ശബരിമല: ശബരിമലയിലെ തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സുഗമമായ അയ്യപ്പദര്‍ശനം സാധ്യമാക്കുന്നതിനുമുള്ള വെര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവരെ കബളിപ്പിക്കുന്ന സംഭവങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് എ ഡി ജി പി എ. ഹേമചന്ദ്രന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പൂര്‍ണ്ണമായും സൗജന്യമായാണ് ഈ സേവനം ലഭിക്കുക. എന്നാല്‍ ചില ഇന്റര്‍നെറ്റ് കഫേകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫീസായി 500 രൂപ വരെ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സര്‍വ്വീസ് ചാര്‍ജ്ജ് വാങ്ങുന്നതല്ലാതെ ഇത്തരത്തില്‍ അധികതുക ഈടാക്കിയാല്‍ നടപടിയെടുക്കും. ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച കൂപ്പണിന്റെ ഫോട്ടോകോപ്പിയെടുത്ത് തീയതിയും ഫോട്ടോയും മാറ്റി നല്കി തീര്‍ത്ഥാടകരെ കബളിപ്പിക്കുന്ന സംഭവങ്ങളുമുണ്ട്.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണ്‍ പമ്പയിലെ കൗണ്ടറില്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ പരിശോധിച്ചശേഷമാണ് ക്യൂവില്‍ നില്‍ക്കുന്നതിന് പാസ്സ് നല്‍കുന്നത്. വ്യാജമായി നിര്‍മ്മിച്ച് നല്കുന്ന കൂപ്പണുകള്‍ ഇത്തരം പരിശോധനയില്‍ കണ്ടെത്തുകയും തീര്‍ത്ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂവിലേക്ക് പാസ്സ് ലഭിക്കാതിരിക്കുകയും ചെയ്യും. രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന കൂപ്പണില്‍ പ്രത്യേകമായ ബാര്‍കോഡ് ഉണ്ടാകും. ഇത് ഓരോ കൂപ്പണിലും വ്യത്യാസമാണ്. തമിഴ്നാട്ടില്‍ നിന്നുള്ള തീര്‍ത്ഥാടകരും ഗ്രൂപ്പായി ബുക്ക് ചെയ്യുന്ന തീര്‍ത്ഥാടകരുമാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. അയ്യപ്പഭക്തര്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് എ ഡി ജി പി അഭ്യര്‍ത്ഥിച്ചു. സന്നിധാനത്തെ സുരക്ഷയുടെ ചുമതലയുള്ള സ്പെഷ്യല്‍ ഓഫീസര്‍ ശ്രീനിവാസ്, അഡീഷണല്‍ സ്പെഷ്യല്‍ ഓഫീസര്‍ പി.കൃഷ്ണകുമാര്‍, ദ്രുതകര്‍മ്മസേന ഡെപ്യൂട്ടി കമാണ്ടന്റ് സുനില്‍കുമാര്‍, എന്‍ഡിആര്‍എഫ് ഡെപ്യൂട്ടി കമാണ്ടന്റ് വിജയന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: