ചേര്‍ത്തല: മതേതരത്വത്തിന്റെ മറവില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടപ്പാക്കുന്നത് ഭൂരിപക്ഷ വിരുദ്ധ-ന്യൂനപക്ഷ പ്രീണനമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. തലമുറകളായി അനുഷ്ഠിച്ചു വരുന്ന മതാചാരങ്ങള്‍ പാര്‍ട്ടി അംഗങ്ങളായ ഹിന്ദുക്കള്‍ക്ക് മാത്രം വിലക്കുകയും ഇതര സമുദായങ്ങളില്‍പ്പെട്ടവര്‍ക്ക് അത്തരം അനുഷ്ഠാനങ്ങള്‍ക്ക് പാര്‍ട്ടി സമ്മേളനത്തില്‍ തന്നെ ഇടമൊരുക്കുകയും ചെയ്യുന്ന പാര്‍ട്ടി നടപടി കാപട്യമാണ്. മതവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും സാധ്യമല്ല. ഭാരതീയ വിചാരകേന്ദ്രം 31-ാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈശ്വരനും മതത്തിനും പകരം വയ്ക്കാന്‍ പാര്‍ട്ടിയോ പതാകയോ നേതൃത്വമോ ശക്തമല്ല. കേരള ചരിത്ര കോണ്‍ഗ്രസിന്റെയും മതേതര ചരിത്ര കോണ്‍ഗ്രസിന്റെയും സ്വഭാവം ഹിന്ദുവിരുദ്ധമാണെന്നതില് സംശയമില്ല. പ്രത്യയശാസ്ത്രം നഷ്ടപ്പെട്ട മാര്‍ക്സിസ്റ്റ് പാര്‍ട്ടി പിടിച്ചുനില്ക്കാന് ശ്രമിക്കുകയാണ്.
ഭാരതത്തില്‍ കമ്യൂണിസം ദേശിയതലത്തില്‍ നിന്ന് പ്രാദേശികതലത്തിലേക്ക് ചുരുങ്ങി കേരളത്തില്‍ മാത്രമായി അവശേഷിക്കുന്നു. പ്രത്യയശാസ്ത്രത്തിന്റെ കരുത്തിന്മേലല്ല സാഹചര്യങ്ങള്‍ അവരെ സഹായിക്കുന്നത് കൊണ്ടുമാത്രമാണ് അല്പമെങ്കിലും അവശേഷിക്കുന്നത്. ഇവിടെയും അവരുടെ നാളുകള്‍ എണ്ണപ്പെട്ടതായും പരമേശ്വരന് പറഞ്ഞു.
അടവുനയങ്ങളും കര്‍ക്കശമായ വിധിനിഷേധങ്ങളും നടപടി ചട്ടങ്ങളും അടിച്ചേല്പിച്ച് കൊണ്ട് ഒരു പ്രസ്ഥാനത്തിനും ഏറെനാള്‍ പിടിച്ചുനില്‍ക്കാനാവില്ല. പാര്‍ലമെന്ററി വ്യാമോഹം വളര്‍ത്തി അതിലൂടെ നിലനില്ക്കുക മാത്രമാണ് കമ്യൂണിസം. സംഘടിത ക്രൈസ്തവസഭയുടെ രാഷ്ട്രീയ രംഗത്തുള്ള കൈകടത്തലുകള്‍ ആശങ്ക ജനിപ്പിക്കുന്നു. ഗാഡ്ഗില്‍-കസ്തൂരി രംഗന് റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കിയാല്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്നും, നക്സലൈറ്റ് മാതൃകയിലുള്ള സായുധകലാപം ഉണ്ടാക്കുമെന്നും ഉന്നത ക്രൈസ്തവസഭ പുരോഹിതന്മാര് പ്രഖ്യാപിക്കുന്നത് ഗൗരവമായി കാണേണ്ടതാണ്.
സാംസ്ക്കാരിക ദേശിയത ഇന്ന് ഏറെ ഗൗരവകരമായി ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. അന്യരാജ്യങ്ങളില്‍ നിന്നുള്ള പ്രഹരങ്ങള്‍ ചെറുത്തുനില്ക്കാന് ഭാരതത്തിന് കരുത്തു നല്‍കിയത് ഉരുക്കുമനുഷ്യനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ദേശസ്നേഹവും ദീര്‍ഘവീക്ഷണവും നയതന്ത്രചാതുര്യവും നിശ്ചയദാര്‍ഢ്യവുമാണ്. പട്ടേലും വലം കയ്യായി മേനോനും നേതൃത്വം നല്കിയില്ലായിരുന്നുവെങ്കില് ഭാരതം അനവധി നാട്ടുകാര്യങ്ങളായി വിഘടിച്ചു നില്ക്കുമായിരുന്നു. ഇന്നു കാണുന്ന ഐക്യകേരളം പോലും അസാധ്യമാകുമായിരുന്നുവെന്നും പരമേശ്വരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: