ചൂല് കൊണ്ട് എന്താണ് പ്രയോജനം എന്ന് കോണ്‍ക്രീറ്റ് കൂട്ടില്‍ (ഫ്ലാറ്റ് എന്ന് തിരുത്തിക്കോളൂ) കഴിയുന്നവരും അറിയുന്നുണ്ടാവും. വാക്വം ക്ലീനര്‍ എന്ന പൊടിതീനിയെ നിരന്തരം ഉപയോഗിക്കുന്നവരും അറിയാതെ പോവില്ല മേപ്പടി ചൂലിനെ. ഈര്‍ക്കിലിന്റെ സ്ഥാനത്ത് പ്ലാസ്റ്റിക് നാരുകള്‍ വന്നെങ്കിലും ചൂല് ചൂല് തന്നെ. മഹാനഗരത്തില്‍ വാഴുന്നവര്‍ ഇത്തവണ ചൂലിന്റെ മാഹാത്മ്യം അറിഞ്ഞത് കേജ്രിവാളിലൂടെയെന്നത് മറ്റൊരു കാര്യം. എന്തും തുടച്ചുനീക്കാന്‍ (സാധാരണഗതിയില്‍) ഈ ചൂല് എത്രമാത്രം പ്രയോജനപ്രദമെന്ന് നമുക്കറിയാം. ഇന്ദ്രപ്രസ്ഥത്തില്‍ പടര്‍ന്നു പന്തലിച്ച അഴിമതി പൊടിപടലങ്ങള്‍ സൂക്ഷ്മതയോടെ നീക്കം ചെയ്യാന്‍ ചൂല് പ്രതീകമാക്കി ഒരു മുന്നേറ്റമുണ്ടായപ്പോള്‍ ആദ്യം അവഗണിച്ചവര്‍ പിന്നീട് കരുത്തറിഞ്ഞു. പക്ഷേ, സ്ഥിതിയെന്ത് എന്നു ചൊദിക്കുമ്പോഴാണ് പന്തികേടിന്റെ ആഴം വ്യക്തമാവുന്നത്.
ചൂലിന്റെ ഉപയോഗം കഴിഞ്ഞാല്‍ അതൊരു മൂലയില്‍ ചാരിവെക്കുകയാണ് പതിവ്. ചിലപ്പോള്‍ തൂക്കിയിട്ടെന്നും വരും. അഴിമതി തുടച്ചുമാറ്റാന്‍ രംഗത്തിറങ്ങിയ കേജ്രിവാളിന്റെ പാര്‍ട്ടി ചൂല് ചിഹ്നത്തില്‍ ജയിച്ചു കയറിയെങ്കിലും ഒന്നും ചെയ്യാന്‍പറ്റാത്ത നിസ്സഹായതയില്‍ വീര്‍പ്പുമുട്ടുന്നു. അവരുടെ രീതിയനുസരിച്ച് മറ്റ് കക്ഷികളുമായി ചേര്‍ന്ന് ജനങ്ങളെ സേവിക്കാന്‍ പറ്റില്ല. ഫലമോ ദല്‍ഹിവാസികള്‍ വീണ്ടുമൊരു വോട്ടുകുത്തലിന് വിധേയരാകേണ്ടിവരും. പുതിയ കക്ഷിയുടെ ലേബലില്‍ ജയിച്ചു കയറിയവര്‍ സഭാതലം കാണാതെ ഇരിക്കേണ്ടിവരും. അഴിമതിയുടെ പേരില്‍ കോടികളുടെ അമ്മാനമാടല്‍ കണ്ട് സഹികെട്ടവര്‍ അതിനെതിരെ രംഗത്തു വന്ന് വിജയിച്ചപ്പോള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതം സമ്മാനിക്കുന്നതിലേക്ക് വഴുതിവീഴുന്ന അവസ്ഥ വരുന്നു. അടുത്ത വോട്ടുകുത്തലിന് അനാവശ്യമായി എത്ര കോടികള്‍ ചെലവഴിക്കേണ്ടിവരും? ആത്യന്തികമായി ചൂല് പ്രയോഗം വഴി നേട്ടം ആര്‍ക്കാണ്? ഇത് ജനാധിപത്യത്തെ പുഷ്കലമാക്കുമോ, പൂതലിപ്പിക്കുമോ? കാലം കാലികവട്ടത്തിന് മറുപടി തരുമെന്ന് തന്നെ പ്രതീക്ഷിക്കുന്നു.
നിയമം അതിന്റെ വഴിയിലൂടെ തന്നെ നടക്കുമ്പോള്‍ നിയമവിരുദ്ധന്മാര്ക്ക് അത്ര രസിച്ചുകൊള്ളണമെന്നില്ല. ഋഷിരാജസിംഹന്‍ നിയമത്തിന്റെ ചൂരലുമായി തലങ്ങും വിലങ്ങും വീക്കിത്തുടങ്ങിയപ്പോള് മുറുമുറുപ്പ് സ്വാഭാവികം. അപകടമരണങ്ങള്‍ കുറയുകയും മര്യാദാഡ്രൈവിങ്ങിലേക്ക് ഒരുവിധപ്പെട്ടവരൊക്കെ തിരിയുകയും ചെയ്തതോടെ ചില ഉദ്യോഗസ്ഥര്‍ക്ക് ദഹിക്കുന്നില്ല. ഋഷിരാജന്റെ പ്രവര്‍ത്തനങ്ങളില്‍ അത്ര വലിയ കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടി കണക്കും കാലുഷ്യവുമായി അവര്‍ രംഗത്ത്. ഹെല്‍മറ്റ് വെച്ചതുകൊണ്ടൊന്നും അപകട -മരണനിരക്ക് കുറഞ്ഞിട്ടില്ലെന്ന് കാണിച്ച് പോലീസ് തലപ്പത്തുനിന്ന് റിപ്പോര്‍ട്ട്. ആയത് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്നു. അറിയാതെ പോക്കറ്റില്‍ വീഴുന്ന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഒപ്പിട്ട കടലാസുകള്‍ നിലച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതികരണമത്രേ അത്. യു.പി. കേഡറിലുള്ള ഒരുദ്യോഗസ്ഥന് മലയാളികളോട് പ്രത്യേക സ്നേഹമൊന്നും തോന്നേണ്ട കാര്യമില്ല. പക്ഷേ, മനുഷ്യരോട് മൊത്തത്തില്‍ അദ്ദേഹത്തിന് സ്നേഹമുണ്ട്. ആയുസ്സ് പാതിവഴിയില്‍ പിടഞ്ഞു വീണുപോകരുതെന്ന നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ഇടങ്കോലിടരുത് ഏമാന്മാരേ എന്ന് കേരളത്തിലെ പരശ്ശതം അമ്മമാര്‍, പെങ്ങമ്മാര്, ഭാര്യമാര്‍, അച്ഛന്മാര് അപേക്ഷിക്കുന്നത്; പ്രാര്‍ത്ഥിക്കുന്നത്.
ഇനി ഭരണകൂടം തന്നെ അഴിമതിക്കും അതുമായി ബന്ധപ്പെട്ട കൊള്ളയടിക്കും മൗനാനുവാദം നല്കുന്ന ഒരു സംഗതിയെക്കുറിച്ച് കേട്ടുകൊള്ളുക. പുതുവര്‍ഷവും ക്രിസ്മസും പ്രമാണിച്ച് മദ്യത്തിന്റെ ഉത്സവം വരാന്‍ പോവുകയാണ്. വ്യാജനും ശുദ്ധനും അശുദ്ധനും ആയി കീസ് കണക്കിന് മദ്യം വിറ്റുപോകും. ഓരോ ബാറിനും ചാകരക്കാലമാണ് വരുന്നത്. ആ കച്ചവടത്തിന് ചെറിയതോതില്‍പ്പോലും തടസ്സം വരുന്നത് അവര്‍ക്ക് സഹിക്കാനാവില്ല. മാസത്തില്‍ രണ്ടുതവണ ബാറില്‍ നിന്നും കള്ള് ഷാപ്പില് നിന്നും മദ്യസാമ്പിള്‍ എടുക്കണമെന്നാണ് ചട്ടം. ഇത് അവര്‍ക്ക് തലവേദനയായതിനാല്‍ ഒഴിവാക്കാന്‍ ഭഗീരഥ പ്രയത്നം നടത്തുകയാണ്. ഇടതു സര്‍ക്കാറിന്റെ കാലത്ത് ബാറുടമകള്‍ നല്കിയ പരാതി പരിഗണിച്ച് പുനശ്ചിന്തനത്തിന് സര്‍ക്കാര്‍ തയ്യാറായെങ്കിലും എക്സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ കടുത്ത നിലപാടുമൂലം നടന്നില്ല. എന്നാല്‍ ഇപ്പോള്‍ ബാറുടമകള്‍ക്ക് രക്ഷ കിട്ടി. ഇനി മുതല്‍ ബാറില്‍ നിന്ന് ശേഖരിക്കുന്ന സാംപിളിന് അന്നത്തെ വിലനിലവാരമനുസരിച്ചുള്ള പണം ബന്ധപ്പെട്ട ഉദ്യോഗസ്ഥന് കൊടുക്കണം. മാസത്തില്‍ മൂന്നു തവണ ഇങ്ങനെ ശേഖരിക്കണം. അതാതിടത്തില്‍ നിന്ന് ഇതിന്റെ ബില്ല് ശേഖരിച്ച് നല്കിയാല് പണം പിന്നീട് അനുവദിക്കുമെന്നാണ് ഉത്തരവ്. ഇതിനായി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടത്രെ. സംസ്ഥാനത്ത് 742 ബാറുകളാണുള്ളത്. ഇവിടെ നിന്നുള്ള സാംപിളിന് മാസം എട്ടുലക്ഷത്തോളം രൂപ നല്‍കേണ്ടിവരും. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന ഫണ്ട് കൂടിയാല്‍ രണ്ടേമുക്കാല്‍ മാസത്തേക്കു തികയും. അതു തന്നെ കിട്ടണമെങ്കില്‍ കടമ്പകള്‍ ഏറെ. അങ്ങനെയിരിക്കെ സ്വന്തം പോക്കറ്റില്‍ നിന്ന് പണം മുടക്കി മദ്യസാംപിളുകള്‍ എടുക്കണമെങ്കില്‍ ഋഷിരാജ്സിംഗിനെ പോലുള്ളവര്‍ വേണ്ടിവരും. അതുണ്ടാവില്ല എന്ന് സര്‍ക്കാറിന് ഉറപ്പ്. ഫലമോ നാട്ടുകാര്‍ ക്രിസ്മസും പുതുവത്സരവും തകര്ത്താഘോഷിക്കും. പിന്നെ ചത്തുമലച്ചു കിടക്കും. ആര്‍ക്കു നഷ്ടം. അബ്കാരികള്‍ കൂടുതല്‍ കൊഴുത്തു തിമിര്‍ക്കട്ടെ. ഉള്ളതില്‍ കാല് നമുക്കും കിട്ടുമല്ലോ. കേരളവും ഒരു കെജരിവാളിനെ തേടേണ്ടകാലം എന്നേ അതിക്രമിച്ചു.
അസാധ്യമെന്ന് ഒറ്റവാക്കില്‍ പറഞ്ഞുപോകാവുന്ന രണ്ട് മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് മലയാള മനോരമയും (ഞായറാഴ്ച- ഡിസം-08) മാതൃഭൂമിയും (വാരാന്തപ്പതിപ്പ്- ഡിസം-08) പറയുന്നത്. ഒന്ന് മാനുഷികതലത്തിന്റെ പരകോടി; മറ്റത് ആധ്യാത്മികതയുടെ പരിപൂതനില. പോളിയോ വന്ന് കാലുകള്‍ തളര്‍ന്ന പെണ്‍കുട്ടി ഡോ. ആര്. സിന്ധുവില്‍ എത്തിനില്ക്കുന്നതിനെക്കുറിച്ചാണ് ഞാറാഴ്ചയില് ജോര്‍ജ് വര്‍ഗീസ് എഴുതുന്നത്. പോളിയോ തോറ്റ മെഡിസിന് എന്ന കുറിപ്പ് ആത്മവിശ്വാസത്തിന്റെ അസാമാന്യമായ ഊര്‍ജമാണ് പ്രദാനം ചെയ്യുന്നത്. ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും വേദനകളും ഒരു ഭാഗത്തേക്ക് മാറ്റിവെച്ച് ജീവിതത്തിന്റെ ദിശ താന്‍ നിശ്ചയിക്കുമെന്ന് ഉറപ്പിച്ച ഒരു പെണ്‍കുട്ടിയുടെ സ്വപ്നതുല്യമായ വിജയത്തിന്റെ കഥയാണത്. സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജിയില്‍ സൂപ്പര്‍ സ്പെഷ്യല്‍റ്റിയായ എംസിഎച്ച് കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ നിന്നു നേടുന്ന ആദ്യവനിത. ഇന്ത്യയിലെ പ്രശസ്തമായ ഓള് ഇന്ത്യാ മെഡിക്കല്‍ ഇന്സ്റ്റിറ്റിയൂട്ടിനെപ്പോലും പിന്തള്ളിയാണ് സിന്ധുവിന്റെ പ്രബന്ധം ദേശീയപുരസ്കാരം നേടിയത് എന്നറിയുക. ഇനി നിങ്ങള്‍ കരുതും ഇവര്‍ ഏതോ എക്സിക്യൂട്ടീവ് ശൈലിയിലുള്ള സ്കൂളുകളിലും കോളജിലുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് (സിന്ധുവിന്റെ വിദ്യാഭ്യാസം തുടരുകയാണ്) എന്ന്. ഇതാ കേട്ടുകൊള്ളുക: പോളിയോ ബാധിച്ച്, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രം പഠിച്ച്, ഒരു പെണ്‍കുട്ടി ഇത്രവലിയ ഉയരങ്ങളിലെത്തുമ്പോള്‍, ആ സ്ഥാപനങ്ങളുടെ പേരുകള്‍ ഒന്നുകൂടി വായിക്കുക: കുന്നുകുഴി ഗവ. യു.പി.എസ്, പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍, ഗവ. വിമന്‍സ് കോളജ്, തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ്.
സിന്ധുവിന്റെ പ്രവര്‍ത്തനം നമുക്ക് ഗോചരമെങ്കില് റിച്ചാര്‍ഡ്സ്ലാവിന്‍ എന്ന സായിപ്പിന്റെ രീതി നമ്മെ അനുഭവിപ്പിക്കുന്നതാണ്. വെളുത്തവന് സുഖിക്കുമ്പോള്‍ കറുത്തവന് അടിമയാവുന്നത് എന്തുകൊണ്ട് എന്നു തുടങ്ങി നൂറായിരം ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ഒടുവില്‍ അദ്ദേഹം സ്വാമി രാധാനാഥ് ആയിത്തീരുന്നു; ഗൗഡിയ വൈഷ്ണവരുടെ ആചാര്യന്. ഇതം ഭസ്മാന്തം ശരീരം എന്ന ആത്യന്തിക സത്യത്തിന്റെ പൊരുളറിയാന്‍ കഠിന പ്രയത്നം നടത്തിയ സ്വാമിജിയെക്കുറിച്ചാണ് മാതൃഭൂമി വാരാന്തപ്പതിപ്പ് പറയുന്നത്. അതിമനോഹരമായ കാവ്യം പോലെ അത് നമ്മുടെ മനസ്സിലേക്ക് കയറിവരുന്നു.
സാന്ത്വനത്തിന്റെ ശാദ്വലതലങ്ങള്‍ കാണിച്ചു തരുന്നു, അനുഭവിപ്പിക്കുന്നു. ശ്രീകാന്ത് കോട്ടക്കലിന്റെ മാസ്മരികമായ ഭാഷാ പ്രയോഗത്താല്‍ തീര്‍ത്ഥ സമാനമാണ് ഇന്ത്യയെ കണ്ടെത്തല്‍ ഒരു അമേരിക്കന്‍ സംന്യാസിയുടെ യാത്രാപഥങ്ങള്‍. കവിത തുളുമ്പുന്ന അവസാന വരികള്‍ നോക്കുക: ഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പഴയ റിച്ചാര്‍ഡ്, പുതിയ രാധാനാഥ്, എത്തിയത് ഭിക്ഷാപാത്രവുമായി, കാഷായമുടുത്തായിരുന്നു. മുപ്പത്തി അയ്യായിരം അടി മുകളില്‍ പറക്കുമ്പോളും കഴിച്ചത് പാവപ്പെട്ട വ്രജഭാസികള്‍ ഉണ്ടാക്കിയ റൊട്ടി. ബെല്‍ജിയം വഴി ഹോളണ്ടിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും…. അവിടെ, ഒരു വീട് കാത്തുനിന്നു. അടുക്കളയില്‍ സസ്യ ഭക്ഷണങ്ങളുടെ പാചകപുസ്തകവുമായി അമ്മ, സംന്യാസിയായ മകനുവേണ്ടി വിഭവങ്ങളുണ്ടാക്കി വിളമ്പി, നെറുകയില്‍ ചുംബിച്ചു…. റിച്ചാര്‍ഡ്സ്ലാവിന്‍ മരിച്ചു. രാധാനാഥ് സ്വാമി തന്റെ യാത്ര ആരംഭിച്ചു. മനസ്സിലേക്കൊന്നു നോക്കൂ. പുറത്ത് പെയ്യുന്ന മഞ്ഞ് മനസ്സിലും കുളിരു നിറയ്ക്കുന്നില്ലേ?
ഇനി ഈ വാരത്തില്‍ നിങ്ങള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ചിലത്: പത്രങ്ങളെ പേടിക്കാത്ത രാഷ്ട്രീയക്കാരന് – അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുമായി ശരത്ലാല് നടത്തുന്ന സംഭാഷണം. (കലാകൗമുദി, ഡിസം-15) മലയാളത്തിന്റെ ഭാവിയെക്കുറിച്ച് കെ. ജയകുമാര്‍, അന്‍വര്‍ അബ്ദുള്ള, പത്മന രാമചന്ദ്രന് നായര്‍ എന്നിവരുടെ കുറിപ്പുകള്‍. (മാധ്യമം ആഴ്ചപ്പതിപ്പ്, ഡിസം-09), ആധാര്ചാരപദ്ധതി; നമ്മള് അപകടത്തിലാണ്! പി.പി. സത്യന് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഡിസം-15-21) ചൂരല്‍ പൊയ്കയ്ക്കു നേരേയും കഴുകക്കണ്ണുകള്‍ (കേരളശബ്ദം, ഡിസം-22).
മാതൃഭൂമി ഡിസം.09 ന് പ്രസിദ്ധീകരിച്ചത്
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: