കൊച്ചി: സ്വകാര്യ ബസുകളിലെ ചില്ലറക്ഷാമം പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന ‘സിറ്റി ഓണ്‍ വീല്‍സ് ‘ സ്മാര്‍ട്ട് കാര്‍ഡ് പദ്ധതിയുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആരാട്യന്‍ മുഹമ്മദ് വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഇന്ന് നിര്‍വഹിക്കും. എറണാകുളം ജില്ലയില്‍ പൂര്‍ണമായും ഈ പദ്ധതി നടപ്പാക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ബസ് ഓപ്പറേറ്റര്‍ സംഘടനകളായ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫോറം, കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് എന്നിവരുമായി സഹകരിച്ച് ടെക്നോവിയ ഇന്‍ഫോ സൊലൂഷന്‍സ് എന്ന കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റേയും മൊട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്മെന്റിന്റേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ടെക്നോവിയ ഇന്‍ഫോ സൊലൂഷന്‍സ് സിഇഒ നിഷാന്ത് പി.ആര് അറിയിച്ചു. ചില്ലറക്ഷാമം പരിഹരിക്കുന്നതിനായി പുറത്തിറക്കുന്ന ഈ സ്മാര്‍ട്ട് കാര്‍ഡ് യാത്രക്കാര്‍ക്ക് ബസ് സ്റ്റോപ്പ് കേന്ദ്രീകരിച്ചുള്ള സ്റ്റാളുകള്‍, പഞ്ചിങ് സ്റ്റേഷനുകള്‍, പ്രധാനപപ്പെട്ട ബസ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളില്‍ നിന്നും വാങ്ങാന്‍ സാധിക്കും. 50 ന്റെ ഗുണിതങ്ങളായി കാര്‍ഡ് ലഭ്യമാകും. തുടക്കത്തില്‍ പ്രൊസസിങ് ഫീസായി 30 രൂപ ഈടാക്കുമെങ്കിലും പിന്നീടുള്ള റീച്ചാര്‍ജുകള്‍ക്ക് ഫീസ് ഈടാക്കില്ല. വാര്‍ത്താസമ്മേളനത്തില്‍ നിഷാന്ത്, മനോഹരന്, നജീബ്, സുരേഷ് ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: