ആലുവ: അമിത പലിശയ്ക്ക് പണം നല്കുന്ന സംഘങ്ങളില്‍ വനിതകളും സജീവം. ഇതേത്തുടര്‍ന്ന് ആലുവ റൂറല്‍ എസ്പി സതീഷ് ബിനോയുടെ കീഴില്‍ പ്രത്യേക സംഘത്തെ ഇതേക്കുറിച്ച് നിരീക്ഷിക്കാന്‍ ചുമതലപ്പെടുത്തി.
ഇത്തരത്തില്‍ അമിത പലിശയ്ക്ക് പണം നല്കുന്ന ഏതാനും വനിതകളെക്കുറിച്ച് പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ പോലീസ് റെയ്ഡ് നടത്തിയെങ്കിലും പലിശ ഇടപാട് സംബന്ധിച്ച് തെളിവുകളൊന്നും ഇവരുടെ വീടുകളില്‍ നിന്നും ലഭിച്ചില്ല. മാത്രമല്ല രേഖാമൂലമുള്ള പരാതിയും ഉണ്ടായിരുന്നില്ല. പലിശ സംഘത്തെ സംബന്ധിച്ച് പേര് വെളിപ്പെടുത്താതെ പോലും തന്നെ ഫോണില്‍ ആര്‍ക്കും വിളിച്ചറിയിക്കാമെന്ന് എസ്പി വെളിപ്പെടുത്തി.
പോലീസില്‍നിന്നും വിരമിച്ച ചിലരും രഹസ്യമായി പലിശ ഇടപാട് നടത്തുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. വളരെ ജാഗ്രതയോടെയാണ് ഇന്നലെ പലിശക്കാരെ വേട്ടയാടുന്നതിന് റൂറല്‍ എസ്പി നേതൃത്വം നല്‍കിയത്. വിശ്വസ്തരായ ഏതാനും പോലീസുദ്യോഗസ്ഥരെ മാത്രമാണ് വേട്ട നടത്തുന്നതിന് ചുമതലപ്പെടുത്തിയത്. പലപ്പോഴായി ലഭിച്ച പരാതികളിന്മേല് ഏറെനാള്‍ നിരീക്ഷണം നടത്തിയശേഷമാണ് റെയ്ഡ് നടത്തേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്.
ഏഴുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന ജാമ്യമില്ലാത്ത ഐപിസി 420, 406, 462 വകുപ്പുകളാണ് പലിശ ഇടപാടുകാര്‍ക്കെതിരെ ചുമത്തുന്നത്. പലിശ ഇടപാടില്‍ ആവര്‍ത്തിച്ച് പിടിക്കപ്പെട്ടാല്‍ ഇവര്‍ക്കെതിരെ ഗുണ്ടാനിയമവും ചുമത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: