവര്‍ത്തനങ്ങളില്‍ അവലോകനമോ കാര്യക്ഷമതയോ ഇല്ല. സേനയെ നവീകരിക്കുന്നതുള്‍പ്പെടെയുള്ള വികസന കാഴ്ചപാടുകള്‍ക്കും ജീവനില്ല. വകുപ്പില്‍ ഇപ്പോള്‍ കൃത്യമായി നടക്കുന്നത് ജീവനക്കാരുടെ സ്ഥലംമാറ്റം മാത്രമാണെന്നും ആക്ഷേപമുണ്ട്.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: