വസ്തുവിവരങ്ങള്‍ മാത്രമാണ് വിദ്യാഭ്യാസമെങ്കില്‍, ഗ്രന്ഥശാലകള്‍ ലോകത്തിലുള്ള പ്രാജ്ഞരില്‍ പ്രമുഖരും വിജ്ഞാനകോശങ്ങള്‍ ഋഷിമാരുമായേനെ. അതിനാല്‍ ആദര്‍ശം മതപരവും മതേതരവുമായി രാജ്യത്തുള്ള വിദ്യാഭ്യാസമാകെ നമ്മുടെ തന്നെ കയ്യില്‍ വന്നുചേരണമെന്നതത്രേ. അത് നമ്മുടെ ജനതയ്ക്ക് അനുരൂപമായ വഴികളിലും ഉപായങ്ങളിലും കൂടി ആകുന്നിടത്തോളം കൊടുക്കേണ്ടതുമാണ്.
സ്വാഭാവികമായി, വളരെ വലിയൊരു പദ്ധതിയാണിത്, വളരെ വമ്പിച്ചൊരു പരിപാടിയാണ്. എന്നെങ്കിലും ഇത് പ്രായോഗികമാകുമോ എന്നെനിക്കറിയില്ല. പക്ഷേ, ആ ജോലി നാം തുടങ്ങണം. എങ്ങനെ ? ഉദാഹരണമായി മദ്രാസ് എടുക്കുക. നമുക്കൊരു ക്ഷേത്രം വേണം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഒന്നാമത് വേണ്ടത് മതമാണ്. നിങ്ങള്‍ പറഞ്ഞേക്കും മതവിഭാഗക്കാരെല്ലാം അപ്പോള്‍ അതേപ്പറ്റി കലഹിക്കുമെന്ന്. പക്ഷേ, അതിനെ വിഭാഗീയമല്ലാത്ത ഒരു ക്ഷേത്രമാക്കാം. ഏത് വിഭാഗത്തിന്റെയും ഏറ്റവും വലിയ പ്രതീകമായ ‘ഓം’ ഒന്നുമതി അതില്‍. ‘ഓം’ പ്രതീകമായിക്കൂടാ എന്നു കരുതുന്ന ഒരു വിഭാഗമിവിടെയുണ്ടെങ്കില്, അതിന് ഹിന്ദു എന്ന് സ്വയം വിളിക്കപ്പെടാന്‍ അര്‍ഹതയില്ല. ഓരോരുത്തന്റെയും വിഭാഗീയാശയങ്ങള്ക്കൊത്ത് ഹിന്ദുമതത്തെ വ്യാഖ്യാനിക്കാന്‍ എല്ലാവര്ക്കും അവകാശമുണ്ടാകും. പക്ഷേ നമുക്ക് പൊതുവേ ഒരു ക്ഷേത്രം വേണം. മറ്റിടങ്ങളില്‍ ഓരോരുത്തനും വെവ്വേറെ മൂര്‍ത്തികളും പ്രതീകങ്ങളുമുണ്ടാകുമെന്നതില് വിരോധമില്ല; എന്നാല്‍ ഇവിടെ നിങ്ങളോട് വിയോജിക്കുന്നവരുമായി കലഹിക്കരുത്.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: