കൊച്ചി: അലങ്കാരമത്സ്യ- പക്ഷി- ഓമനമൃഗങ്ങളുടെ വിപുലമായ പ്രദര്‍ശനമായ ഡി അക്വേറിയ ഈ മാസം 19ന് എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനിയില്‍ ആരംഭിക്കും. ഡി അക്വേറിയയുടെ അഞ്ചാമത് എഡിഷനാണ് ഇത്തവണ നടക്കുന്നത്. ഈ മാസം 29 വരെയാണ് ഈ സവിശേഷമായ പ്രദര്ശനവില്പന. 19നു രാവിലെ 11 ന് മന്ത്രി കെ. ബാബു ഡി അക്വേറിയ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന് എംഎല്‍എ, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍ അടക്കമുള്ള വിശിഷ്ടവ്യക്തികള്‍ സന്നിഹിതരായിരിക്കും.
അത്യപൂര്‍വവും വ്യത്യസ്തവുമായ ശുദ്ധജല, സമുദ്രജല അലങ്കാരമത്സ്യങ്ങളും സ്വദേശി- വിദേശി ബ്രീഡുകളായ നായകളും പൂച്ചകളും ഉണ്ടാകും. ഇത്തവണ പക്ഷികള്‍ക്കു വേണ്ടി മാത്രമായി പ്രത്യേക പവിലയന്‍ തന്നെയുണ്ട്. ഒട്ടേറെ സവിശേഷതകളുള്ള 20 ലക്ഷത്തിലേറെ രൂപ വില വരുന്ന പക്ഷികള്‍. 300 ല്‍പ്പരം അലങ്കാര മത്സ്യ ഇനങ്ങള്‍, മനുഷ്യരുമായി ഇണങ്ങുന്ന മക്കാവുകള്‍, വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട പ്രാവുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ടാകും. മനോഹരവും അപൂര്‍വവുമായ സമുദ്രജല മത്സ്യങ്ങളുടെ തീം പവലിയനാണ് അഞ്ചാമത് ഡി അക്വേറിയയുടെ മറ്റൊരാകര്ഷണമെന്നു സംഘാടകരായ ഇ-4 ഈവന്റ്സിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ഷബീര്‍ രാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രവൃത്തി ദിനങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 9 വരെയും അവധി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ 9 വരെയുമാണ് പ്രദര്‍ശനം. കോ- ഓര്‍ഡിനേറ്റര്‍ കെ.എ. റഫീഖും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: