ഏതാനും വര്‍ഷം മുമ്പ് ജന്മഭൂമി ഓണപ്പതിപ്പിലേക്ക് ലേഖനം ആവശ്യപ്പെട്ട് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം ലേഖനം തന്നില്ല. പകരം ഒരു ചിത്രമാണ് നല്‍കിയത്. അരോഗദൃഢഗാത്രനായ ഒരു രാജാവ് നടന്നുവരുന്നതിന്റെ ഛായാചിത്രം.
?”ഇതാണ് ശരിയായ മഹാബലി. കുടവയറും കപ്പടമീശയും വച്ച് ഇന്ന് നാടുനീളെ എഴുന്നള്ളിപ്പിക്കുന്ന കോലമല്ല മഹാബലി. ശക്തിമാനായ, ആരോഗ്യവാനായ രാജാവായിരുന്നു അദ്ദേഹം. കുടവയറോ കൊമ്പന്‍മീശയോ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മനസ്സില്‍ പതിയപ്പെടുന്ന മഹാബലിയുടെ ചിത്രം ഒരു കോമാളിയുടേതാണ്. അത് മാറണം. ജന്മഭൂമിക്ക് അത് ചെയ്യാന്‍ കഴിയും. ഇതാണ് യഥാര്‍ത്ഥത്തില്‍ മാവേലിതമ്പുരാന്റെ ചിത്രം. ഇതിന് കഴിയുന്നത്ര പ്രചാരം കൊടുക്കണം” ചിത്രം നല്‍കിക്കൊണ്ട് ഉത്രാടം തിരുനാള്‍ പറഞ്ഞു. അത്തവണത്തെ ഓണപ്പതിപ്പില്‍ ചിത്രവും ഒപ്പം മഹാരാജാവിന്റെ ആഗ്രഹവും ചേര്‍ത്തിരുന്നു. അതു കൊണ്ടുകൊടുത്തപ്പോള്‍ സന്തോഷം പ്രകടിപ്പിച്ച മഹാരാജാവ് ഈ പടമായിരിക്കണം ഇനിമുതല്‍ മഹാബലിയുടേതായി എല്ലിയിടത്തും പ്രചരിക്കേണ്ടത് എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ഓണം, കേരളത്തിന്റെയും കേരളീയരുടെയും സാംസ്കാരിക മഹത്വത്തിന്റെയും സര്വ്വമതസൗഹാര്ദ്ദത്തിന്റെയും ദേശീയ ഉത്സവമാണ്. എന്നാല്‍ വാമനന് മഹാബലിയെ പാതാളത്തിലേക്കു തളളി എന്ന ആചാരം തെറ്റും കേരളീയര്‍ക്ക് അപമാനവുമാണ്. മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്, മഹാബലിയുടെ സാത്വികമായ വ്യക്തിത്വം കഠിന പരീക്ഷണത്തിലൂടെ ബോധ്യമായതിനുശേഷം അദ്ദേഹത്തെ ദൈവസന്നിധിയിലേക്ക് അയച്ചു എന്നാണ് മഹാവലിയുടെ അവതാരകഥ. മൂലകൃതിയായ ഭാഗവതത്തില്‍ ഇങ്ങനെയാണ് പ്രസ്താവിക്കുന്നത് . മറ്റു മതഗ്രന്ഥങ്ങളിലും പുരാണങ്ങളിലും മഹാബലിയെപ്പറ്റി ഭാഗവതത്തിലുള്ള പരാമര്‍ശം ആവര്‍ത്തിക്കുന്നുണ്ട്.
മാവേലിയുടെ സത്യാവസ്ഥ മൂലകൃതിയായ ഭാഗവതത്തില്‍നിന്നു മാത്രമല്ല ഹിന്ദുമതത്തിന്റെ സ്ഥായീഭാവത്തില്നിന്നും വ്യക്തമാണ്. നന്മയുടെ ദൈവമായ മഹാവിഷ്ണുവിന്റെ അവതാരമായ വാമനന് നന്മയുടെ മൂര്‍ത്തീകരണമായ മഹാബലിയെ പാതാളത്തിലേക്കു തള്ളി എന്നു പറയുന്നത് ഹിന്ദുമതസിദ്ധാന്തത്തിനു വിരുദ്ധമാകുന്നു. അത് കേരള സംസ്കാരത്തേയും ഹിന്ദുമതത്തേയും കേരളത്തിന്റെ സര്‍വ്വമതമൈത്രിയേയും ഹനിക്കുന്ന ഒരു ദുര്‍വ്യാഖ്യാനമാണ്.
ഏതു മതവിശ്വാസമുള്ളവരായാലും എല്ലാ മലയാളികളുടെയും കേരളീയ പാരമ്പര്യത്തില്‍പ്പെട്ടതാണ് മഹാബലിയും ഓണവും. മഹാബലിയുടെ അത്യുത്തമമായ വ്യക്തിത്വം കേരളീയര്‍ക്ക് എക്കാലവും പ്രചോദനമായിരുന്നിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് പലര്‍ക്കും വ്യത്യസ്തമായ വിശ്വാസങ്ങമുണ്ടാകാം. പുരാണങ്ങളിലോ മതങ്ങളില്ത്തന്നെയോ വിശ്വാസിക്കാത്തവരും ഉണ്ടാകാം. എന്നാല്‍ അവരുള്‍പ്പെടെയുള്ള കേരളീയര്‍ ഓണവും മഹാബലിയും ആഘോഷിക്കുന്നു. കേരളീയന്റെ മനസ്സിലും സമൂഹത്തിലും നന്മയുടെ നാളം ഉറപ്പിക്കുന്നതിന് ഓണത്തേയും മഹാബലിയെയും സംബന്ധിച്ച് ബോധം ആവശ്യമാണ്. ഈ ബോധം മാറാന്‍ ബോധപൂര്‍വ്വം മഹാബലിയെ മോശമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നു എന്നതായിരുന്നു രാജാവിന്റെ നിലാപാട്.
മാധ്യമപ്രവര്‍ത്തകര്‍ എന്നനിലയിലും അല്ലാതെയും പലതവണ പട്ടം പാലസിലെത്തി മഹാരാജാവിനെ കാണാന്‍ അവസരം ലഭിച്ചിട്ടുണ്ട്. ഓരോ കാഴ്ചയിലും പുതുമയുള്ള വിഷയങ്ങളോ വിവരങ്ങളോ ലഭ്യമാകുമായിരുന്നു. ബാലഗോകുലവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് ക്ഷണിക്കാനാണ് കൂടുതല്‍ തവണപോയിട്ടുള്ളത്. ചെല്ലുമ്പോള്‍ മണിക്കൂറുകളോളം സംസാരിച്ചിരിക്കാന്‍ മടികാണിച്ചിരുന്നില്ല. ബാലഗോകുലത്തിന്റെ വൃക്ഷപൂജ, ഗോമാതാപൂജ തുടങ്ങിയ പരിപാടികളെ കുറിച്ചൊക്കെ വിശദമായി അറിയാന്‍ ആഗ്രഹിക്കുകയും പുതുമയേറിയ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. മലയാളം അക്ക കലണ്ടര്‍ പുറത്തിറക്കിയതിനെ അതീവ സന്തോഷത്തോടെയായിരുന്നു അനുമോദിച്ചത് .കേരളത്തില്‍ ഒരു ശ്രീകൃഷ്ണഗ്രാമം വേണമെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചവരില്‍ ഒരാള്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ്.
അമേരിക്കയിലെ മലയാളി സംഘടനാ പ്രവര്‍ത്തകര്‍ മാര്‍ത്താണ്ഡവര്‍മ്മയെ പരിപാടിക്ക് ക്ഷണിക്കാന്‍ വന്നപ്പോള്‍ ഞാനും ഒപ്പമുണ്ടായിരുന്നു. അവര്‍ക്ക് രാജാവിനൊപ്പം നിന്ന് പടമെടുക്കാന്‍ ആഗ്രഹം. പറഞ്ഞപ്പോള്‍ മടിയൊന്നും കൂടാതെ ഓരോരുത്തര്‍ക്കും ഒപ്പം നിന്ന് പടമെടുത്തു. നിങ്ങള്‍ ഒത്തിരി പടമെടിത്തില്ലേ. ഇനി ഞാന്‍ നിങ്ങളുടെ പടം എടുക്കാം എന്നു പറഞ്ഞ മാര്‍ത്താണ്ഡ വര്‍മ്മ ക്യാമറ വാങ്ങി ചിത്രമെടുക്കാന്‍ തുടങ്ങി. 90-ാം വയസ്സിലും ഫോട്ടോഗ്രാഫിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശമാണ് അന്ന് തെളിഞ്ഞത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് നിയമനവുമായി ബന്ധപ്പെട്ട് മാര്‍ത്താണ്ഡ വര്‍മ്മയുടെ നിലപാടിന് വിരുദ്ധമായി ജന്മഭൂമിയില് വാര്‍ത്തകള്‍ വന്നപ്പോള്‍ കൊട്ടാരത്തിലെ ചില സില്ബന്ധികള് വാര്‍ത്ത വന്നതില്‍ രാജാവ് ദേഷ്യത്തിലാണ് എന്ന രീതിയില്‍ വിളിച്ചറിയിച്ചു. പത്രത്തിന്റെ നിലപാടറിയിക്കാന്‍ നേരില്‍ കണ്ടപ്പോഴാണറിഞ്ഞത്. അദ്ദേഹത്തന് ദേഷ്യവുമില്ല വിദ്വേഷവുമില്ല. വാര്‍ത്തയില്‍ പറയുന്നതൊക്കെ ശരിയെങ്കില്‍ തിരുത്തപ്പെടേണ്ടതു തന്നെ എന്നു പറഞ്ഞ് അനുമോദിക്കുകയായിരുന്നു.
ഹിന്ദുസംസ്കാരത്തിന്റെ മഹത്വത്തെക്കുറിച്ച് എവിടെയും പറയാന്‍ മടികാണിക്കാതിരുന്ന ഉത്രാടം തിരുനാള്‍ ഹിന്ദുത്വ പ്രസ്ഥാനങ്ങളോട് കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.
ഹിന്ദുപാര്‍ലമെന്റ് എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് സ്വാമി സത്യാനന്ദസരസ്വതിയായിരുന്നുവെങ്കിലും അതിനൊരു സംഘടനാരൂപം നല്കിയതിനുപിന്നില് ഉത്രാടം തിരുനാളിന്റെ കരങ്ങള്‍ ആയിരുന്നു. പ്രതീക്ഷിച്ചത്ര രീതിയില്‍ മുന്നോട്ടുപോയില്ലെങ്കിലും ഹിന്ദുക്കളുടെ പ്രശ്നങ്ങള്‍ പറയാനും പ്രതികരിക്കാനും സംഘടനയില്‍തന്നെ അദ്ദേഹത്തിന്റെ ആഗ്രഹമാണ് ഇതില്‍ പ്രതിഫലിച്ചിരുന്നത്.
നരേന്ദ്രമോദി കേരളത്തില്‍ വരുന്നതിനെതിരെ പലരും ബഹളം കൂട്ടിയപ്പോള്‍ അദ്ദേഹത്തെ കവടിയാര്‍ കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയായിരുന്നു ഉത്രാടം തിരുനാള്‍ ചെയ്തത്. അവസാനമായി പങ്കെടുത്ത പൊതുചടങ്ങിനുമുണ്ട് പ്രത്യേകത. കവടിയാര്‍ കൊട്ടാരത്തിനുമുന്നില്‍ സ്ഥാപിച്ച വിവേകാനന്ദ പ്രതിമയുടെ ശിലാസ്ഥാപന ചടങ്ങായിരുന്നു അത്. ശാരീരിക അവശതകള്‍ക്കിടയില്‍ വീല്‍ചെയറിലാണ് ആ പരിപാടിക്ക് എത്തിയത്. ഇത്രയും മഹനീയമായ ചടങ്ങ് നടക്കുമ്പോള്‍ കൊട്ടാരത്തില്‍ തനിക്ക് ഇരിക്കാനാകില്ലായെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
പി ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: