കൊച്ചി: മൂല്യ വര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് വ്യാപാര, വാണിജ്യ സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വാണിജ്യ നികുതി വകുപ്പില്‍ ഓംബുഡ്്സ്മാനെ നിയമിക്കണമെന്ന് കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി. കൊച്ചിയില്‍ ധനമന്ത്രി കെ.എം. മാണിയുമായി നടത്തിയ പ്രീ ബജറ്റ് ചര്‍ച്ചയിലാണ് ചേംബര്‍ ഈ ആവശ്യം ഉന്നയിച്ചത്. ആവശ്യം പരിഗണിക്കുമെന്ന് ധനമന്ത്രി ഉറപ്പു നല്‍കിയതായി കേരള ചേംബര്‍ ചെയര്മാന് കെ.എന്‍. മര്‍സൂഖ് പറഞ്ഞു. മൂല്യവര്‍ധിത നികുതി നടപ്പാക്കുന്നതില്‍ സുതാര്യവും വ്യാപാര സൗഹൃദപരവുമായ നിലപാട് സ്വീകരിക്കണമെന്നും ചേംബര്‍ ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
നിലവാരമില്ലാത്ത ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നതും അടിക്കടി നടക്കുന്ന പ്രദര്‍ശന വില്‍പ്പന മേളകളും കേരളത്തിലെ വ്യാപാരമേഖലയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും ചേംബര്‍ ചൂണ്ടിക്കാട്ടി. നഗരമേഖലകളില്‍ ഇടവേളയില്ലാതെ പ്രദര്‍ശനങ്ങള്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ അനുമതി നല്‍കുന്നത് മൂലം നിയമപ്രകാരമുള്ള അനുമതികള്‍ നേടി രജിസ്ട്രേഷനോടു കൂടി പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല. ചൈനീസ് ഉല്‍പ്പങ്ങളുടെ കടന്നുകയറ്റവും തത്വദീക്ഷയും മാനദണ്ഡങ്ങളും പാലിക്കാതെയുള്ള പ്രദര്‍ശനങ്ങളും മൂലം വ്യാപാരമേഖലയ്ക്കുണ്ടായിരിക്കുന്ന നഷ്്ടം കോടികളാണ്. കള്ളക്കടത്തിലൂടെയും വില കുറച്ചു കാണിച്ചും കേരളത്തിലെത്തിക്കുന്ന ചൈനീസ് ഉല്‍പ്പങ്ങള്‍ സമാന ഉല്‍പ്പന്നങ്ങളേക്കാള്‍ 25 മുതല്‍ 50 ശതമാനം വരെ വിലക്കുറവിലാണ് വിറ്റഴിക്കുന്നത്. ഇത് തടയുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടികളുടെ നഷ്്ടമാണ് സംസ്ഥാന ഖജനാവിനുണ്ടാകുക. ചൈനീസ് ഉല്‍പ്പന്നങ്ങളുടെ കടന്നുകയറ്റം ഉല്‍പ്പാദനമേഖലയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മൂല്യ വര്‍ധിത നികുതിയുമായി ബന്ധപ്പെട്ട് അസസ്മെന്റിനുള്ള വാറ്റ് ലിമിറ്റേഷന്‍ തീയതി ഓരോ വര്‍ഷവും നീട്ടുന്നത് 2005-06ല്‍ നടപ്പാക്കിയ നിയമത്തിന്റെ അന്തസത്തയ്ക്ക് എതിരാണ്. വില്പന നികുതി നിയമത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള ആംനസ്റ്റി പദ്ധതിയുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കുന്നത് മാര്‍ച്ച് 31 വരെ നീട്ടി നല്‍കണം. മൂല്യവര്‍ധിത നികുതി നിയമത്തിലും ആംനസ്റ്റി പദ്ധതി ആവിഷ്കരിക്കണം. 2005-06 വര്‍ഷം മുതലുള്ള അസസ്മെന്റുകള്‍ ഒറ്റയടിക്ക് പൂര്‍ത്തിയാക്കേണ്ടത് പ്രായോഗികതലത്തില്‍ വൈഷമ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ചേംബര്‍ ചൂണ്ടിക്കാട്ടി. നികുതികള്‍ക്ക് ഏകീകൃത രൂപമില്ലാത്തതും അടിക്കടി വരുത്തുന്ന വര്‍ധനയും നിരവധി പ്രശ്നങ്ങള്‍ സൃഷ്്ടിക്കുന്നുണ്ട്. ചില ഉല്‍പ്പന്നങ്ങള്‍ക്ക് അയല്‍ സംസ്ഥാനങ്ങളേക്കാള്‍ ഉയര്‍ന്ന നികുതിയാണ് കേരളത്തില്‍ ചുമത്തുന്നത്. വ്യാപാര, വാണിജ്യരംഗത്ത് അനാരോഗ്യകരമായ മത്സരത്തിനും വ്യാപാരം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനും ഇത് ഇടയാക്കുമെന്ന് ചേംബര്‍ മുന്നറിയിപ്പ് നല്കി.
നികുതി കേസുകളില്‍ അപ്പീല്‍, റിവിഷന്‍ എന്നിവ നല്‍കുതിന് അധിക കോര്‍ട്ട് ഫീസ് ഈടാക്കുന്നത് കേരളത്തിലെ മാത്രം സമ്പ്രദായമാണ്. എക്സ് പാര്‍ട്ടി കേസുകളില്‍ പോലും 0.5 ശതമാനം അധിക ഫീസ് ചുമത്തുന്നത് ന്യായീകരിക്കാനാകില്ല. അപ്പീലില്‍ അനുകൂല വിധി നേടുന്നവരുടെ കോര്‍ട്ട് ഫീസ് നികുതിയില്‍ വകയിരുത്തുകയോ അല്ലെങ്കില്‍ ആദ്യത്തെ അപ്പീലില്‍ ഇതിനുള്ള സംവിധാനമൊരുക്കുകയോ വേണം. വില്‍പ്പന നികുതി ഓഫീസുകളിലെ കംപ്യൂട്ടര്‍ സെല്ലുകളില്‍ ജീവനക്കാരുടെ കുറവ് പരിഹരിച്ച് റിട്ടേണ്‍ സമര്‍പ്പണത്തിലെ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണണമ്മ് ചേംബര്‍ നിര്‍ദേശിച്ചു.
ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തിയിരിക്കന്ന 14.5 ശതമാനം നികുതി കുറയ്ക്കുക, മ്യാന്മാറില് നിന്നും തടി ഇറക്കുമതി ചെയ്യുന്ന വ്യാപാരികളുടെ വിറ്റുവരവ് നിശ്ചയിക്കുന്ന നിലവിലെ രീതി ഉപേക്ഷിക്കുക, സിഗരറ്റുകള്‍ക്കുള്ള നികുതി ആദ്യപോയിന്റില് മാത്രമായി പരിമിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ചേംബര്‍ ഉന്നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: