കാസര്‍കോട്: ഫുട്ബോള്‍ മത്സരത്തിനുള്ള ഉദ്ഘാടന ചടങ്ങിനിടെ ഗാലറി തകര്‍ന്നുവീണ് നൂറോളം പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി എട്ട് മണിയോടെ ബേക്കലിലാണ് സംഭവം. പരിക്കേറ്റ ആറോളം പേരെ മംഗലാപുരത്ത് പ്രവേശിപ്പിച്ചു. മറ്റുള്ളവരെ കാഞ്ഞങ്ങാട്, മാവുങ്കാല്‍, കാസര്‍കോട്, ഉദുമ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ബേക്കല്‍ ബ്രദേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിനിടെയാണ് അപകടം. ഉദ്ഘാടനച്ചടങ്ങുകള്‍ നടക്കാനിരിക്കെ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ഇരുമ്പ് പൈപ്പ് കൊണ്ടുള്ള ഗാലറി തകര്‍ന്നു വീഴുകയായിരുന്നു. എട്ടോളം നിലകളിലായി ഗാലറിയില്‍ കാണികള്‍ തിങ്ങി നിറഞ്ഞിരുന്നു. എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന് (ഉദുമ) എന്നിവര്‍ ഉദ്ഘാടന വേദിയിലുണ്ടായിരുന്നു.
അയ്യായിരത്തിലേറെപ്പേര്‍ മത്സരം കാണുന്നതിനായി സ്റ്റേഡിയത്തിലെത്തിയിരുന്നു. അപകടം നടന്നതോടെ രോഷാകുലരായ കാണികള്‍ സംഘാടകര്‍ക്കുനേരെ തിരിഞ്ഞു. ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിച്ച വിശിഷ്ടാതിഥികളെയടക്കം കയ്യേറ്റം ചെയ്തതായി പരാതിയുണ്ട്. ഒടുവില്‍ കൂടുതല്‍ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. അപകടമറിഞ്ഞ് പുറമെ നിന്നും നിരവധി പേര് സ്റ്റേഡിയത്തിലെത്തി. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാവുകയും ചെയ്തു. സന്നദ്ധ സംഘടനകളുടേയും മറ്റും ആംമ്പുലന്‍സുകള്‍ സ്ഥലത്തെത്തിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പിറ്റല്‍, ജില്ലാ ആശുപത്രി, ഉദുമ നഴ്സിംഗ് ഹോം എന്നിവിടങ്ങളില്‍ ആളുകള്‍ തിങ്ങിക്കൂടി. പ്രാഥമിക ചികിത്സകള്‍ക്കുശേഷം ചിലരെ വിട്ടയച്ചു.
ഗുരുതര പരിക്കുകളില്ലെന്നും ആശങ്കപ്പെടാനില്ലെന്നും പോലീസ് പറയുന്നു. നേരത്തെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ താത്കാലിക സ്റ്റേഡിയം കഴിഞ്ഞ ദിവസത്തെ മഴയെ തുടര്‍ന്ന് താഴ്ന്നു പോയതാണ് അപകടകാരണമെന്ന് സംഘാടകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: