കോട്ടയം: പുഴുങ്ങാനെടുത്ത താറാവിന് മുട്ട വെള്ളത്തിലിട്ടപ്പോള്‍ പൊട്ടി പാമ്പിന്‍കുഞ്ഞിനെ പോലെ തോന്നിക്കുന്ന ജീവി പുറത്തുചാടി. മീനടം മഞ്ഞാടി ലക്ഷംവീട് കോളനിയില്‍ വെട്ടിക്കോട്ട് ഷാജിയുടെ വീട്ടിലാണ് സംഭവം. ഇന്നലെ രാവിലെ മുട്ട പുഴുങ്ങാനായിപാത്രത്തിലിട്ട് വെള്ളം ചൂടായപ്പോഴാണ് ഒരുമുട്ട പൊട്ടി നീളമുള്ള ജീവി പാത്രത്തിലേക്ക് വന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്ന് ജില്ലാ ഫുഡ് ആന്റ് സേഫ്റ്റി ഓഫിസില്‍ നിന്ന് ഉദ്യോഗസ്ഥനെത്തി മുട്ടയുടെ അവശിഷ്ടങ്ങള്‍ പരിശോധനക്ക് കൊണ്ടുപോയി. ഞാഞ്ഞൂല് പോലുള്ള ജീവിയാണ് മുട്ടയില്‍ നിന്ന് പുറത്തുവന്നതെന്ന് ജില്ലാ ഫുഡ് ആന്റ് സേഫ്റ്റി ഓഫിസര്‍ ഡേവിഡ് ജോണ്‍ പറഞ്ഞു. സാധാരണ മുട്ടയിലേത് പോലെ വെള്ളയും മഞ്ഞക്കരുവും കണ്ടെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. ഇതിനാല്‍ പാമ്പിന്മുട്ടയെന്ന് ഉറപ്പിക്കാന്‍ കഴിയില്ലെന്നും കൂടുതല്‍ പരിശോധനക്ക് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. പാമ്പാടിയിലെ മൊത്തവ്യാപാര കടയില്‍ നിന്നാണ് മീനടത്തെ റീട്ടെയില്‍ കടയിലേക്ക് മുട്ട എത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: