ആലപ്പുഴ: ചക്കുളത്തുകാവ് ദേവിക്ക് പൊങ്കാല അര്‍പ്പിച്ച് ഭക്തര്‍ ആത്മസായൂജ്യം നേടി. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമായി പതിനായിരക്കണക്കിന് ഭക്തരാണ് പൊങ്കാല അര്‍പ്പിക്കാനെത്തിയത്. പുലര്‍ച്ചെ 3.30ന് അഷ്ടദ്രവ്യ ഗണപതിഹോമ ത്തോടെയാണ് ചടങ്ങ് തുടങ്ങിയത്. തുടര്‍ന്ന് ശ്രീകോവിലിലെ കെടാവിളക്കില്‍ നിന്ന് പകര്‍ന്ന ഭദ്രദീപം പണ്ടാര പൊങ്കാല അടുപ്പില്‍ തെളിച്ച് ക്ഷേത്രം മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു.
എട്ടരയോടെ വിളിച്ചുചൊല്ലി പ്രാര്‍ഥനയ്ക്ക് ശേഷം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പൊങ്കാല ഉദ്ഘാടനം ചെയ്തു. തിരുവല്ല എംഎല്‍എ മാത്യു.ടി.തോമസ് ദീപം പ്രകാശിപ്പിച്ചു. 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്ത് ഭക്തര്‍ പൊങ്കാല അടുപ്പുകള്‍ കൂട്ടി. പന്ത്രണ്ടു മണിയോടെ ദേവിയെ 38 ജീവതകളില്‍ എഴുന്നള്ളിച്ച് അഞ്ഞൂറില്പരം പുരോഹിതന്മാര് നിവേദ്യം അര്‍പ്പിച്ചു. പൊങ്കാലയുടെ നടത്തിപ്പിന് ക്ഷേത്രം കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി നേതൃത്വം നല്കി.
നീരേറ്റുപുറം മുതല്‍ തിരുവല്ല-പന്തളം വരെയും, തിരുവല്ല-ചങ്ങനാശേരി റോഡില്‍ മുത്തൂര്‍ വരെയും, പൊടിയാടി-മാവേലിക്കര റോഡില്‍ മാന്നാര്‍ വരെയും, അമ്പലപ്പുഴ റോഡില്‍ തകഴി കേളമംഗലം വരെയും, എടത്വായില്‍ നിന്ന് വീയപുരം, കിടങ്ങറ, തായങ്കരി എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലും, തിരുവല്ല-അമ്പലപ്പുഴ റോഡില്‍ നീരേറ്റുപുറം പാലം മുതല്‍ പൊടിയാടി വരെയും, കിടങ്ങറ റൂട്ടിലും കായംകുളം റോഡില്‍ ചെന്നിത്തല വരെയും, എംസി റോഡില്‍ കുറ്റൂര്‍ മുതല്‍ മുത്തൂര്‍ വരെയും, ടികെ റോഡില്‍ മനയ്ക്കച്ചുറ വരെയും പൊങ്കാല അടുപ്പുകള്‍ നിരന്നു.
വൈകിട്ട് കാര്‍ത്തികസ്തംഭം യുഎന്‍ വിദഗ്ധ സമിതി ചെയര്മാന് ഡോ.സി.വി.ആനന്ദബോസ് കത്തിച്ചു. തോമസ്ചാണ്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. പ്രസ്ക്ലബ് സെക്രട്ടറി കെ.ജി.മുകുന്ദന് സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് കെ.ആര്.പ്രതാപചന്ദ്രവര്‍മ വിശിഷ്ടാതിഥിയായിരുന്നു. ആര്‍എസ്എസ് ശബരിഗിരി വിഭാഗ് സംഘചാലക് പ്രൊഫ.എന്‍.രാജശേഖരന് മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര അഡ്മിനിസ്ട്രേറ്റര്‍ ഡോ.കെ.കെ.ഗോപാലകൃഷ്ണന്‍നായര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ സുഷമ സുധാകരന്, പി.പ്രസന്നകുമാരി, കെ.എല്‍.ബിന്ദു, ഇ.ആര്.രാധാകൃഷ്ണപിള്ള, മാന്നാര്‍ അബ്ദുള്‍ ലത്തീഫ്, എം.എസ്.പ്രതാപന്, രമേശ് ഇളമണ്‍, ജെയിംസ് ചുങ്കത്തില്‍, അഡ്വ.വിജയകുമാര്‍, സന്തോഷ് ഗോകുലം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: