ദക്ഷിണാഫ്രിക്കയിലെ പീഡിതരായിരുന്ന കറുത്ത വര്‍ഗക്കാരെ വെള്ളക്കാരുടെ ക്രൂരമായ വര്‍ണവിവേചനത്തില്‍ നിന്നും മോചിപ്പിച്ച പടനായകനായിരുന്ന നെല്‍സണ്‍ മണ്ടേല സഫലമായി പുരുഷായുസ്സുപൂര്ത്തിയാക്കി. പുരുഷാര്‍ത്ഥങ്ങള്‍ നേടി പരമപദം പ്രാപിച്ച ആ മഹാന് ലോകരാഷ്ട്രങ്ങള്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു. മാനവ സമൂഹത്തിലെ അടിമത്തമനുഭവിച്ചവരുടെ മുഴുവന്‍ വിമോചകനെന്ന ബഹുമതിയാണ് മണ്ടേലക്ക് ലോകം ചാര്‍ത്തിക്കൊടുത്തത്.
1918 ല്‍ ട്രാന്‍സ്കൈയിലെ എംവെസോയില് ജനിച്ച ഹോലിഹ് ഷാഹഷ മണ്ടേലയെ പ്രാഥമികവിദ്യാലയത്തില്‍ ചേര്‍ത്തപ്പോള്‍ അധ്യാപകന് നെല്‍സണ്‍ എന്നു പേരിനു മുമ്പില്‍ ചേര്‍ത്തുകൊടുത്തു. താന്‍ ജനിച്ച സമൂഹത്തില്‍ രാജപദവിയുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റെത്. വളരെ സംസ്കാര സമ്പന്നമായ പാരമ്പര്യം ഉള്ള ഖോസ വംശമാണവരുടേത്. രാജാവിനെ ഭരണകാര്യങ്ങളില്‍ ഉപദേശം നല്കുന്ന ഗോത്ര പ്രഭുക്കളുടെ നേതാവെന്ന നിലയ്ക്ക് രാജാവിനോളം തന്നെ ബഹുമാനം പിതാവിന് കിട്ടിയിരുന്നു. സാധാരണ ജനങ്ങള്‍ ബഹുമാന പുരസ്സരം വിളിച്ചുവന്ന മാഡിബ എന്ന പേര് മണ്ടേലയ്ക്കും സ്ഥിരമായി. പ്രഭു കുടുംബാംഗമായതിനാല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ക്ക് പ്രയാസമില്ലായിരുന്നു. ആഫ്രിക്കന്‍ ജനങ്ങളുടെ സംഘടനയായ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ ഏര്‍പ്പെട്ടുവന്നു. ബ്രിട്ടീഷുകാരുടെ വര്‍ണ വിവേചനത്തിനെതിരായി പത്താം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന സമരവും പിന്നീട് ഭാരതത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രക്ഷോഭവുമാണ്, ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് മാതൃകയാക്കിയത്. നിയമബിരുദം നേടിയ നെല്‍സണ്‍ മണ്ടേല എഎസ്സി യൂത്ത് ലീഗ് സംഘടിപ്പിച്ച് ചെറുത്തുനില്‍പ്പാരംഭിച്ചു. വെള്ളക്കാരുടെ അപ്പാര്‍ത്തീഡ് നയം കര്‍ക്കശമായി തുടര്‍ന്നപ്പോള്‍ അവയ്ക്കെതിരെ നിയമനിഷേധപ്രസ്ഥാനം ശക്തമായി. ഭാരതത്തില്‍ വെള്ളക്കാര്‍ക്കെതിരെ സംഘര്‍ഷം 1947 ലെ സ്വാതന്ത്ര്യലബ്ധിയോടെ വിജയത്തിലെത്തി. അതാകട്ടെ കോളണി വാഴ്ച ശൃംഖലയുടെ തകര്‍ച്ചക്ക് തുടക്കമായിത്തീര്‍ന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നൂറ്റാണ്ടുകളായി പാശ്ചാത്യ ശക്തികള്‍ നടത്തിവന്ന ചൂഷണത്തിന്റെയും കവര്‍ച്ചയുടേയും കൊള്ളയുടേയും ഭീകരവാഴ്ചകളുടേയും നാളുകള്‍ക്ക് അറുതി വന്നു. അടിമത്തത്തില്‍ കഴിഞ്ഞ ജനതകള്‍ സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കാന്‍ തുടങ്ങി.
എന്നിട്ടും ദക്ഷിണാഫ്രിക്കയിലെ വര്ണവെറിയന്മാരുടെ പേക്കൂത്തുകള്‍ അവസാനിച്ചില്ല. 1960 ല്‍ ഷാപ്വില് കൂട്ടക്കൊലയെത്തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നിയമവിരുദ്ധമാക്കപ്പെട്ടു. തുടര്‍ന്ന് സായുധസേന രൂപീകരിക്കാനും സൈനിക പരിശീലനം നേടാനുമുള്ള രഹസ്യനീക്കങ്ങള്‍ നടത്തി. 1962 ല്‍ രാജ്യദ്രോഹക്കുറ്റത്തിന് തടവിലാക്കപ്പെട്ടു. 28 വര്‍ഷത്തിനുശേഷം 1990 ല്‍ വിമോചിതനായി. ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ വര്‍ണവിവേചന സര്‍ക്കാരിനെ ലോകരാജ്യങ്ങള്‍ ഒറ്റപ്പെടുത്തി. ഒരു രാജ്യം പോലും അവരുമായി നയതന്ത്രബന്ധം പുലര്‍ത്താന്‍ തയ്യാറായില്ല. സ്പോര്‍ട്സ്, ക്രിക്കറ്റ്, ഫുട്ബോള്‍ തുടങ്ങിയ രംഗങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് ലോകമെങ്ങും വിലക്ക് ഏര്‍പ്പെടുത്തപ്പെട്ടു. ഗത്യന്തരമില്ലാതെ വര്ണവെറിയന്മാരുടെ ഭരണകൂടത്തിന് പിന്മാറേണ്ടിവന്നു. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് മേലുണ്ടായിരുന്ന നിരോധം നീക്കപ്പെട്ടു; നെല്‍സണ്‍ മണ്ടേല മോചിതനായി. അദ്ദേഹം ജനായത്ത ദക്ഷിണാഫ്രിക്കയുടെ പ്രഥമ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചുവര്‍ഷത്തിനുശേഷം സ്ഥാനമൊഴിഞ്ഞ് മുതിര്‍ന്ന പൗരനായി ലോകത്തിന്റെ മുഴുവന്‍ ബഹുമാനാദരങ്ങള്‍ അനുഭവിച്ചുകൊണ്ട് ജീവിച്ചു.
സ്വാതന്ത്ര്യത്തിലേക്കുള്ള നീണ്ട നടത്തം (ലോങ്ങ് വാക്ക് ടു ഫ്രീഡം) എന്ന മണ്ടേലയുടെ ആത്മകഥ ഇതിഹാസമാനങ്ങള്‍ അവകാശപ്പെടാവുന്ന കൃതിയാണ്. ഗാന്ധിജിയുടെ “സത്യാന്വേഷണ പരീക്ഷണങ്ങളെ”പ്പോലെ ഏതു മനുഷ്യസ്നേഹിയും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണത്. ഭാരതം അദ്ദേഹത്തിന് പരമോന്നത ബഹുമതിയായ ഭാരതരത്ന നല്കി ആദരിച്ചു. അതിര്‍ത്തിഗാന്ധി എന്നറിയപ്പെട്ടിരുന്ന ഖാന് അബ്ദുല്‍ ഗാഫര്‍ ഖാനാണ് ആ ബഹുമതി നല്കപ്പെട്ട ഭാരതീയനല്ലാത്ത മറ്റൊരാള്‍.
അബ്ദുള്‍ ഗാഫര്ഖാന് സ്വാതന്ത്ര്യസമരത്തിന്റെ നേതാവായിരുന്നു. ഭാരത വിഭജനത്തെ എതിര്‍ക്കുകയും പാക്കിസ്ഥാനില്‍ തന്റെ പ്രവിശ്യ ചേര്‍ക്കപ്പെടുന്നതിന് വിസമ്മതിക്കുകയും ചെയ്ത ആളായിരുന്നല്ലൊ.
നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തെത്തുടര്‍ന്ന് അദ്ദേഹത്തെ വാഴ്ത്തുകയും പ്രശസ്തി കീര്‍ത്തിക്കുകയും ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ മത്സരിക്കുകയായിരുന്നു. പത്രങ്ങളും ദൃശ്യമാധ്യമങ്ങളും അക്കാര്യത്തില്‍ തങ്ങളുടെ മുഴുവന്‍ കഴിവുകളും പ്രയോഗിച്ചു. അത് സ്വാഭാവികവും ഉചിതവും തന്നെയായിരുന്നു. എട്ടാം തീയതി മണ്ടേലയ്ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ മിക്ക രാഷ്ട്രത്തലവന്മാരുമെത്തി. തങ്ങളുടെ പ്രസംഗമെഴുത്തുകാരുടെ വാഗ്വൈഭവം മുഴുവന്‍ അവിടെ പ്രയോഗിക്കപ്പെട്ടു. 15-ാം തീയതി (ഇന്ന്) നെല്‍സണ്‍ മണ്ടേലയുടെ അന്തിമ സംസ്കാര കര്‍മങ്ങള്‍ നടത്തപ്പെടുന്നു.
ഭാരതത്തിലെ രാഷ്ട്രീയ നേതാക്കന്മാരും സാഹിത്യകാരന്മാരും എന്തെങ്കിലും വിധത്തില്‍ പ്രാധാന്യമുള്ള എല്ലാവരും നെല്‍സണ്‍ മണ്ടേലയെപ്പറ്റി എന്തെങ്കിലും പറഞ്ഞു കാണും. എന്നാല്‍ അദ്ദേഹത്തെപ്പോലെയോ അതിലും കൂടുതലായോ സ്വാതന്ത്ര്യപ്പോര്ക്കളത്തില് അടരാടുകയും നരകതുല്യമായ യാതനകളനുഭവിച്ചു കാരാഗൃഹത്തില്‍ കഴിയുകയും ചെയ്ത ഭാരതത്തിലെ വീരന്മാരേ അവര്‍ എങ്ങനെയാണ് ആദരിച്ചത് എന്ന് ചിന്തിക്കാന്‍ ഈയവസരം വിനിയോഗിക്കട്ടെ. പാബ്ലോനെരൂദ, അലന്‍ഡേ, ഫിഡല്‍കാസ്ട്രോ, ചെഗുവേര മുതലായവരുടെ ചിത്രങ്ങള്‍ അച്ചടിച്ച ടിഷര്‍ട്ടുകള്‍ ധരിച്ചും സദാ അവരുടേതെന്ന് പറഞ്ഞ് വാചകങ്ങള്‍ ഉദ്ധരിച്ചും ആവേശം അഭിനയിക്കുന്ന മതേതര പുരോഗമന നാട്യക്കാരുടെ അവഹേളനത്തിനും പരിഹാസത്തിനും പാത്രമായ ഒരു മഹാവിപ്ലവസേനാനി നമുക്കുണ്ടായിരുന്നു. 20-ാം നൂറ്റാണ്ടു പിറക്കുന്നതിനു മുമ്പുതന്നെ ഭാരതത്തിലെ ബ്രിട്ടീഷ് വാഴ്ചക്കെതിരെ ആചാര വിപ്ലവത്തിനും വിചാര വിപ്ലവത്തിനും തിരികൊളുത്തി, സാമ്രാജ്യത്തിന്റെ തലസ്ഥാനത്തുചെന്ന് സിംഹത്തിന്റെ കുഞ്ചിരോമത്തില്‍ തന്നെ പിടിമുറുക്കിയ വിനായക ദാമോദര സാവര്ക്കറെത്തന്നെയാണിവിടെ ഉദ്ദേശിച്ചത്. 1907 ല്‍ അഭിഭാഷക പരീക്ഷാപഠനത്തിനെന്ന പേരില്‍ ലണ്ടനിലെത്തിയ സാവര്‍ക്കര്‍ റഷ്യന്‍ നിഹിലിസ്റ്റുകളുമായി മാത്രമല്ല അന്നവിടെ ഒളിവില്‍ കഴിഞ്ഞിരുന്ന സാക്ഷാല്‍ വ്ലാദിമിര്‍ ലെനിനുമായി തന്നെ വിപ്ലവസിദ്ധാന്തങ്ങള്‍ ചര്‍ച്ച ചെയ്തു. 1857 ലെ ശിപായി ലഹള എന്നധിക്ഷേപിക്കപ്പെട്ട കലാപം സംബന്ധിച്ച് ഇന്ത്യാ ഓഷിസ് ലൈബ്രറിയിലെ രേഖകള്‍ പരിശോധിച്ച് അത് സ്വാതന്ത്ര്യസമരമാണെന്ന് സ്ഥാപിക്കുന്ന ‘ഒന്നാം സ്വാതന്ത്ര്യസമര’മെന്ന പ്രഖ്യാത ഗ്രന്ഥം വിചാരങ്ങളെയും കര്‍മങ്ങളെയും തീപ്പിടിപ്പിക്കാന്‍ പോന്ന ആ പുസ്തകം, പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് തനനെ നിരോധിക്കപ്പെട്ടതെന്ന ചരിത്രം സൃഷ്ടിച്ചു. രഹസ്യമായി അച്ചടിക്കപ്പെട്ട് സ്വാതന്ത്ര്യസമരഭടന്മാരുടെയും വിപ്ലവകാരികളുടേയും സമാധാനകാംക്ഷികളുടെയും ഭഗവദ്ഗീതയായി, അതിന് നിരവധി പതിപ്പുകളിറങ്ങി. രാജകുമാരന്മാര് പഠിച്ചുവന്ന ഹാരോവിലും കേംബ്രിഡ്ജിലും ചേര്‍ന്ന് സായിപ്പിനേക്കള് സായിപ്പായി, ഭാരതത്തിന്റെ പാരമ്പര്യ സത്തയുടെ ലാഞ്ഛനപോലും ഏല്ക്കാതെ കഴിഞ്ഞ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ലണ്ടന്‍ പഠനകാലത്തുതന്നായായിരുന്നു വീരസാവര്‍ക്കര്‍ ഇക്കാര്യങ്ങള്‍ അവിടെ നേടിയത്. നാസിക്കിലെ കളക്ടര്‍ ജാക്സന് വധിക്കപ്പെട്ട ആയുധങ്ങള്‍ ഇംഗ്ലണ്ടില്‍നിന്ന് സാവര്‍ക്കര്‍ അയച്ചതാണെന്ന് ആരോപിച്ച് 1909 ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് 50 വര്‍ഷത്തെ നാടുകടത്തലിന് ശിക്ഷിച്ച് 1911 ല്‍ അന്തമാന്‍ ജയിലില്‍ പ്രവേശിപ്പിച്ചു. സവര്‍ക്കറുടെ കഴുത്തില്‍ തൂങ്ങുന്ന ശിക്ഷ അവസാനിക്കുന്ന തീയതി രേഖപ്പെടുത്തിയ ടോക്കണ്‍ കണ്ട് ‘കര്‍ത്താവേ അന്പതുകൊല്ലമോ’ എന്ഞ്ഞയിലര് അത്ഭുതം കൂറിയപ്പോള്‍ അക്ഷോഭ്യനായി “അതുവരെ ഇന്ത്യയില്‍ ബ്രിട്ടീഷ് വാഴ്ച നിലനില്‍ക്കുമോ?” എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. എന്റെ നാടുകടത്തലിന്റെ ചരിത്രം എന്ന ആത്മകഥയിലൂടെ ആന്തമാന്‍ ജയിലില്‍ അനുഭവിച്ച യാതനകളും പൊരുതിയ സമരങ്ങളും നമുക്ക് ലഭിക്കുന്നു. 14 വര്‍ഷത്തിനുശേഷം ഭാരതത്തില്‍ രത്നഗിരിയില്‍ വീട്ടുതടങ്കലിലായി എങ്കിലും 1937 ലാണ് മോചിതനായത്. നെല്‍സണ്‍ മണ്ടേലയെക്കാള്‍ ഒരുവര്‍ഷം കൂടുതല്‍ സാവര്‍ക്കര്‍ക്ക് തടങ്കലില്‍ കഴിയേണ്ടിവന്നു.
സ്വാതന്ത്ര്യസമര നായകന് മാത്രമായിരുന്നില്ല അദ്ദേഹം. സാഹിത്യകാരനെന്ന നിലയ്ക്ക് മാത്രമല്ല, ഭാഷാ ശാസ്ത്രജ്ഞനെന്ന നിലയ്ക്കും മറാഠി സാഹിത്യത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തി. ലിപി പരിഷ്കരണത്തിലും മുന്‍കൈയെടുത്തു. സാവര്‍ക്കര്‍ സാമൂഹ്യ വിപ്ലവകാരിയായിരുന്നു. വീട്ടുതടങ്കല്‍ കാലത്ത് അയിത്തക്കാരനായ തോട്ടിയെ പൂജാവിധികള്‍ അഭ്യസിപ്പിച്ച് രത്നഗിരിയില്‍ പതിത പാവനക്ഷേത്രം സ്ഥാപിച്ചു പ്രതിഷ്ഠ നടത്തിച്ചു. ഗാന്ധിജി തന്നെ അവിടം സന്ദര്‍ശിച്ചിട്ടുണ്ട്. ഹിന്ദുസമാജത്തിന്റെ ഉജ്വലമായ ഭാഗധേയം ഉറപ്പാക്കുക എന്നതായിരുനനു അദ്ദേഹത്തിന്റെ പുസ്തകം ഇന്നത്തെ പെണ്ണെഴുത്തുകാര്ക്കുപോലും അസൂയയുണ്ടാക്കുന്നതാണ്.
വീരസാവര്‍ക്കറുടെ ചരിത്ര വീക്ഷണം അതിനൂതനമായിരുന്നു. ഭാരതചരിത്രത്തിലെ ആറുസുവര്ണ ഘട്ടങ്ങള്‍ എന്ന ചരിത്രവിശകലനം വീക്ഷണത്തിന്റെ നൂതനത്വവും പഠനത്തിന്റെ ആഴവും പരപ്പും പ്രകടമാക്കുന്നു. സാവര്‍ക്കര്‍ ശരിക്കും ഇച്ഛാമരണനായിരുന്നു. 1961 ല്‍ അദ്ദേഹം തടവില്‍നിന്നും മോചിതനാകേണ്ട ദിവസം ആരാധകര്‍ സാവര്‍ക്കര്‍ മൃത്യുഞ്ജയദിനം ആഘോഷിച്ചു. 1966 ല്‍ തന്റെ ജീവിതമവസാനിപ്പിക്കാന്‍ നിശ്ചയിച്ച് പ്രായോപവേശം ചെയ്ത് സിദ്ധി കൂട്ടുകയായിരുന്നു.
വീരസാവര്‍ക്കറോട് നമ്മുടെ രാഷ്ട്രീയ നേതൃത്വം കാട്ടിയ കൃതഘ്നതയ്ക്ക് സമാനതയില്ല. ബ്രിട്ടീഷ് സര്‍ക്കാര്‍ ശിക്ഷിച്ച സമയത്ത് കണ്ടുകെട്ടിയ കുടുംബസ്വത്തും പിന്‍വലിച്ച ബിരുദങ്ങളും സ്വാതന്ത്ര്യലബ്ധിക്കുശേഷം തിരിച്ചുകൊടുത്തില്ല. ഹിന്ദുത്വത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടതിന് ഗാന്ധിവധക്കേസില്‍ കുടുക്കി. കോടതി കേസില്‍നിന്നും ഒഴിവാക്കിയത് വേറെ കാര്യം. 1961 ലെ മൃത്യുഞ്ജയ ദിനത്തില്‍ ഉയര്‍ന്ന ജനശബ്ദത്തെത്തുടര്ന്ന് മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഡിഗ്രി തിരിച്ചു നല്‍കിയത്. പാര്‍ലമെന്റ് വളപ്പില്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാന്‍ ബിജെപി ഭരണം വരേണ്ടിവന്നു. സാവര്‍ക്കര്‍ 14 വര്‍ഷം കഴിച്ചുകൂട്ടിയ അന്തമാന്‍ ജയിലില്‍ വാജ്പേയി സര്‍ക്കാര്‍ സ്ഥാപിച്ചിരുന്ന സ്മാരകം മന്മോഹന് സര്‍ക്കാരിലെ മന്ത്രി കപില്‍സിബലും മണിശങ്കരയ്യരും കൂടി നീക്കം ചെയ്തു. സാവര്‍ക്കറെ മരണാനന്തരവും അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതില്‍ ആനന്ദം കൊള്ളുന്ന കപടമതേതരക്കാര്‍ നെല്‍സണ്‍ മണ്ടേലയെ വാഴ്ത്തിപ്പാടുന്നതിന്റെ പിന്നിലെ കാപട്യം ചൂണ്ടിക്കാട്ടുകയാണിവിടെ.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: