ആലപ്പുഴ: ചക്കുളത്തുകാവില്‍ വ്രതശുദ്ധരായ ലക്ഷക്കണക്കിന് ഭക്തര്‍ ഇന്ന് കാര്‍ത്തിക പൊങ്കാല അര്‍പ്പിച്ച് ഭഗവതീകടാക്ഷം നേടാനെത്തും. ഇന്നലെത്തന്നെ ക്ഷേത്ര പരിസരത്തും സമീപപ്രദേശങ്ങളിലും സ്ത്രീകളുടെ വന്‍തിരക്കാണ്. ക്ഷേത്ര പരിസരം കൂടാതെ 70 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ദേവിക്ക് പൊങ്കാലയര്‍പ്പിക്കുക. കേരളത്തിനകത്തും പുറത്തു നിന്നുമായി 15 ലക്ഷത്തോളം ഭക്തരാണ് പൊങ്കാലയിടാനെത്തുകയെന്ന് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി പറഞ്ഞു. വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊങ്കാലയ്ക്കെത്തുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
രാവിലെ 8.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകള്‍ തുടങ്ങും. വിളിച്ചുചൊല്ലി പ്രാര്‍ഥനയ്ക്ക് ശേഷം ധീരുഭായി അംബാനി ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ നീത അംബാനി പൊങ്കാല ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഭദ്രദീപ പ്രകാശനം നടത്തും. തിരുവല്ല എംഎല്‍എ മാത്യു.ടി.തോമസ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി ശ്രീകോവിലിനുള്ളിലെ കെടാവിളക്കില്‍ നിന്നും പകര്‍ന്ന ഭദ്രദീപം പണ്ടാര പൊങ്കാല അടുപ്പിലേക്ക് പകരും. ഇവിടെ നിന്ന് പകര്‍ത്തിയ ദീപം 50 കിലോമീറ്ററോളം ചുറ്റളവില്‍ പൊങ്കാല അടുപ്പുകളിലേക്ക്. പന്ത്രണ്ടോടെ ദേവിയെ 38 ജീവതകളില്‍ എഴുന്നള്ളിച്ച് അഞ്ഞൂറില്‍പ്പരം പുരോഹിതന്മാര് നിവേദ്യത്തിന് കാര്‍മികത്വം വഹിക്കും.
നീരേറ്റുപുറം മുതല്‍ ചെങ്ങന്നൂര്‍ വരെയും, തിരുവല്ല-ചങ്ങനാശേരി റോഡില്‍ മുത്തൂര്‍ വരെയും, പൊടിയാടി-മാവേലിക്കര റോഡില്‍ മാന്നാര്‍ വരെയും, നീരേറ്റുപുറം-അമ്പലപ്പുഴ റോഡില്‍ കേളമംഗലം വരെയും, എടത്വായില്‍ നിന്ന് വീയപുരം, കിടങ്ങറ, തായങ്കരി എന്നിവിടങ്ങളിലേക്കുള്ള റോഡുകളിലും, തിരുവല്ല-അമ്പലപ്പുഴ റോഡില്‍ നീരേറ്റുപുറം പാലം മുതല്‍ പൊടിയാടി വരെയും, കിടങ്ങറ റൂട്ടിലും കായംകുളം റോഡില്‍ മാന്നാര്‍ വരെയും, എംസി റോഡില്‍ കുറ്റൂര്‍ മുതല്‍ മുത്തൂര്‍ വരെയും, ടികെ റോഡില്‍ മനയ്ക്കച്ചുറ വരെയും പൊങ്കാല അടുപ്പുകള്‍ നിരക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: