കൊച്ചി: അന്താരാഷ്ട്ര ചലച്ചിത്രാസ്വാദകര്‍ക്കായി ഈ വാരം ചൈനയില്‍ നിന്നുമുള്ള ‘സെന്റിമെന്റല്‍ ആനിമല്‍’ പ്രദര്‍ശിപ്പിക്കും. ജീവിതയാഥാര്‍ഥ്യങ്ങളുടെ കറുപ്പും വെളുപ്പും കലര്‍ന്ന വര്ണഭേദങ്ങളിലാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സമീപകാലത്തു പുറത്തിറങ്ങിയ വിദേശ സിനിമകളില്‍ അപൂര്‍വത നിറഞ്ഞ ഒന്നാണ് ഇത്.
ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും കേരള സംഗീതനാടക അക്കാഡമിയും ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി നടത്തിവരുന്ന പ്രതിവാര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 6.30-ന് എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കിലുള്ള തിയേറ്ററിലാണ് പ്രദര്‍ശനം.
വു ക്വാന്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിര്‍മാതാവും ക്വാന്‍ തന്നെ. ഷാങ്ങ് യുഗോങ്ങിന്റെ ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. സംവിധായകന്റെയും നിര്‍മാതാവിന്റെയും വേഷങ്ങള്‍ക്കു പുറമേ ചിത്രസംയോജനം, നിര്‍മാണ രൂപകല്‍പ്പന, ശബ്ദലേഖനം എന്നിവയും വു ക്വാന്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.
പുരുഷമേധാവിത്വമുള്ള സമൂഹത്തില്‍ കഴിയുന്ന ഒരു ചൈനീസുകാരന്റെ അവസാനകാലജീവിതമാണ് ചിത്രത്തിനു സംവിധായകന് വിഷയമാക്കിയിരിക്കുന്നത്. ധീരനായ പടയാളിയും മത്സ്യഫാമിന്റെ ഉടമയുമായ നായകന് ഒരു വീരോചിതപ്രയത്നത്തിനൊടുവില് അംഗവൈകല്യം വന്നുചേരുന്നു. സംസാരശേഷി പോലും നഷ്ടപ്പെട്ട അയാള്‍ക്ക് എന്തിനും ഏതിനും പരിചാരികയുടെ സഹായം വേണ്ടിവരുന്നു. അപ്പൊഴും, തന്റെ സമൂഹത്തില്‍ തനിക്കുള്ള സ്ഥാനം നഷ്ടപ്പെടുന്നില്ലെന്ന് അയാള്‍ മനസിലാക്കുന്നു. തന്റെ അവസാനനാളുകള്‍ അടുത്തുവെന്ന് തിരിച്ചറിയുമ്പോഴും ഏറ്റവും വിഷമം നിറഞ്ഞ ഒരു കര്‍ത്തവ്യം കൂടി അയാള്‍ ഏറ്റെടുക്കുകയാണ്…
അത്രവേഗം മറക്കാന്‍ കഴിയില്ലാത്ത വിധമാണ് ചിത്രത്തിലെ ഓരോ കഥാപാത്രത്തെയും സംവിധായകന് മെനഞ്ഞെടുത്തിരിക്കുന്നത്. ഒരേസമയം നമ്മെ വികാരതീവ്രരാക്കുകയും ചിലപ്പോഴൊക്കെ ഞെട്ടിക്കുകയും ചെയ്യുന്ന ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. വ്യത്യസ്തമായ സിനിമാനുഭവം ആഗ്രഹിക്കുന്ന പ്രേക്ഷകര്‍ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്തതാണ് ഈ ചിത്രമെന്നു പറയാം. ചലച്ചിത്രപ്രദര്ശനത്തിലേയ്ക്കുള്ള ടിക്കറ്റുകള്‍ തിയേറ്ററില്‍ നിന്നും മുന്‍കൂട്ടി കരസ്ഥമാക്കാവുന്നതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: