പെരുമ്പാവൂര്‍: പെരിയാര്‍ വാലിക്കനാല് ഇതുവരെയും വെള്ളം തുറന്ന് വിടാത്തതിനാല്‍ പെരുമ്പാവൂര്‍ മേഖല വരള്‍ച്ചയിലേക്ക് നീങ്ങുന്നു.പെരുമ്പാവൂരിന്റെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമവും കൃഷിനാശവും വ്യാപകമാകുന്നു. പെരിയാര്‍ വാലികനാലിലെ ജലത്തെ ആശ്രയിച്ച് ആയിരങ്ങളാണ് ഈ മേഖലയില്‍ ജീവിക്കുന്നത്.
രായമംഗലം, അശമന്നൂര്‍, വെങ്ങോല, മഴുവന്നൂര്‍, വാഴക്കുളം പഞ്ചായത്തുകളില്‍ ഉള്ളവരാണ് പെരിയാര്‍ വാലി കനാലിലെ ജലത്തെ ആശ്രയിക്കുന്നവരില്‍ ഏറെയും. പല വീടുകളിലെയും കിണറുകള്‍ വറ്റിവരണ്ട അവസ്ഥയിലാണ്. പോഞ്ഞാശ്ശേരി പ്രദേശത്തുള്ളവരാണ് കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്നവരില്‍ ഭൂരിഭാഗവും. ഇവിടെ കിണറുകളില്‍ ഒന്നും തന്നെ ഒരു തുള്ളി വെള്ളമില്ല.
വെങ്ങോല പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും കിണറുകളും പാടശേഖരങ്ങളും വറ്റി വരണ്ടിരിക്കുകയാണ്. വെങ്ങോല 15-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട മക്കുറ്റി പാടശേഖരം ഉണങ്ങിവരണ്ട അവസ്ഥയിലാണ്. കൃഷിയെ ആശ്രയിച്ച് കഴിയുന്ന എഴുപതോളം കുടുംബങ്ങളാണ് ഇത് മൂലം ബുദ്ധി മുട്ടിലാകുന്നത്. 200 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ വെള്ളമില്ലാത്തതിനാല്‍ ഇറക്കിയ കൃഷി ഉണങ്ങി നശിക്കുകയാണ്.
വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വായ്പയെടുത്ത് കൃഷി നടത്തുന്നവരും ഇവിടെയുണ്ട്. എന്ത് ചെയ്യണമെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഇവിടത്തെ കര്‍ഷക കുടുംബങ്ങള്‍. പല തവണ അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. എം.എല്‍.എ. അടക്കമുള്ളവര്‍ പെരിയാര്‍ വാലി കനാലിലൂടെ വെള്ളം തുറന്ന് വിടുമെന്ന് പറയുന്നുണ്ടെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
വെങ്ങോലയിലെയും പോഞ്ഞാശ്ശേരിയിലെയും കവല വികസനത്തിന്റെ പേരിലുള്ള പാലം വീതി കൂട്ടലുമായി ബന്ധപ്പെട്ടാണ് കനാലുകളില്‍ വെള്ളം വിടാത്തത്. എന്നാല്‍ ജലവിതരണം തടഞ്ഞ് നിര്‍ത്തിയുള്ള ഒരു ജോലിയും ഈ പ്രദേശത്ത് ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അധികൃതരുടെയും ജന പ്രതിനിധികളുടെ ഉതത്രവാദിത്വമില്ലായ്മയുമാണ് പെരിയാര്‍ വാലി കനാലിലൂടെ ജല വിതരണം നടക്കാത്തതെന്നും ഇതിന് ഉടന്‍ പരിഹാരം കാണണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: