കൊച്ചി: ചരിത്രപ്രസിദ്ധമായ ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വ്വതീദേവിയുടെ നടതുറപ്പ് മഹോത്സവത്തിന് നാളെ തുടക്കം. ശ്രീ മഹാദേവനും ശ്രീപാര്‍വ്വതീദേവിയും ഒരേ ശ്രീകോവിലില്‍ അനഭിമുഖമായി വാണരുളുന്ന ഇവിടെ വര്‍ഷത്തില്‍ ധനുമാസത്തിലെ തിരുവാതിര മുതല്‍ 12 ദിവസങ്ങള്‍ മാത്രമേ ശ്രീപാര്‍വ്വതീദേവിയുടെ നട തുറന്ന് ദര്‍ശനം ലഭിക്കുകയുള്ളു വെന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.
നടതുറപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് നാളെ വൈകിട്ട് നാലിന് ശ്രീ പാര്‍വ്വതീദേവിക്ക് ചാര്‍ത്തുവാനുള്ള തിരുവാഭരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര അകവൂര്‍ മനയില്‍ നിന്നും ആരംഭിക്കും. മനയിലെ കുടുംബപരദേവതയായ ശ്രീരാമമൂര്‍ത്തി ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ നടത്തി കെടാവിളക്കില്‍ നിന്നും ദീപം പകര്ന്നതിനുതിരുവാഭരണങ്ങള് മനയിലെ കാരണവര്‍ മഹാദേവക്ഷേത്രം ട്രസ്റ്റ് ഭാരവാഹികള്‍ക്ക് കൈമാറും. തുടര്‍ന്ന് പറനിറയ്ക്കല്‍ മറ്റ് ആചാരങ്ങള്‍ക്ക് ശേഷം താലം, പെരുമ്പറമേളം, നാദസ്വരം തുടങ്ങിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ക്ഷേത്രത്തിലേയ്ക്ക് പുറപ്പെടും. ക്ഷേത്രത്തിലെത്തിയ ശേഷം രാത്രി എട്ടുമണിയോടെ ആചാരപരമായ രീതിയില്‍ നടതുറപ്പ് ചടങ്ങുകള്‍ നടക്കും. തുടര്‍ന്ന് മൂന്ന് ഊരാണ്മ പ്രതിനിധികളുടെയും സമുദായം തിരുമേനിയുടെയും ദേവിയുടെ തോഴിയായ പുഷ്പിണിയുടെയും അനുവാദത്തോടെ നട തുറക്കുന്നതോടെ ഉത്സവത്തിന് തുടക്കമാകും. 29ന് രാത്രി 8 മണി വരെയാണ് ഉത്സവം.
നടതുറപ്പ് മഹോത്സവത്തിനെത്തുന്ന ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം 50,000 പേര്‍ക്ക് ക്യൂ നില്ക്കാവുന്ന തരത്തില്‍ 20000 ചതുരശ്ര മീറ്റര്‍ വലിപ്പത്തില്‍ പന്തലിന്റെയും ഫ്ലൈ ഓവറിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. ദര്‍ശനത്തിനായി ക്യൂ നില്ക്കുന്ന ഭക്തജനങ്ങള്‍ക്ക് മെഡിക്കേറ്റഡ് വാട്ടര്‍ നല്‍കുന്നതിന് 150 ഓളം വാളന്റിയേഴ്സ് എപ്പോഴുമുണ്ടാകും. മുപ്പതോളം സുരക്ഷാ ക്യാമറകളും ക്ഷേത്രത്തില്‍ സ്ഥാപിക്കും. ഒരേ സമയം 1500 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാവുന്ന തരത്തില്‍ 4 പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്. ക്ഷേത്രമതിലിനകത്ത് 26000 ചതുരശ്ര അടിവിസ്തീര്‍ണത്തില്‍ സ്ഥിരം നടപ്പന്തല്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒരേ സമയം 1500 പേര്‍ക്ക് അന്നദാനം കഴിക്കാവുന്ന തരത്തില്‍ അന്നദാന മണ്ഡപം ് ഒരുക്കിയിട്ടുണ്ട്.
അരവണ പ്രസാദവും അവല്‍നിവേദ്യവും തയ്യാറാക്കാന്‍ തുടങ്ങി. ക്ഷേത്രത്തിന് നൂറ് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകളിലെയും കിണറുകളില്‍ ശ്രീമൂലനഗരം സര്‍ക്കാര്‍ ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ക്ലോറിനേഷന് നടത്തി. 12 ദിവസവും മെഡിക്കല്‍ സംഘം ക്ഷേത്രത്തിലുണ്ടാകും. എല്ലാ സര്‍ക്കാര്‍ വിഭാഗങ്ങളുടെയും ഓഫീസ് പ്രവര്‍ത്തനം നടതുറപ്പ് വേളയില്‍ തിരുവൈരാണിക്കുളത്തുണ്ടാകും. എറണാകുളം ലക്ഷ്മി ഹോസ്പിറ്റലിന്റെ സഹായത്തോടെ ഗൗരി ലക്ഷ്മി മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനവും ഒരുക്കിയിട്ടുണ്ട്.
വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായ ബലിക്കല്പുരയും ചുറ്റമ്പലവും ഓടുകള്‍ മാറ്റി ചെമ്പോല മേയുന്ന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ മംഗല്യ സൗഭാഗ്യത്തിനായി സഹായിക്കുന്നതിനായി ക്ഷേത്രട്രസ്റ്റ് മംഗല്യ നിധി പ്രവര്‍ത്തനം ഈ വര്‍ഷവും നടക്കുന്നുണ്ട്.ക്ഷേത്രദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഈ വര്‍ഷവും മൂതല്‍ ഇന്‍ഷ്വുറന്‍സ് സുരക്ഷയും എര്‍പ്പെടുത്തിയിട്ടുണ്ട്.
ആഘോഷങ്ങള്‍ക്ക് പ്രസിഡന്റ് ആര്.ശരത് ചന്ദ്രന് നായര്‍, സെക്രട്ടറി പി.വി.വിനോദ് വൈസ് പ്രസിഡന്റ് കെ.എ,പ്രവീണ്‍കുമാര്‍,ജോയിന്റ് സെക്രട്ടറി പി.നാരായണന്, മാനേജര്‍ പി .കെ. നന്ദകുമാര്‍, എം.കെ.കലാധരന്‍,വെണ്മണി നാരായണന് നമ്പൂതിരി, ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: