മരട്: സിഗ്നല്‍ വകവെക്കാതെ അമിതവേഗത്തില്‍ പാഞ്ഞ ടിപ്പര്‍ ലോറി റോഡരികില്‍ തലകീഴായി മറിഞ്ഞു. വൈറ്റില-അരൂര്‍ ബൈപ്പാസിലെ നെട്ടൂരില്‍ ഇന്നലെ അതിരാവിലെയായിരുന്നു സംഭവം. അരൂര്‍ ഭാഗത്തുനിന്നും വന്ന ടിപ്പര്‍ ലോറി മാടവനയിലെ സിഗ്നല്‍ വകവെക്കാതെ അമിതവേഗത്തില്‍ വൈറ്റില ഭാഗത്തേക്കു പായുകയായിരുന്നു. പെട്രോളിംഗ് നടത്തിയിരുന്ന ഹൈവേ പോലീസ് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയ ലോറിയാണ് നെട്ടൂരില്‍ അപകടത്തില്‍പ്പെട്ടത്.
നെട്ടൂര്‍ ഇഇസി മാര്‍ക്കറ്റില്‍ നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ റോഡിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് തെക്കുഭാഗത്തുനിന്നും വന്ന ലോറി ഓട്ടോയില്‍ ഇടിക്കാതിരിക്കാന്‍ ബ്രേക്കിടാന്‍ ശ്രമിച്ചു. എന്നാല്‍ വേഗം കൂടുതലായതിനാല്‍ ആക്സില്‍ ഒടിഞ്ഞ ടിപ്പര്‍ നിയന്ത്രണം വിട്ട് നൂറു മീറ്ററോളം പാഞ്ഞു പോയശേഷം ഇടതുവശത്തേക്ക് മറിയുകയായിരുന്നു. ലോറിയുടെ ആക്സില്‍ ഒടിഞ്ഞ് ഡീസല്‍ ടാങ്കില്‍ തുളച്ചുകയറി ഇന്ധനം റോഡില്‍ പരന്നൊഴുകി. ചെറിയൊരു തീപ്പൊരിയില്‍ ഉണ്ടാവാമായിരുന്ന വന്‍ദുരന്തം ഭാഗ്യം കൊണ്ടുമാത്രമാണ് ഒഴിവായതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ലോറി മറിഞ്ഞ് മുന്‍വശത്തെ ചില്ലുള്‍പ്പെടെ തകര്‍ന്നെങ്കിലും ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
വിവരം ലഭിച്ച് ഗാന്ധിനഗറില്‍ നിന്നും ഫയര്‍ഫോഴ്സും പോലീസും സ്ഥലത്തെത്തി. ലീഡിംഗ് ഫയര്മാന് കെ.ടി.പ്രനേഷിന്റെ നേതൃത്വത്തില്‍ ഫയര്മാന്മാരായ മനോജ്, ആനന്ദ്, അജേഷ്, ഹോം ഗാര്‍ഡ് കെ.പി. ഈഡി എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കി. റോഡില്‍ പരന്നൊഴുകിയ ഡീസല്‍ വെള്ളം പമ്പു ചെയ്ത് നീക്കം ചെയ്തു. രാജഗോപാലന്‍ നായരുടെ നേതൃത്വത്തില്‍ ഹൈവേ പട്രോളിങ്ങിലെ പോലീസുകാര്‍ ഗതാഗതം നിയന്ത്രിച്ചു.
അപകടത്തെത്തുടര്‍ന്ന് ഒരുമണിക്കൂറോളം ബൈപ്പാസില്‍ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റോഡരികില്‍ മറിഞ്ഞു കിടന്ന വാഹനം ക്രെയിന്‍ ഉപയോഗിച്ച് ഉയര്ത്തിമാറ്റിയതിനെത്തുടര്ന്ന് എട്ടരയോടെയാണ് വാഹനഗതാഗതം സാധാരണനിലയിലായത്.
അമിതവേഗത്തില്‍ പായുന്ന ടിപ്പറുകള്‍ ബൈപ്പാസിലും മറ്റും അപകടങ്ങള്‍ വരുത്തിവെക്കുന്നത് പതിവു സംഭവമായി മാറിയിട്ടുണ്ട്. വേഗതാ നിയന്ത്രണ സംവിധാനങ്ങളില്ലാതെയാണ് മിക്കവയുടേയും മരണപ്പാച്ചില്‍. അമിതവേഗത്തിനും അമിതഭാരം കയറ്റുന്നതിനും എതിരെ കേസെടുക്കുന്നതിനു പകരം 100 രൂപ മാത്രം പിഴ അടപ്പിക്കുകയാണ് പോലീസ് ചെയ്യുന്നത്. ചെറിയ വാഹനങ്ങളിലും മറ്റും ഇടിക്കുന്ന ടിപ്പറുകള്‍ നിര്‍ത്താതെ പോവുന്നതും പതിവാണ്. ടിപ്പറുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസും മോട്ടോര്‍ വാഹന വകുപ്പും തയ്യാറാവുന്നില്ലെന്നാണ് പൊതുജനങ്ങള്‍ പരാതിപ്പെടുന്നത്.
കൊച്ചി മെട്രോ റെയിലിന്റേയും മറ്റു സര്‍ക്കാര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളുടേയും പേരെഴുതി ഒട്ടിച്ചാണ് പല ടിപ്പറുകളുടേയും മരണപ്പാച്ചില്‍. ‘എന്‍എച്ച്എഐ നോര്‍ത്ത് ആര്‍ഒബി’ എന്നെഴുതി പതിച്ചിരുന്ന ലോറിയാണ് നെട്ടൂരില്‍ മറിഞ്ഞത്. നോര്‍ത്ത് റെയില്‍വെ ഓവര്‍ ബ്രിഡ്ജിന്റെ പണിപൂര്‍ത്തിയായി വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു എന്നതുപോലും ടിപ്പറുടമകള് അറിഞ്ഞില്ലെ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. മരണപ്പാച്ചില്‍ നടത്തുന്ന ടിപ്പറുകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടി വേണമെന്നാണ് ജനങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: