ശബരിമല: ദേശങ്ങള്‍ താണ്ടി ശബരീശസന്നിധിയിലെത്താന് പ്രായം ഇവരെ തളര്‍ത്തുന്നില്ല. അചഞ്ചല ഭക്തിയുടെ കരുത്തില്‍ തൃശൂര്‍ ഊരകം ഞെരുവുശേരി കിഴക്കനേടത്ത് വീട്ടില്‍ എണ്‍പത്തിയേഴുകാരി ശാരദാമ്മയും ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയായ എണ്‍പതുകാരി തുളസമ്മയും ഇത്തവണയും മാളികപ്പുറമായി മലയിലെത്തി.
മൂന്നര പതിറ്റാണ്ടായി മുടങ്ങാതെ സന്നിധാനത്തെത്തുന്ന ശാരദാമ്മ അവിവാഹിതയാണ്. ഓലമെടഞ്ഞും 174 പച്ചമരുന്നുകള്‍ ഉപയോഗിച്ച് സ്വയംനിര്മ്മിക്കുന്ന വേദനസംഹാരി കുഴമ്പ് വിറ്റുമാണ് ശാരദാമ്മ തീര്‍ത്ഥയാത്രകള്‍ക്ക് പണം കണ്ടെത്തുന്നത്. എല്ലാ മലയാളമാസവും നടതുറക്കുമ്പോള്‍ ശാരദാമ്മ സന്നിധാനത്തുണ്ടാകും ഇവിടെയെത്തിയാല്‍ അഞ്ചു ദിവസത്തിനുശേഷമേ മലയിറങ്ങൂ.
കൊടുങ്ങല്ലൂരുള്ള ഗുരുസ്വാമിക്കൊപ്പം ആറാട്ടുപുഴ ക്ഷേത്രത്തില്‍ നിന്നും നടന്നാണ് ആദ്യം അയ്യപ്പദര്‍ശനത്തിനെത്തിയത്. പിന്നീടങ്ങോട്ട് ഒറ്റയ്ക്കാണ് സന്നിധിയിലേക്കുള്ള യാത്ര. ആദ്യത്തെ പതിനാറുകൊല്ലവും കെട്ടുനിറച്ചെത്തി. തുടര്‍ന്നുള്ള യാത്രകളില്‍ അയ്യപ്പന് തുളസി, ചെത്തിപ്പൂവ്, കൂവളയില, കദളിക്കുല, എള്ളുതിരി എന്നിവ കരുതി. പ്രായം തോല്‍പ്പിക്കാതിരുന്നാല്‍ നടന്നുതന്നെ വീണ്ടും മലകയറുമെന്ന് ശാരദാമ്മ പറയുന്നു.
കൈയില്‍ ഊന്നുവടിയുണ്ടെങ്കിലും മലകയറുന്നതില്‍ മക്കളെ തോല്‍പ്പിച്ചു തുളസമ്മ. മക്കളായ അറുപത്തിയഞ്ചുകാരി ലക്ഷ്മിയും അമ്പത്തഞ്ചുകാരി ജയമ്മയും അയല്‍ക്കാരായ രണ്ടു സ്ത്രീകളും തുളസമ്മയ്ക്കു കൂട്ടായി ഇരുമുടിക്കെട്ടുമായി മലചവിട്ടി. എണ്‍പതാംവയസിലും മക്കള്‍ക്കൊപ്പം സന്നിധാനത്തെത്താനായത് ഭഗവാന്റെ കാരുണ്യത്താലാണെന്നും ആരോഗ്യംതന്നാല് വീണ്ടുമെത്തുമെന്നും തുളസമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: