മുംബൈ: നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ മൂന്നാം പാദ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 7.75 ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6.75 ശതമാനവുമായി തുടരും. കരുതല്‍ ധനാനുപാത നിരക്ക് നാലു ശതമാനത്തില്‍ നിലനിര്‍ത്തി. റിസര്‍വ് ബാങ്കില്‍ നിന്ന ഒരു ദിവസത്തേക്കു മാത്രം ബാങ്കുകള്‍ എടുക്കുന്ന വായ്പയായ എംഎസ്എഫിന്റെ പലിശ നിരക്ക് 8.75 ശതമാനമായി തുടരും. വായ്പാ നയത്തെ വ്യവസായ ലോകം സ്വാഗതം ചെയ്തു. രൂപയും നില മെച്ചപ്പെടുത്തിയിട്ടുണ്ട്.
നവംബറില്‍ പണപ്പെരുപ്പ നിരക്ക് 7.52 ശതമാനമായി ഉയര്‍ന്നത് വിപണിയിലെ പണത്തിന്റെ അളവ് കുറയ്ക്കുന്നതിനായി വായ്പാ നയത്തില്‍ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിച്ചേക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ റിപ്പോ നിരക്ക് 7.75 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തിയത് ആശ്വാസമായി. പലിശ നിരക്ക് കൂടാന്‍ ഉതകുന്ന നയമായിരുന്നുവെങ്കില്‍ -1.8 ശതമാനത്തില്‍ നില്ക്കുന്ന വ്യാവസായിക മേഖല വീണ്ടും മുരടിക്കുമായിരുന്നു.
പണപ്പെരുപ്പനിരക്ക് ആശങ്കാജനകമായ നിലയിലാണെന്നും നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും വായ്പാ അവലോകനത്തിനിടെ ആര്‍ബിഐ വ്യക്തമാക്കി. ഭക്ഷ്യവില സൂചികയിലുണ്ടായ കുതിച്ചു കയറ്റമാണ് വിപണിയിലെ പണപ്പെരുപ്പത്തിന് കാരണം. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 40 പോയിന്റ് ഉയര്‍ന്ന് 20,652 എന്ന നിലയിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: