മരട്: തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ ടോള്‍ ബൂത്തില്‍ വാഹനങ്ങളില്‍നിന്നും അമിതനിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി. ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് ബാക്കിത്തുക മടക്കി നല്‍കാത്തത് പതിവായതോടെ പ്രതിഷേധവുമായി രംഗത്ത് വരുന്നവരും ടോള്‍ ബൂത്തിലെ കരാറുകാര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
മരട് ഗാന്ധിസ്ക്വയറിന് സമീപത്തുനിന്നും തൃപ്പൂണിത്തുറ-വൈക്കം റോഡിലേക്ക് പ്രവേശിക്കുന്ന എളുപ്പമാര്‍ഗമാണ് മിനി ബൈപ്പാസ്. പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച പാലത്തിനും റോഡിനും സ്വകാര്യ കരാറുകാരാണ് ടോള്‍ പിരിക്കുന്നത്. കാറുകള്‍ക്കും ഇടത്തരം വാഹനങ്ങള്‍ക്കും ഇരുവശത്തേക്കും യാത്ര ചെയ്യാന്‍ മൂന്ന് രൂപയാണ് നിരക്ക്. വലിയ വാഹനങ്ങള്‍ക്ക് 7രൂപ 50 പൈസയും. എന്നാല്‍ ഈ സ്ഥാനത്ത് ഓരോ വാഹനങ്ങളില്‍നിന്നും 10 രൂപവരെ കരാറുകാര്‍ ഈടാക്കുന്നുവെന്നാണ് പരാതി. ഇത് ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അമിതനിരക്ക് ചോദ്യംചെയ്ത ഉദയംപേരൂര്‍ മട്ടമ്മല്‍ സജി മോഹനനെ കഴിഞ്ഞദിവസം ടോള്‍ ജീവനക്കാര്‍ സംഘംചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതിയുണ്ട്. വടികൊണ്ടുള്ള അടിയേറ്റ് ഇയാളുടെ കാല്‍മുട്ടിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാള്‍ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ ചികിത്സ തേടി.
ടാക്സി വാഹനങ്ങളില്‍നിന്നും എറണാകുളത്തിന് പുറത്തുനിന്നുള്ള രജിസ്ട്രേഷന് നമ്പറുള്ള വാഹനങ്ങളില്‍നിന്നുമാണ് പതിവായി അമിതതുക ഈടാക്കുന്നത്. ബാക്കി ചോദിക്കുന്നവരെ ജീവനക്കാര്‍ ഭീഷണിപ്പെടുത്തും. അധികം വാങ്ങിയ തുക മടക്കിനല്കാനും ഇവര്‍ തയ്യാറാകാറില്ല. പോലീസില്‍ ചിലരും ഇവര്‍ക്ക് ഒത്താശ ചെയ്യുന്നതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: