കോട്ടയം: കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും വിവിധ സംസ്ഥാന തല യൂണിയനുകളുടെയും സംയുക്തവേദിയുടെ ആഭിമുഖ്യത്തില്‍ 12ന് തൊഴിലാളികളുടെ പാര്‍ലമെന്റ് മാര്‍ച്ച് നടക്കും. റെയില്‍വേ, ബാങ്കിംഗ് തുടങ്ങി അസംഘടിത മേഖല ഉള്‍പ്പെടെയുള്ള രാജ്യത്തെ മുഴുവന്‍ തൊഴില്‍ മേഖലയില്‍ നിന്നുള്ള തൊഴിലാളികള്‍ മാര്‍ച്ചില്‍ അണിനിരക്കും. വിലക്കയറ്റം തടയുക, തൊഴിലും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, മിനിമം വേതനം പതിനായിരം രൂപയാക്കി ഉയര്‍ത്തുക, എല്ലാവര്ക്കും പെന്ഷന് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് പ്രക്ഷോഭം. അന്നേദിവസം രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും തൊഴിലാളികളുടെ റാലികളും സമ്മേളനങ്ങളും നടക്കും.
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ ആഗോളവല്‍ക്കരണ നയങ്ങള്‍ മൂലം വന്‍കിട കുത്തകകളുടെ ലാഭം പതിന്മടങ്ങ് വര്‍ദ്ധിക്കുകയും തൊഴിലാളികളും സാധാരണ ജനങ്ങളും ദുരിതക്കയത്തില്‍ മുങ്ങിത്താഴുകയുമാണ്. നിത്യോപയോഗ സാധനങ്ങള്‍ക്ക് അഭൂതപൂര്‍വ്വമായ വിലക്കയറ്റം സൃഷ്ടിക്കുന്നത് കുത്തകകള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക നയങ്ങളാണ്. തൊഴില്‍ മേഖല തകര്‍ന്നടിയുകയാണ്. വന്‍ പ്രക്ഷോഭങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടും ഭരണാധികാരികള്‍ക്ക് യാതൊരു കുലുക്കവുമില്ല. മാത്രമല്ല വര്‍ദ്ധിത വീര്യത്തോടെ ഈ നയങ്ങള്‍ തുടരുകയുമാണ്. അതിനാലാണ് ട്രേഡ് യൂണിയനുകളുടെ സംയുക്തവേദി 12ന് പാര്‍ലമെന്റ് മാര്‍ച്ചും ജില്ലാ റാലികളും പ്രഖ്യാപിച്ചിട്ടുള്ളത്.
പാര്‍ലമെന്റ് മാര്‍ച്ചും ജില്ലാ കേന്ദ്രങ്ങളിലെ തൊഴിലാളി റാലിയും വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും തയ്യാറാകണമെന്ന് വിവിധ തൊഴിലാളിയൂണിയന്‍ നേതാക്കളായ ഉണ്ണികൃഷ്ണന് ഉണ്ണിത്താന് (ബിഎംഎസ്), വി.എന്‍.വാസവന് (സിഐടിയു), ഫിലിപ്പ് ജോസഫ് (ഐഎന്‍ടിയുസി), ഒപിഎ സലാം (എഐടിയുസി), ടി.ആര്.രഘുനാഥന് (സിഐടിയു), വി.കെ.ഉണ്ണികൃഷ്ണന് (എച്ച്എംഎസ്), വി.പി.കൊച്ചുമോന് (എഐയുടിയുസി), അസീസ് കുമാരനല്ലൂര്‍ (എസ്ടിയു), മുണ്ടക്കയം സോമന് ( യുടിയുസി), ടോമി മൂലയില്‍ (കെടിയുസി എം), പി.കെ.ആനന്ദക്കുട്ടന് (എന്‍എല്‍സി), കെ.ടി.രാജു (ടിയുസിഐ), സജി ചമ്പേട്ട് (കെടിയുസി പിസി), പി.കെ.ശശികുമാര്‍ (ടിയുസിസി), ശരണ്യ (എസ്ഇഡബ്ല്യൂഎ) എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: