തിരുവനന്തപുരം: കാര്‍ഷിക രംഗം മുതല്‍ വ്യവസായമേഖലയില്‍ വരെയുള്ള വൈദേശിക കടന്നുകയറ്റം രാജ്യത്തെ നാശത്തിലേക്ക് തള്ളിവിടുകയാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്.സേതുമാധവന്. നമ്മുടെ പരമ്പരാഗത കൃഷിസമ്പ്രദായങ്ങളെ ഇല്ലായ്മചെയ്യുകയും ചെറുകിട വില്പനശാലകളെ തകര്‍ക്കുകയുമാണ് വൈദേശിക സാമ്പത്തിക കടന്നുകയറ്റം. എല്ലാമേഖലയിലും അത്തരക്കാര്‍ക്ക് കടന്നുകയറാനുള്ള സൗകര്യമൊരുക്കിയതിലൂടെ ഭരണാധികാരികള്‍ രാജ്യത്തെ തന്നെ അവര്‍ക്ക് അടിയറ വച്ചിരിക്കുകയാണെന്നും സേതുമാധവന് അഭിപ്രായപ്പെട്ടു. കേരളാ എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ കമ്പനികള്‍ക്ക് നമ്മുടെ നാട്ടില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ വികലനയങ്ങള്‍ മൂലമാണ്. ബഹുരാഷ്ട്രകുത്തകകള്‍ കടന്നുവന്നപ്പോള്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ചില്ലറ വ്യാപാര രംഗത്ത് വിദേശ കമ്പനികള്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ചെറുകിട കച്ചവടക്കാരും ആത്മഹത്യ ചെയ്തു. അന്ധമായ പാശ്ചാത്യ അനുകരണം മൂലം സുഖലോലുപതയ്ക്കു പിറകേ പായുന്ന സംസ്കാരത്തിലാണ് നമ്മുടെ നാട്. സ്ത്രീപീഡനവും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളും വര്‍ദ്ധിച്ചതും അക്കാരണത്താലാണ്. അസാന്മാര്‍ഗ്ഗികമായ ജീവിത രീതിക്കെതിരെ സുപ്രീംകോടതി വിധിയുണ്ടാപ്പോള് അതിനെ പരസ്യമായി എതിര്‍ക്കുന്നു. തെറ്റായി ജീവിക്കാന്‍ അനുവദിക്കണമെന്ന വിചിത്രമായ വാദമാണ് ഇത്തരക്കാര്‍ ഉന്നയിക്കുന്നത്.
വികസനത്തിന്റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം. വികസനം മനുഷ്യനെ കേന്ദ്രീകരിച്ചാകണം. പ്രകൃതിയില്‍ നിന്ന് ആവശ്യത്തിനു മാത്രം എടുക്കുകയും കൂടുതല്‍ പ്രകൃതിക്ക് നല്‍കുകയും വേണം. ആര്‍ത്തിയോടുള്ള സമീപനം നിലനില്‍ക്കില്ല. ഗ്രാമങ്ങളെ ആധാരമാക്കിയാകണം വികസനമെന്നാണ് ഗാന്ധിജി പറഞ്ഞത്. എന്നാല്‍ നെഹ്രുപറഞ്ഞു വികസനം നഗരകേന്ദ്രീകൃതവും വമ്പന്‍ വ്യവസായങ്ങളിലധിഷ്ടിതവുമായിരിക്കണമെന്ന്. വികസനത്തിന്റെ കാര്യത്തിലും വിദേശ കാഴ്ചപ്പാടാണ് നെഹ്രുവിനുണ്ടായിരുന്നത്. റഷ്യയില്‍ ആവിഷ്കരിച്ച് പരാജയപ്പെട്ട പഞ്ചവത്സര പദ്ധതിയാണ് ഇന്ത്യയില്‍ അദ്ദേഹം കൊണ്ടുവന്നത്. ജനങ്ങളുടെ ആവശ്യങ്ങളെ നിയന്ത്രിക്കാന്‍ ക്വാട്ട, ലൈസന്‍സ്, പെര്‍മിറ്റ് സമ്പ്രദായങ്ങള്‍ കൊണ്ടുവന്നു. ആവശ്യങ്ങള്‍ നേടിയെടുക്കാനായി സര്‍ക്കാരിനെ സമീപിക്കേണ്ടിവന്നപ്പോള്‍ അഴിമതിയും സ്വജനപക്ഷപാതവും വളര്‍ന്നു. നഗരവല്‍ക്കരണത്തിലേക്കും വ്യാവസായിക വിപ്ലവത്തിലേക്കും ഗ്രാമങ്ങളില്‍ നിന്നുള്ളവരും എത്തിയപ്പോള്‍ കാര്‍ഷിക മേഖലയിലാണ് പ്രതികൂലമായി ബാധിച്ചത്. ഇന്ന് നാം അനുഭവിക്കുന്ന പ്രതിസന്ധിയുടെ തുടക്കം വികലമായ അത്തരം കാഴ്ചപ്പാടുകളാണ്.
കൃഷിയും ഗ്രാമീണ സംസ്കൃതിയും തകര്‍ന്നപ്പോള്‍ മനുഷ്യനിലെ ധാര്‍മ്മിക മൂല്യങ്ങള്‍ ഇല്ലാതായി. നമ്മുടെ പുരാണങ്ങളെയും സാംസ്കാരിക മാനബിന്ദുക്കളെയും തിരസ്കരിച്ചപ്പോള്‍ എല്ലാമേഖലയിലും അധാര്‍മ്മിക ശക്തികള്‍ വളര്‍ന്നു. തെറ്റാണെങ്കിലും ഭൂരിപക്ഷം പറയുന്നതിനെ അംഗീകരിക്കാന്‍ തുടങ്ങിയതോടെ സമവായത്തിന്റെ സംസ്കാരവും ഇല്ലായ്മ ചെയ്യപ്പെട്ടു. ആധ്യാത്മിക മൂല്യങ്ങള്‍ മറന്ന് ഉപഭോഗ സംസ്കാരത്തിനുപിറകേ പായുന്നതില്‍ നിന്ന് പിന്തിരിയണമെന്നും സേതുമാധവന് പറഞ്ഞു.
സാംസ്കാരിക സമ്മേളനത്തില്‍ പ്രമുഖ സാഹിത്യകാരന് ജോര്‍ജ്ജ് ഓണക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. എന്‍ജിഒസംഘ് സംസ്ഥാന വൈസ്പ്രസിഡന്റ് ബി.ബിന്ദു അധ്യക്ഷത വഹിച്ചു. എം.കെ.അരവിന്ദന് സ്വാഗതവും ജിയജയപ്രകാശ് കൃതഞ്ജതയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: